ലാലിന്‍റെ പ്രതികരണം ഇങ്ങനെ.. തുറന്ന് പറഞ്ഞ് മേജര്‍ രവി! തമിഴ്നാട് പോലെയല്ല കേരളം
മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു ബിജെപി. ശബരിമല സമരം നല്‍കിയ ആത്മവിശ്വാസത്തില്‍ തിരുവനന്തപുരത്ത് പ്രമുഖ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെതിരെ മത്സരിപ്പിച്ചാല്‍ സീറ്റ് നേടാം എന്ന് ബിജെപി കണക്ക് കൂട്ടി. ഇതോടെ തിരുവനന്തപുരത്തുകാരനായ നടന്‍ മോഹന്‍ലാലിനെ തന്നെ ബിജെപി ലക്ഷ്യമിട്ടു.
എന്നാല്‍ മോഹന്‍ ലാല്‍ തന്നെ തന്‍റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച് രംഗത്തെത്തി. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി
ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായത്. നേരത്തേ തന്നെ നടന്‍ ബിജെപിയുമായി അടുത്ത് നില്‍ക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മോദിയുമായി കൂടിക്കാഴ്ച
നടന്‍റെ അമ്മയുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ ബിജെപിയോട് അടുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പരന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പരസ്പരം പുകഴ്ത്തി രംഗത്തെത്തിയതും ഇത്തരം വാര്‍ത്തകള്‍ക്ക് ചൂടേറ്റി.

സ്ഥിരീകരിച്ച് രാജഗോപാല്‍
ഒപ്പം രാജഗോപാലിന്‍റെ കൂടി സ്ഥിരീകരണം വന്നതോടെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ തന്നെ എത്തുമെന്ന് വാര്‍ത്ത പടര്‍ന്നു.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ എവിടെ വേണമെങ്കിലും മോഹന്‍ലാലിന് മത്സരിക്കാമെന്നായിരുന്നു ബിജെപിയുടെ ഓഫര്‍.

ശക്തമായ എതിര്‍പ്പ്
എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം എത്തിയേക്കില്ലെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതോടെ ബിജെപി വീണ്ടും അടവ് മാറ്റി. മോഹന്‍ലാലിനെ ജനകീയ സ്ഥാനാര്‍ത്ഥി ആക്കി മത്സരിപ്പിക്കാമെന്നായി ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ നടക്കുന്നതില്‍ ശക്തമായ എതിര്‍പ്പുമായി അദ്ദേഹത്തിന്‍റെ ആരാധകര്‍ രംഗത്തെത്തി. പിന്നാലെ ഫാന്‍സ് അസോസിയേഷനും ബിജെപിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചു.

വെളിപ്പെടുത്തി അശോക് കുമാര്‍
മോഹന്‍ലാലിന്‍റെ പിന്നാലെ നടക്കരുതെന്നും ഒരു കാരണവശാലും മത്സരിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഫാന്‍സിന്‍റെ പ്രതികരണം. അതിനിടെ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് അശോക് കുമാര്‍ വാര്‍ത്തയില്‍ വിശദീകരണവുമായി രംഗത്തെത്തി.

വീണ്ടും അഭ്യൂഹം
മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് അശോക് കുമാര്‍ പറഞ്ഞത്. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ലാലിന്റേത് മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയില്ല എന്ന് കൂടി അശോക് പറഞ്ഞു.

പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം അശോക് കുമാര്‍ നിഷേധിച്ചില്ല. മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാര്‍ത്തകളും വിവാദങ്ങളും കൊഴുത്തതോടെ നടന്‍ തന്നെ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തി.

സിനിമ മാത്രം
രാഷ്ട്രീയം തനിക്ക് താത്പര്യമില്ലെന്നും സിനിമയാണ് തന്‍റെ മേഖലയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.സിനിമയില്‍ രാഷ്ട്രീയം ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ രാഷ്ട്രീയക്കാരനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മേജര്‍ രവിയുടെ പ്രതികരണം
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തും സംവിധായകനുമായി മേജര്‍ രവി.
തമിഴ്നാട്ടിലെ സാഹചര്യവുമായി ബന്ധപ്പെടുത്തിയായിരുന്നു മേജര്‍ രവിയുടെ മറുപടി.

എംജിആര്‍ നിന്നത് പോലെ അല്ല
തമിഴ്നാട്ടില്‍ എംജിആര്‍ നിന്നത് പോലെ അല്ല കേരളത്തിലെ സാഹചര്യമെന്നും മോഹന്‍ലാലിന് അഭിനയമാണ് ചേരുകയെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് അറിയുന്ന മോഹന്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

ലാലിന്‍റെ പ്രതികരണം
താന്‍ ഈ കാര്യം ലാലുമായി സംസാരിച്ചിരുന്നു. ചിരിയായിരുന്നു പ്രതികരണം. മോഹന്‍ലാലിനെ പോലൊരു നടനെ നമ്മുക്ക് ഇനി കിട്ടില്ല,അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആളല്ല , മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications