ആ സ്ത്രീയുടെ പ്രവൃത്തി കണ്ടതല്ലേ, ദിലീപിന്റെ കാര്യത്തിൽ ഞാൻ ഹാപ്പി, ഡബിൾ സ്റ്റാന്റുള്ളവരോട് പുച്ഛം; മേജർ രവി
നടിയെ ആക്രമിച്ച കേസിലെ വിധി എട്ടാം പ്രതിയായിരുന്ന ദിലീപിന് അനുകൂലമായതിന്റെ അമർഷം ഒരു വിഭാഗം ആളുകൾക്കുണ്ട്. സിനിമ മേഖലയിൽ തന്നെ ആളുകൾ രണ്ട് ചേരിയായി തിരിഞ്ഞ് കഴിഞ്ഞു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കോടതി വിധിയോടുള്ള അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ദിലീപ് വിഷയത്തിൽ ഭാഗ്യലക്ഷ്മി സ്വീകരിക്കുന്ന ഡബിൾ സ്റ്റാന്റ് കാണുമ്പോൾ പുച്ഛം മാത്രമാണ് തോന്നിയതെന്ന് മേജർ രവി പറഞ്ഞു.
ഇത്രയും കാലം ദിലീപ് കോടതി നടപടികൾ അനുസരിച്ചുവെന്നും ഇപ്പോൾ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞുവെന്ന് അറിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും മേജർ രവി മീഡിയയോട് പ്രതികരിച്ച് പറഞ്ഞു. 'നിങ്ങൾക്കിപ്പോൾ എന്താണ് കേൾക്കേണ്ടത്..? ദിലീപ് കുറ്റക്കാരനാണെന്ന് കേട്ട് കഴിഞ്ഞാൽ സമാധാനമാകുമോ?.'

'കേസിൽ പ്രതികളായിരുന്നവരിൽ ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അതിന് ഞാൻ പറയുന്നു... യെസ്... ഗോഡ് ബ്ലസ് യു... കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ആറ് പേർക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പക്ഷെ അവർക്ക് കൊടുത്ത ശിക്ഷ കുറഞ്ഞുപോയതുപോലെ തോന്നി. ദിലീപ് കുറ്റവിമുക്തനായതിൽ ഞാൻ അഭിനന്ദനം അറിയിച്ച് കഴിഞ്ഞാൽ അതിനെ പ്രതി എന്നെ വിമർശിച്ച് കഴിഞ്ഞാൽ ഐ ആം റിയലി സോറി... ഒരു വിഭാഗത്തിന് ദിലീപ് അകത്താകണമെന്ന തോന്നലുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യും. ആ സ്ത്രീക്കുള്ളത് ഡബിൾ സ്റ്റാന്റാണ്.'
'അവർ പറയുന്ന സ്റ്റേറ്റ്മെന്റുകൾ എല്ലാം ഡബിൾ സ്റ്റാന്റുള്ളതാണ്. ഒരു സ്ഥലത്ത് അവർ പറയും ഞാൻ എന്റെ കുട്ടിയെ എടായെന്ന് പോലും വിളിക്കാറില്ലെന്ന്. ആ സ്ത്രീയുടെ പ്രവൃത്തി നമ്മൾ കണ്ടതല്ലേ. ഒരാളെ പോയി എന്തെല്ലാം തെറികളാണ് അവർ വിളിച്ചത്. ഡബിൾസ്റ്റാന്റ് പാടില്ല.'
'വിധിയുടെ കാര്യം കഴിഞ്ഞ ശേഷം എനിക്ക് ചിരിയാണ് വന്നത്. ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നാണ് ചോദിക്കുന്നത്. അതെന്താ ദിലീപിനെ ലോക്ക് ചെയ്യാൻ വേണ്ടിയാണോ നിങ്ങളെല്ലാം കൂടി ഈ കേസുണ്ടാക്കിയത്. അങ്ങനല്ലേ പറയുന്നതിപ്പോൾ. മറ്റ് ആറ് പ്രതികൾക്ക് ശിക്ഷ കിട്ടിയതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. ആ ആറ് പേർക്ക് കോടതി കൊടുത്ത ശിക്ഷ കുറഞ്ഞുപോയി എന്ന അഭിപ്രായക്കാരനാണ് ഞാൻ.'
'കുറ്റക്കാരാനാണെങ്കിൽ ഇതിൽ കൂടുതൽ ശിക്ഷ കൊടുക്കണം. കുറ്റക്കാരനല്ലെന്ന് ദിലീപ് തെളിയിച്ച് കഴിഞ്ഞാൽ പിന്നെ എന്തിനാണ് ആ മനുഷ്യന്റെ പിറകെ പോകുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത്. ദിലീപ് ഇതിനോടകം 85 ദിവസം ജയിലിൽ കിടന്നയാളാണ്. ഇതെല്ലാം കഴിഞ്ഞു. ആ ജീവിതം നിങ്ങൾക്ക് തിരിച്ച് കൊടുക്കാൻ പറ്റുമോ?. ഇനി രണ്ടാമതും അപ്പീൽ പോകാമല്ലോ.'
'എന്നിട്ട് വീണ്ടും തെളിയിക്കൂ ദിലീപ് കുറ്റക്കാരനാണെന്ന്. ആ സമയത്ത് ദിലീപ് കുറ്റക്കാരനാണെന്ന് പറയാം. ഇപ്പോൾ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഇനി ദിലീപിനെ കുറിച്ച് സംസാരിക്കരുത്. സംഭവം നടന്ന പിറ്റേദിവസം ഇരയായ പെൺകുട്ടിയെ പോയി കണ്ടയാളാണ് ഞാൻ. അവരുടെ കൂടെ നിന്ന വ്യക്തിയാണ്. ആ സമയത്ത് ദിലീപിന്റെ പേരൊന്നും വന്നിട്ടില്ല.'
'ആരാണ് ഈ പ്രവൃത്തി ചെയ്തതെന്നും അറിയില്ല. പിന്നീട് കുറ്റക്കാരെ കുറിച്ചുള്ള വിവരം പുറത്ത് വന്നപ്പോൾ അവർക്ക് എതിരായി ഞാൻ സംസാരിച്ചിട്ടുണ്ട്. ദിലീപ് ഇത്രയും കാലം കോടതി നടപടികൾ അനുസരിച്ചു. ഇപ്പോൾ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. ഞാൻ അതിൽ ഹാപ്പിയാണ്.'
'അല്ലാതെ കുറ്റക്കാരനാക്കണമെന്നൊക്കെ പറഞ്ഞാലോ... അവിടെയും ഇവിടെയും ഇരുന്ന് രാജിവെക്കും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇത്തരം നെഗറ്റീവായ ഡബിൾ സ്റ്റാന്റുള്ളവരെ കാണുമ്പോൾ പുച്ഛമാണെന്നും' മേജർ രവി പറയുന്നു.












Click it and Unblock the Notifications