'വെർച്ചല്‍' അറസ്റ്റ് തട്ടിപ്പ്: മാലാ പാർവതി രക്ഷപ്പെട്ടത് വിദഗ്ദമായി; ആ സംശയം കള്ളം പൊളിച്ചു
ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വ്യത്യസ്ത തരത്തിലുള്ള രൂപങ്ങളാണ് അടുത്ത കാലത്ത് വ്യാപകമായിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് 'വെർച്ചല്‍' അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പ്. അടുത്തിടെ യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ 'വെർച്ചല്‍' അറസ്റ്റിന് വിധേയമാക്കിയെന്ന് വിശ്വസിപ്പിച്ച സംഘം 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇപ്പോഴിതാ നടി മാലാ പാർവതിക്ക് നേരേയും സമാനമായ തട്ടിപ്പിനുള്ള ശ്രമം ഉണ്ടായിരിക്കുകയാണ്.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് പണം നഷ്ടമായെങ്കില്‍ മാലാ പാർവതിക്ക് പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് ശ്രദ്ധേയം. തായ്വാനിലേക്ക് ലഹരി മരുന്ന അടങ്ങുന്ന കൊറിയർ അയച്ചെന്ന് പറഞ്ഞ് ബന്ധപ്പെട്ട തട്ടിപ്പ് സംഘം താരത്തെ ഒരു മണിക്കൂറോളം വെർച്വല്‍ അറസ്റ്റിന് വിധേയമാക്കി. മുംബൈ പൊലീസിന്റെ പേരിലായിരുന്നു സംഘം മാലാ പാർവതിയെ സമീപിച്ചത്.

തന്റെ പേരില്‍ അയച്ച ഒരു പാഴ്സല്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് തനിക്ക് സംഘത്തിന്റെ കോള്‍ വന്നതെന്നാണ് മാലാ പാർവതി വ്യക്തമാക്കുന്നത്. പാഴ്സല്‍ തടഞ്ഞ് വെച്ച ഒരു അനുഭവം നേരത്തെ തന്നെ ഉണ്ടായിരുന്നതില്‍ തനിക്ക് വന്ന ഫോണ്‍ കോള്‍ സത്യമായിരിക്കുമെന്നായിരുന്നു കരുതിയത്. അതുകൊണ്ടാണ് സംസാരം തുടർന്നതെന്നും മാലാ പാർവതി പറഞ്ഞു.
എന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‍വാനിലേക്ക് പാഴ്സല്‍ അയച്ചിട്ടുണ്ടെന്നായിരുന്ന അവരുടെ കസ്റ്റമർ കെയറിലേക്കെന്ന പേരില്‍ കണക്ട് ചെയ്ത കോളില്‍ വന്ന ആള്‍ പറഞ്ഞത്. കൂടുതല്‍ വിശദീകരണം തേടിയപ്പോള്‍ അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അവർ പറഞ്ഞു.
എന്റെ പേരില്‍ അയച്ച പാഴ്സലില്‍ 200 ഗ്രാം എം ഡി എം എയ്ക്കൊപ്പം പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ്പ് എന്നിവയാണ് ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്. ഇതിന് പിന്നാലെ മുംബൈ പൊലീസിനെ കണക്ട് ചെയ്യുന്നു എന്ന പേരില്‍ കോള്‍ മറ്റൊരാള്‍ക്ക് കൈമാറി. ആ കോളില്‍ നിരവധി ഉദ്യോഗസ്ഥരോട് സംസാരിക്കുകയും അവരൊക്കെ ഇതൊരു വലിയ തട്ടിപ്പാണെന്നും നിരവധി ആളുകളുടെ ആധാർ കാർഡുകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് വിധേയമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഒരു വ്യക്തി താന്‍ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥാനാണെന്ന പേരില്‍ ഐഡി കാർഡ് അയച്ച് വരികയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകാശ് കുമാർ ഗുണ്ടു എന്നായിരുന്നു അതില്‍ രേഖപ്പെടുത്തിയിരുന്നത്. എല്ലാ വളരെ കൃത്യമായ രീതിയിലായിരുന്നു അവർ സംസാരിച്ചത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ സംശയമൊന്നും തോന്നിയില്ല.
ഇതിനിടയില്‍ അവർ അയച്ച് തന്ന ഐഡി കാർഡ് പരിശോധിച്ചു. അപ്പോഴാണ് അതില്‍ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. തുടർന്ന് നെറ്റില്‍ അടക്കം പരിശോധന നടത്തുകയും ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അതിന് ശേഷം എന്റെ മാനേജർ അവരെ തിരിച്ച് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇത് തട്ടിപ്പാണെന്ന് മാനേജർ അപ്പോള്‍ തന്നെ പറയുന്നുണ്ടായിരുന്നുവെന്നും മാലാ പാർവതി പറയുന്നു.
അതേസമയം ഗായിക ചിത്രയുടെ പേരും ചിത്രവും വെച്ച് തട്ടിപ്പിനുള്ള ശ്രമവും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ചിത്ര പൊലീസില്‍ പരാതി നല്‍കുകയം ചെയ്തു. വ്യാജ സോഷ്യൽമീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവെച്ചായിരുന്നു തട്ടിപ്പ്. 10000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50000 രൂപ ലഭിക്കും, നിക്ഷേപകർക്ക് സമ്മാനമായി ഐ ഫോണ്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു തട്ടിപ്പിനുള്ള ശ്രമം.












Click it and Unblock the Notifications