മകരവിളക്ക് ദിവസത്തെ തിരക്ക്: കെഎസ്ആര്‍ടിസി 800 ബസുകള്‍ അധികമായി വിന്യസിക്കും
ശബരിമല: മകരവിളക്ക് ദിനമായ ജനുവരി 14ന് തിരക്ക് കൂടുന്നത് കണക്കിലെടുത്ത് കെ എസ് ആര്‍ ടി സി പമ്പ സ്റ്റേഷനില്‍ 800 ബസുകള്‍ അധികമായി വിന്യസിക്കുമെന്ന് കെ എസ് ആര്‍ ടി സി വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ കെ എസ് ആര്‍ ടി സിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് അധിക ബസുകള്‍ സംയോജിപ്പിച്ച് ശബരിമല സര്‍വ്വീസ് നടത്തുന്ന മൊത്തം ബസുകളുടെ എണ്ണം 1,265 ആയി ഉയര്‍ത്തുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.
മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പുറപ്പെടേണ്ട ഷെഡ്യൂളുകളില്‍ ടിക്കറ്റ് വിതരണം വൈകുന്നത് തടയാന്‍ ടിക്കറ്റ് കണ്ടക്ടര്‍മാരുടെ കയ്യിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പമ്പ-തൃവേണി കൗണ്ടറുകളില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിനാല്‍ കണ്ടക്ടര്‍മാരില്ലാതെയാണ് നിലവില്‍ നിലക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

മറ്റ് ഡിപ്പോകളില്‍ നിന്നെത്തുന്ന അധിക ബസുകള്‍ നിലക്കല്‍, ചാലക്കയം എന്നിവിടങ്ങളിലും ചാലക്കയം-പമ്പ റോഡിന്റെ ഒരു വശത്തും പമ്പ സ്റ്റേഷനിലും പാര്‍ക്ക് ചെയ്യുന്നതാണ്. 800 ബസുകള്‍ കൂടാതെ 200 അധിക ബസുകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. ഇതില്‍ 60 ബസുകള്‍ എരുമേലിയിലും 100 ബസുകള്‍ പത്തനംതിട്ടയിലും 40 എണ്ണം പൊന്‍കുന്നം ഡിപ്പോയിലുമായിരിക്കും സര്‍വീസ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം, മകരവിളക്ക് കണക്കിലെടുത്ത് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനുവരി 11 മുതല്‍ ദര്‍ശത്തിന് എത്തുന്നതില്‍ ഒരു വിഭാഗം മകരവിളക്കിന് ശേഷം മലയിറങ്ങാനാണ് സാധ്യത. അതുകൊണ്ട് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ സന്നിധാനത്ത് സൗകര്യങ്ങള്‍ ഒരുക്കും.
തീപിടുത്തം തടയാന്‍ തീര്‍ഥാടകര്‍ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകള്‍ ഉള്‍പ്പടെ പരിശോധിക്കും. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ നിന്നും വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ ഹോട്ടലുകളില്‍ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. തുടര്‍ പരിശോധനയില്‍ സ്ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കട അടപ്പിക്കും. തീപ്പിടുത്തം ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാചകപ്പുരകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications