ചില എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നെന്ന് മേജർ രവി, 'പാർട്ടി പറഞ്ഞാൽ മത്സരിക്കും'
സംസ്ഥാനത്തെ ചില എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുണ്ടെന്ന് സംവിധായകനും ബിജെപി നേതാവുമായ മേജർ രവി. മൂന്ന് എംഎൽഎമാർ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലേക്ക് വരുമെന്ന് മേജർ രവി നേരത്തെ അവകാശപ്പെട്ടിരുന്നു. അവർ ഇപ്പോഴും വരാൻ തയ്യാറായി നിൽക്കുന്നുണ്ടെന്ന് മേജർ രവി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ തനിക്ക് സമയം ഉണ്ടെങ്കിൽ മത്സരിക്കുമെന്നും മേജർ രവി വ്യക്തമാക്കി. അവസാന നിമിഷമാണ് സീറ്റ് നൽകുന്നതെങ്കിൽ മത്സരിക്കില്ലെന്നും മേജർ രവി സീ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മേജർ രവിയുടെ വാക്കുകൾ: '' നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്റെ പേര് പലയിടത്തും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പക്ഷേ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് തന്നെ വിളിച്ച് അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തന്നെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയാണ് എങ്കില്‍, അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് സമയം കിട്ടുകയാണെങ്കില്‍ ഉറപ്പായും ഇത്തവണ മത്സരിക്കും.

ഇനി സ്ഥാനാര്‍ത്ഥിയാക്കുന്നില്ലെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. പാര്‍ട്ടി തന്നോട് എവിടെ പ്രചരണത്തിന് പോകാന്‍ പറഞ്ഞാലും ഞാന്‍ പോകും. ആ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കും. അതാണ് തന്റെ നിലപാട്. സമയമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകും.
അതല്ലാതെ അവസാന നിമിഷം വന്ന്, ഒരു പത്ത് ദിവസത്തിന് മുന്‍പൊക്കെ വന്ന് ഇവിടെ മത്സരിക്ക് എന്ന് പറഞ്ഞാല്‍ അധികപക്ഷവും താന്‍ പിന്മാറും. കാരണം അതില്‍ ഒരു കാര്യവും ഇല്ല. വെറുതെ നില്‍ക്കാം എന്ന് മാത്രമേ ഉളളൂ. പാര്‍ട്ടി എന്ത് പറയുന്നോ അത് ചെയ്യാന്‍ തയ്യാറാണ്. മണ്ഡലമൊന്നും മനസ്സില്‍ ഇല്ല. ഈസി ആയിട്ടുളള മണ്ഡലമൊന്നും വേണ്ട. പലരും പല മണ്ഡലങ്ങളും വേണമെന്ന് പറയുന്നുണ്ടല്ലോ. എവിടെ ആണെങ്കിലും താന്‍ നിന്നോളാം.
തനിക്ക് തന്റേതായ കഴിവുകള്‍ കാണിക്കാന്‍ സാധിക്കുമെങ്കില്‍ ആ മണ്ഡലത്തില്‍ മത്സരിക്കും, അത് തെളിയിക്കും. ജയിക്കുക എന്നതല്ല. ജയിക്കണം എന്ന് കരുതി ഇറങ്ങിക്കഴിഞ്ഞാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ പത്ത് ശതമാനം വോട്ട് കൂടുതല്‍ കിട്ടിയാല്‍ അത് മതി. 33000 കിട്ടിയിട്ടുണ്ടെങ്കില്‍ അതിനെ 50000 ആക്കുക എന്നതാണ് നിലപാട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായിരുന്നു. അവരുടെ പേരുകള്‍ വിളിച്ച് പറയുക എന്ന് വെച്ചാല്‍ അവര്‍ തന്നോട് കാണിച്ച ആത്മാര്‍ത്ഥയ്ക്ക് താന്‍ ചെയ്യുന്ന ചതിയായിരിക്കും. അങ്ങനെ ഉളളവരുണ്ട്. ഇപ്പോഴും നില്‍ക്കുന്നവരുണ്ട്. ഭരണകക്ഷിക്ക് വരാന്‍ പോകുന്ന പരാജയത്തിന്റെ സൂചനയാണ് അതെല്ലാം. ആള്‍ക്കാര്‍ ഇപ്പോഴും വരാന്‍ നില്‍ക്കുന്നുണ്ട്. പക്ഷേ അവര്‍ പേടിച്ചത് കൊണ്ട് ഒന്നും പറയുന്നില്ലായിരിക്കും. പക്ഷേ അതൊക്കെ മാറി വരും.
പത്ത് കൊല്ലത്തെ ഭരണം ജനം കണ്ടുകഴിഞ്ഞു. അതിന്റെയൊരു മാറ്റം വരും. ബിജെപി എങ്ങനെ അത് പ്രയോജനപ്പെടുത്തും എന്നത് മാത്രം നമ്മള്‍ നോക്കിയാല്‍ മതി. ഇപ്രാവശ്യം നല്ല മാറ്റം തിരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കും. അത് തിരുവനന്തപുരത്ത് കണ്ട് കഴിഞ്ഞു. അത് തിരുവനന്തപുരത്ത് നിന്ന് തന്നെ തുടങ്ങും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെത് പോലെ ആയിരിക്കില്ല. ബിജെപി നേട്ടമുണ്ടാക്കും''.












Click it and Unblock the Notifications