സിദ്ധീഖിനെതിരെ ഇനി കേസ്? ഉത്തരവാദിത്തം സർക്കാറിന്റേതെന്ന് മാലാ പാർവതി
യുവ നടിയുടെ ആരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ച സിദ്ധീഖിനെതിരേയുള്ള തുടർ നടപടികള്‍ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് നടി മാലാ പാർവതി. അദ്ദേഹത്തിനെതിരെ കേസെടുക്കുക എന്നുള്ളത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും മാലാ പാർവതി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
നിയമപരമായി മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരിയായ നടി ഇന്നലെ ടിവി മാധ്യമങ്ങളിലൂടെ പറയുന്നത് കേട്ടിരുന്നു. സർക്കാർ സ്വമേധയാ കേസ് എടുക്കുകയാണെങ്കില്‍ അവരുടെ നിലപാട് എന്തായിരിക്കും എന്ന് അറിയില്ല. ഇത്തരക്കാർ ആരായിരുന്നാലും നിയമപരമായ നടപടികള്‍ നേരിടേണ്ടവരാണ് എന്നതില്‍ സംശയമില്ല.സിദ്ധീഖ് റേപ്പ് ചെയ്തു എന്ന് തന്നെയാണ് അവർ ഇന്നലെ പറഞ്ഞത്. ഗുരുതരമായ കാര്യമാണ്. സംവിധായകന്‍ രഞ്ജിത്തിന്റെ കാര്യത്തിലും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

പരാതി കൊടുക്കാന്‍ തയ്യാറല്ലെന്ന് ആ പെണ്‍കുട്ടി പറഞ്ഞത് വിഷമം ഇല്ലാത്തത് കൊണ്ടോ ദുഃഖം ഇല്ലാത്തത് കൊണ്ടോ ഒന്നുമല്ല. അതിന്റെ പിന്നാലെ നടന്ന് വീണ്ടും ജീവിതം ഇല്ലാതാക്കാന്‍ താല്‍പര്യമില്ലെന്നതുകൊണ്ടാണ്. എത്രയോ വർഷത്തെ ട്രീറ്റ്മെന്റിന് ശേഷമാണ് മാനസിക നില സാധാരണ നിലയിലേക്ക് എത്തിയത്. ഇനിയുള്ള നടപടി എന്നുള്ളത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
കേസുമായൊക്കെ മുന്നോട്ട് പോകുമ്പോള്‍ എന്താണ് നടക്കുകയെന്ന് നമുക്ക് എല്ലാവർക്കും അറിയാം. വെർബല്‍ റേപ്പും, അധിക്ഷേപങ്ങളും, പരിഹാസങ്ങളുമൊക്കെയുണ്ടാകും. നല്ല നടിയാണെങ്കിലും മുഖ്യധാര സിനിമയില്‍ വരാന്‍ ആ പെണ്‍കുട്ടിക്ക് സാധിച്ചിട്ടില്ല. ഇനി എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ ആ കുട്ടി കാണിച്ച ഒരു അപാര ധൈര്യം കാണാതിരിക്കാന്‍ സാധിക്കില്ലെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
അതേസമയം, നടന്‍ റിയാസ് ഖാനെതിരേയും രേവതി സമ്പത്ത് ഗുരുതര ആരോപണം ഉന്നയിച്ചു. 'മിസ്റ്റർ റിയാസ് ഖാന്‍, അദ്ദേഹം എന്നെ വിളിച്ചു. എന്റെ സമ്മതമില്ലാതെ ശിവ എന്ന് പറയുന്ന ഒരു ഫോട്ടോഗ്രാഫറാണ് എന്റെ നമ്പർ കൊടുക്കുന്നത്. അയാള്‍ എന്നെ വിളിച്ച് വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിച്ചത്. പറയാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ്. അന്നും ഞാന്‍ ഷോക്ക്ഡ് ആണ്. ഫോണ്‍ വെച്ചിട്ട് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥ' രേവതി പറയുന്നു.
'കട്ട് ചെയ്തിട്ട് പോയാല്‍ പേരെയെന്ന് ഇപ്പോള്‍ നമുക്ക് എളുപ്പത്തില്‍ പറയാം. അന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ നിശ്ചലയായി പോയി. നിങ്ങള്‍ക്ക് സെക്സ് ഇഷ്ടമാണോ, സെക്സ് ചെയ്യാറുണ്ടോ? ഏത് തരത്തിലുള്ള പൊസിഷനാണ് ഇഷ്ടം, ഇത്രയും മോശമായിട്ടാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ള ഒരു കുട്ടി അയാള്‍ക്കുണ്ട്. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നിങ്ങളുടെ ഫ്രണ്ട്സില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഒപ്പിച്ച് തന്നാല്‍ മതി എന്നൊക്കെ സംസാരിച്ച വ്യക്തിയാണ്' എന്നും രേവതി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications