തന്റെ സിനിമകളുടെ വികാരം ഹിന്ദുത്വം എന്ന് മേജര്‍ രവി
ദില്ലി: തന്റെ സിനിമകളുടെ വികാരം ഹിന്ദുത്വമാണെന്ന് സംവിധായകന്‍ മേജര്‍ രവി. താന്‍ സംവിധാനം ചെയ്ത അഞ്ച് സിനിമകളും ഇത്തരത്തിലുള്ളതാണെന്നും മേജര്‍ രവി പറഞ്ഞു.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന ലോക ഹിന്ദു കോണ്‍ഗ്രസിലാണ് മേജര്‍ രവി തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. പരിപാടിയില്‍ സംവിധായകന്‍ പ്രിയദര്‍ശനും നടി സുകന്യയും പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയേയും സോണിയ ഗാന്ധിയേയും കടന്നാക്രമിച്ച മേജര്‍ രവി നരേന്ദ്ര മോദിയെ പ്രശംസകള്‍കൊണ്ട് മൂടാനും മറന്നില്ല. മോദി പ്രധാനമന്ത്രിയായതോടെ ആരേയും ഭയക്കാതെ തനിക്ക് സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന് കൂടി മേജര്‍ രവി പറഞ്ഞു.
ഹിന്ദുത്വ ആദര്‍ശങ്ങളെ നെഞ്ചേറ്റിയാണ് താന്‍ സിനിമ ചെയ്യുന്നത്. സൈന്യത്തില്‍ നിന്നാണ് തനിക്ക് ദേശ സ്‌നേഹം ലഭിച്ചത്. പാകിസ്താന് വേണ്ടി ജയ് വിളിക്കുന്ന ഇന്ത്യന്‍ മുസ്ലീങ്ങളെ ദേശ സ്‌നേഹികളാക്കാന്‍ വേണ്ടിയാണ് കീര്‍ത്തിചക്ര എന്ന സിനിമ എടുത്തതെന്നും മേജര്‍ രവി പറഞ്ഞു.
സോണിയ ഗാന്ധി ഇന്ത്യയില്‍ വന്നതോടെയാണ് നമ്മുടെ രാജ്യത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് രവിയുടെ കണ്ടെത്തല്‍. സോണിയ ഇറ്റലിയില്‍ നിന്ന് പോന്നതോടെ ആ രാജ്യം സാമ്പത്തിക വളര്‍ച്ച നേടിയെന്നും പറയുന്നു.
രാജീവ് ഗാന്ധി വധക്കേസ് സംബന്ധിച്ചും മേജര്‍ രവി പറയുന്നുണ്ട്. സ്‌ഫോടനത്തിന് മുമ്പ് രാജീവ് ഗാന്ധി വേദിയിലേക്ക് നടക്കുമ്പോള്‍ മാറി നിന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്ത് വരുമെന്നും മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications