മകരവിളക്ക് ദര്‍ശനം: കെഎസ്ആര്‍ടി സിക്ക് പമ്പയില്‍ ലഭിച്ചത് 31 ലക്ഷം
പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിന് ശേഷം സന്നിധാനത്തു നിന്ന് പമ്പയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്രമീകരണമൊരുക്കിയതിലൂടെ കെ എസ് ആർടിസിക്ക് ലഭിച്ചത് 31 ലക്ഷം രൂപ. മകരവിളക്ക് ദര്‍ശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെ എസ് ആര്‍ ടി തീര്‍ത്ഥാടകരുടെ മടക്കയാത്രക്കായുള്ള ബസ് സര്‍വ്വീസുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ഓടിച്ചത്.

തടസ്സങ്ങള്‍ ഒന്നുമില്ലാതെ നേരം പുലരുന്നതിനു മുന്‍പ് പരമാവധി തീര്‍ഥാടകരെ പമ്പയില്‍ നിന്നു മടക്കി അയക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. മകരവിളക്ക് ദര്‍ശനത്തിനുശേഷവും തൊട്ടടുത്ത ദിവസവുമായി 996 ദീര്‍ഘദൂര സര്‍വ്വീസുകള്‍ പമ്പയില്‍ നിന്ന് നടന്നു.മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്ന കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസുകളും അധിക വരുമാനം നേടി കൊടുത്തു.
സര്‍വ്വീസുകള്‍ ക്രമീകരിച്ചതിനൊപ്പം ഏറ്റവും തിരക്കേറിയ ശനിയാഴ്ച്ച രാത്രിയില്‍ നിരത്തില്‍ തടസ്സങ്ങളില്ലാതെ സര്‍വ്വീസ് നടത്തുന്നതിനും ഇത്തവണ കെ എസ് ആര്‍ ടി സി ശ്രദ്ധ പുലര്‍ത്തി.തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കി. യന്ത്ര തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാന്‍ ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്റെ സേവനം നിരത്തില്‍ സാധ്യമാക്കിയിരുന്നു.
കെ എസ് ആര്‍ ടി സി ശബരിമല സ്പെഷ്യല്‍ സര്‍വീസ് 20 വരെ
ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മുതല്‍ ഷെഡ്യൂള്‍ സര്‍വീസുകളും നടത്തും.
ഷെഡ്യൂള്‍ സര്‍വീസുകളുടെ സമയം, സ്ഥലം: രാവിലെ 7 മണി, 7.30 തിരുവനന്തപുരം, ഒമ്പത് മണി എരുമേലി, ഉച്ച 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകീട്ട് 6.45 പത്തനംതിട്ട.
ശബരിമല നട ജനുവരി 20ന് അടക്കും
മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 20ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.












Click it and Unblock the Notifications