മഹിളാ പ്രവർത്തകരെ ദേഹത്ത് പിടിച്ച് തള്ളി,ജില്ലാ അധ്യക്ഷയെ തെറി വിളിച്ചു; ജോജുവിനെതിരെ കോൺഗ്രസ്
കൊച്ചി;നടൻ ജോജു ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്. നടമ്‍ വനിതാ നേതാക്കളോട് മോശമായി പെരുമാറിയെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും കോൺഗ്രസ് ആരോപിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷയെ നടൻ തെറി പറഞ്ഞു. ദേഹത്ത് പിടിച്ച് തള്ളി. ഇതിനെതിരെ രേഖാമൂലം പോലീസിന് പരാതി നൽകും. പോലീസിന് വനിതാ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. ജോജുവിനെതിരെ കള്ളുകുടിച്ചതിനും റോഡിൽ കിടന്ന് അസഭ്യ വർഷം ചൊരിഞ്ഞതിനും മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ചതിനും കേസെടുക്കണമെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ ഷിയാസ് പ്രതികരിച്ചു.

കോൺഗ്രസ് പ്രവർത്തകർ ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്തുവെന്ന ആരോപണവും ഷിയാസ് നിഷേധിച്ചു. ഒരാൾ മദ്യപിച്ചെത്തി നടുറോഡിൽ ഷോ ഇറക്കിയാൽ ജനങ്ങൾ എല്ലാവരും സമാധാനത്തോടെ ഇതൊക്കെ കണ്ട് നിൽക്കുമെന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കുമോ? ഇവിടെ കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല, നിരവധി പേർ വന്നിട്ടുണ്ട്. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകും. കോൺഗ്രസ് പ്രവർത്തകരാരും ഒന്നും ചെയ്തിട്ടില്ല. അതിനൊന്നും ഞങ്ങൾ ഉത്തരവാദിയല്ല, കള്ളുകുടിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജനം പ്രതിഷേധിച്ചതാകാം,ഷിയാസ് പറഞ്ഞു.
ഡീസലിനും പെട്രോളിനും വിലയേറുമ്പോൾ സര്‌ക്കാരിനെതിരെ പ്രതിഷേധിക്കുകയല്ലേ വേണ്ടത്? ജോജുവിനെ പോലെ ഇങ്ങനെ ഷോ ഇറക്കുകയാണോ വേണ്ടത്.മുൻകൂട്ടി അനുമതി വാങ്ങി 10 മിനിറ്റ് റോഡ് തടസപ്പെടുത്തിയതിനാണോ ജോജു ഇ അഭ്യാസം കാണിക്കുന്നത്.അതൊന്നും കോൺഗ്രസിന് മുൻപിൽ വിലപ്പോവില്ല. അങ്ങനെ കോൺഗ്രസിനെ വിരട്ടാമെന്നും ആരും കരുതേണ്ടതെന്നും ഷിയാസ് പറഞ്ഞു.
അതേസമയം കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ജോജുവിനെതിരെ രംഗത്തെത്തി. ജോജു ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പോലീസ് നടപടിയെടുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
സമരക്കാർക്ക് നേരെ ചീറിപ്പാഞ്ഞതിനാണ് അയാളുടെ വാഹനം തകർത്തത്. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണതെന്നും സുധാകരൻ ന്യായീകരിച്ചു. അതേസമയം കോൺഗ്രസ് ആരോപണങ്ങളെ നിഷേധിച്ച് ജോജു രംഗത്തെത്തി. താൻ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു ജോജുവിന്റെ പ്രതികരണം.
Recommended Video
ഞാൻ മുൻപ് മദ്യപിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോൾ മദ്യപിച്ചിട്ടില്ല. അവർ എന്റെ വാഹനം തല്ലിപ്പൊളിച്ചു. മാതാപിതാക്കളെ തെറി പറഞ്ഞു. സിനിമാനടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്.ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.












Click it and Unblock the Notifications