അർജുന്റെ കാര്യത്തില്‍ സംഭവിച്ചത് കഴിവുകേട്; ആദ്യ ദിനങ്ങളില്‍ കുറച്ച് പൊലീസുകാരും വാഹനങ്ങളും മാത്രം: മേജർ രവി
ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന്റെ തുടക്കത്തില്‍ വലിയ പാളിച്ചകളുണ്ടായെന്ന് മേജർ രവി. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രക്ഷാപ്രവർത്തനത്തിലെ പാളിച്ചകളെക്കുറിച്ച് മേജർ രവി അക്കമിട്ട് നിരത്തുന്നത്. ഈ അഭിമുഖം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് എനിക്ക് വന്ന മെസേജ് ജനറല്‍ ഇന്ദ്രബാലന്റേതാണ്. മോശം കാലാവസ്ഥ കാരണം ഇന്നത്തെ ഓപ്പറേഷന്‍ അവസാനിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ മെസേജ് എന്നും മേജർ രവി പറയുന്നു.
ഈ ഓപ്പറേഷനില്‍ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നത് കാലാവസ്ഥയാണ്. ഒരു ട്രെയിസും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇനി അവർ നോക്കുന്നത് നൈറ്റ് മോഡില്‍ പരിശോധന നടത്തിയാല്‍ എന്തെങ്കിലും കിട്ടുമോയെന്നാണ്. പത്ത് ദിവസം മുന്‍പ് തന്നെ ഇത്തരമൊരു കോ-ഓർഡിനേഷന്‍ സർക്കാർ നടത്തിയിരുന്നെങ്കില്‍ സാഹചര്യം ഇത്രയും മോശമാകുന്നതിന് മുമ്പ് തന്നെ നമുക്ക് എന്തെങ്കിലുമൊക്കെ തിരിച്ച് കിട്ടുമായിരുന്നു. എന്നാല്‍ അതിന് നമുക്ക് സാധിച്ചില്ല.

എവിടെയാണെങ്കിലും സർക്കാറുകള്‍ കാര്യക്ഷമായി പ്രവർത്തിക്കണം. ചില സർക്കാറുകള്‍ക്ക് ഈഗോ പ്രോബ്ളം വരും. അതായത് ഞങ്ങളെക്കൊണ്ട് പറ്റും, ഞങ്ങള്‍ നോക്കും എന്ന്. ആദ്യം കുറച്ച് സാധാരണ പൊലീസുകാരെ പറഞ്ഞ് വിടും. പിന്നെ ഡിവൈഎസ്പിയും എസ്പിയും കളക്ടറും പോകും. ഇവരെക്കൊണ്ട് മണ്ണുമാന്താന്‍ പറ്റുമോ? അവിടെ വേണ്ടത് ഡിസാസ്റ്റർ് മനേജ്മെന്റാണ്.
ഡിസാസ്റ്റർ് മനേജ്മെന്റ് ഏത് സംസ്ഥാനത്തും കാര്യക്ഷമായിരിക്കണം. നാളെ ഒരുത്തന്റെ ജീവന്‍ പോകാതിരിക്കാന്‍ വേണ്ടിയുള്ള ചിലവായിട്ടാണ് അതിനെ കാണേണ്ടത്. ഇതുപോലുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ആദ്യം മുഖ്യമന്ത്രി വിളിക്കേണ്ടത് അവരെയാണ്. അവരെക്കൊണ്ട് പറ്റുന്നതാണെങ്കില്‍ അവർ ചെയ്യുക, അല്ലെങ്കില്‍ ആവശ്യമായ കേന്ദ്ര സേനയെ വിളിക്കുക.
മതിയായ യോഗ്യതയുള്ള വ്യക്തികള്‍ ഇതിന് വേണം. ഇന്ദ്രബാലന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. അവിടെയുള്ള ചിലർക്കൊക്കെ മീഡിയയില്‍ അവരുടെ മുഖം വരികയും വേണം, എന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയുമില്ല. അത് കാണുമ്പോഴാണ് വിരോധാഭാസമായി തോന്നുന്നത്. മീഡിയക്കാരുടെ ചോദ്യങ്ങള്‍ ഉത്തരം പറയാനുള്ള കെല്‍പ്പ് പോലുമില്ലാത്ത ആളുകളെ കണ്ടെന്നും മേജർ രവി പറയുന്നു.
ലോറി മുതലാളിയുടെ മേക്കിട്ട് കയറാന്‍ നോക്കുകയാണ്. അവിടെ മസില്‍ പവർ കാണിക്കാന്‍ നോക്കുകയാണ്. തിരിച്ച് അതേ മസില്‍ പവർ കാണിച്ചാല്‍ എന്താകും. ലോറി മുതലാളിയുടെ മാനസിക നില എന്ന് പറയുന്നത് വ്യത്യസ്തമാണ്. അവന്റെ ഒരു തൊഴിലാളിയുടെ നില എന്താണ് എന്നറിയാത്ത മാനസികാവസ്ഥയിലുടെയാണ് ആ മനുഷ്യന്‍ കടന്നുപോകുന്നത്.
അങ്ങേരൊടൊക്കെ മസില്‍ പവർ കാണിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ ടെമ്പർ തെറ്റുകയും കയ്യാങ്കളിയാകുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പറയും യൂണിഫോമിട്ടവനെ തല്ലിയെന്ന്. പല സന്ദർഭത്തിലും അത്തരം സാഹചര്യം ഉണ്ടാക്കിക്കൊടുത്തിട്ടാണ് യൂണിഫോമിട്ടവനെ തല്ലുന്നത്. വളരെ പക്വതയുള്ള ടീമാണെങ്കില്‍ ഇതൊന്നും ഉണ്ടാകില്ല.
തുടക്കത്തില്‍ രക്ഷാപ്രവർത്തനം വളരെ മോശമായിരുന്നു. മൂന്ന് നാല് ദിവസം ഏതാനും പൊലീസുകാരും കുറച്ച് വാഹനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഡ്രോണ്‍ പറപ്പിച്ചുകൊണ്ടുള്ള ഒരു പരിശോധനയും കണ്ടില്ല. അർജുന്‍ ലോറിക്ക് പുറത്തേക്ക് ഒഴുകി പോയി എന്ന് കരുതുക. ഡ്രോണ്‍ അല്ലെങ്കില്‍ ഹെലികോപ്റ്റർ വഴിയുള്ള പരിശോധന ഉണ്ടായിരുന്നെങ്കില്‍ എവിടെയെങ്കിലും വെച്ച് അവനെ കണ്ടെത്താമായിരുന്നുവെന്നും മേജർ രവി വ്യക്തമാക്കുന്നു.
ഇപ്പോഴാണ് അവിടെ പ്രൊഫഷണലായിട്ടുള്ള തിരച്ചില്‍ അവിടെ നടക്കുന്നത്. നിലവിലെ സംവിധാനങ്ങളൊക്കെ പത്ത് ദിവസം വരെ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണ്. ഇത്രയും മഴയൊക്കെ വരുന്നത് വരെ കാത്തിരുന്നില്ലേ. അത് നിങ്ങളുടെ കഴിവുകേടാണെന്നും മേജർ രവി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications