'ഒറ്റപ്പാലത്തെ എംഎൽഎ ആരോ ആവട്ടേ, എത്രയും പെട്ടെന്ന് മോദിജിയെ കാണും', വ്യക്തമാക്കി മേജർ രവി
ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സംവിധായകൻ മേജർ രവി മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ പ്രേം കുമാറിനോട് 32886 വോട്ടുകൾക്കാണ് മേജർ രവിയുടെ തോൽവി.
ഒറ്റപ്പാലത്തിന്റെ എംഎൽഎയാകാൻ സാധിച്ചില്ലെങ്കിലും മത്സരിക്കുമ്പോൾ വോട്ടർമാർക്ക് താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് മേജർ രവി വ്യക്തമാക്കുന്നു. അതിനായി ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മേജർ രവി വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മേജർ രവിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' എൻ്റെ പ്രിയപ്പെട്ട ഒറ്റപ്പാലത്തെ ജനങ്ങളെ ഈ കഴിഞ്ഞ അസംബ്ലി ഇലക്ഷന് നിങ്ങൾ എന്നോട് കാണിച്ച സ്നേഹം വോട്ട് ആക്കി ഇത്രയും വലിയ ഒരു ശതമാനത്തിലേക്ക് എന്നെ കൊണ്ടു വന്നു നിർത്തിയ എല്ലാ പ്രവർത്തകർക്കും, ബി.ജെ.പി.ക്കും, സംഘത്തിനും, എൻ.ഡി.എയുടെ എല്ലാ ഘടക കക്ഷികൾക്കും അഭിനന്ദനങ്ങളും കൂടെ എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു.

നിങ്ങൾ ആര് എനിക്ക് വോട്ട് ചെയ്തു, ഇല്ല എന്നതല്ല. വോട്ടു ചെയ്തവരോട് പ്രത്യേകം നന്ദി.അതു പോലെ ഞാൻ നിങ്ങളോട് വോട്ട് ചോദിക്കാൻ വന്നപ്പോൾ നിങ്ങൾക്ക് ഒരു വാഗ്ദാനം തന്നിരുന്നു എന്നാൽ കഴിയുന്ന വിധം ഒറ്റപ്പാലത്തുകാരോട് ചേർന്ന് നിന്ന് ആ വാഗ്ദാനം നിറവേറ്റാൻ എത്രയും പെട്ടെന്ന് മോദിജിയുമായി ഒരു മീറ്റിങ്ങ് നടത്തും. ഭാരതപ്പുഴയിൽ നിന്ന് തുടങ്ങാൻ ഞാൻ മനസ്സിൽ കണ്ട പദ്ധതി, നിയുക്ത എംഎൽഎ ആരോ ആവട്ടേ നിങ്ങൾക്ക് തന്ന ആ വാഗ്ദാനം നിറവേറ്റൻ ഞാൻ നിങ്ങളോടൊപ്പം നിൽക്കും.
ഭാരതപ്പുഴയിൽ നിന്നു തുടങ്ങാൻ വച്ച പദ്ധതി, യുവാക്കൾക്കായുള്ള എഐ ഹബ്ബ് എന്നീ കാര്യങ്ങൾ നിലവിൽ എംഎൽഎ അല്ലെങ്കിലും ഈ പദ്ധതികൾക്കൊക്കെ വേണ്ടി ഞാൻ മുന്നിട്ടിറങ്ങും. ഏതായാലും ഒരു ശമ്പളം വാങ്ങാത്ത എംഎൽഎ ആയിരിക്കും ഞാൻ എന്ന് മത്സരിക്കുന്ന സമയത്തെ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യമായതുകൊണ്ട് ഇനിഎംഎൽഎ ആയിലെങ്കിൽ കൂടി നിങ്ങൾ ഒറ്റപ്പാലത്തുകാർക്കു വേണ്ടി, നിങ്ങളുടെ അവകാശങ്ങൾ നേടി തരാൻ വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ എപ്പോഴും ഉണ്ടാവും കൂടെ ഞാൻ. എനിക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഒരു പാട് നന്ദി, അതുപോലെ തന്നെ എൻ്റെ കൂടെ നിന്ന് പ്രവർത്തിച്ച ബിജെപിയിലെയും സംഘത്തിലെയും പ്രവർത്തകരോടുള്ള സ്നേഹവും ഈ നിമിഷം അറിയിക്കുന്നു''.












Click it and Unblock the Notifications