ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിയായി തുടരാം: പക്ഷെ ഗവർണ്ണർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു: സുപ്രീംകോടതി
മഹാരാഷ്ട്രയിലെ അധികാര തർക്കത്തില്‍ മുഖ്യമന്ത്രി ഷിന്‍ഡെ വിഭാഗത്തിന് ആശ്വാസം. സർക്കാറിന് അധികാരത്തില്‍ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതില്‍ ഗവർണ്ണർക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി പല നടപടികളിലും രൂക്ഷമായി വിമർശനം ഉന്നയിച്ചു. എക്നാഥ് സർക്കാറിനെ മാറ്റി ഉദ്ധവ് താക്കറെ സർക്കാറിനെ അധികാരത്തില്‍ കൊണ്ടുവരണമെന്ന ആവശ്യമായിരുന്നു ശിവസേന ഉന്നയിച്ചിരുന്നത്. എന്നാല്‍ ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചതിനാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഗവർണർ പെരുമാറിയത് ഭരണഘടന വിരുദ്ധമായിട്ടാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു. ശിവസനേയില്‍ വലിയ തർക്കം രൂപപ്പെട്ടപ്പോള്‍ ഒരു വിഭാഗം എം എല്‍ എമാർ സർക്കാറിനെതിരായ കത്ത് ഗവർണ്ണർക്ക് നല്‍കുകയാണ് ഉണ്ടായത്. എന്നാല്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ല വിഭാഗം ഏതെങ്കിലും തരത്തില്‍ സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിരുന്നില്ല. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും ആരും ഉന്നയിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷമായ ബി ജെ പിയും അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നില്ല. അവിശ്വാസ നോട്ടീസോ, സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായിട്ടുള്ള കുറിപ്പോ ഇല്ലാത്ത സാഹചര്യത്തിലും ഗവർണ്ണർ എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പിനുള്ള തീരുമാനം എടുത്തതെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടന നല്‍കാത്ത ഒരു അവകാശമാണ് ഗവർണ്ണർ പ്രയോഗിച്ചത്, അദ്ദേഹം പ്രവർത്തിച്ചത് ഭരണഘടന വിരുദ്ധമായിട്ടാണെന്നും കോടതി പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ ഉദ്ധവ് താക്കറെ രാജിവെക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. ആ ഒരു സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ സർക്കാറിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഷിന്‍ഡെ വിഭാഗം ചീഫ് വിപ്പിനെ നിയമിച്ചതും ചട്ട വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചിഹ്നം ഉള്‍പ്പടേയുള്ള കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതില്‍ നിയമസഭയിലെ അംഗബലം മാത്രം അടിസ്ഥാനമാക്കരുതെന്നും കോടതി പറഞ്ഞു. ഈ തീരുമാനം ഉദ്ധവ് താക്കറെ വിഭാഗത്തിന് ആശ്വാസം പകരും.
ഷിന്‍ഡെ ഭാഗത്ത് നിന്നുള്ള ചില എം എല്‍ എമാരെ അയോഗ്യരാക്കണമെന്നുള്ള ആവശ്യവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം സ്പീക്കർക്ക് വിട്ടു. സ്പീക്കർ എടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഇരുവിഭാഗത്തിനും കോടതിയില്‍ പോകാവുന്നതാണ്. ഫലത്തില്‍ മഹാരാഷ്ട്രയിലെ നിയമപോരാട്ടം വീണ്ടും തുടരും.












Click it and Unblock the Notifications