ആദില-നൂറയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ട്, ക്ഷമ ചോദിച്ച് ഫൈസൽ
ഗൃഹപ്രവേശനത്തിന് ക്ഷണിച്ച് വരുത്തിയ ശേഷം ലെസ്ബിയൻ കപ്പിൾസും ബിഗ് ബോസ് താരങ്ങളുമായ ആദിലയേയും നൂറയേയും അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫൈസൽ എകെ. അവരെ വേദനിപ്പിക്കണമെന്ന ഉദ്ദേശം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും ഫൈസൽ എകെ ഫേസ്ബുക്കിൽ കുറിച്ചു.
ബിഗ് ബോസിലൂടെ വൈറലായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ലെന്നും സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും കഴിയുന്നവർ പങ്കെടുത്തിൽ സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നേരത്തെ ഫൈസൽ പോസ്റ്റിട്ടിരുന്നു. ഇത് വിവാദമാവുകയും ഫൈസലിന് എതിരെ രൂക്ഷമായ വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഖേദപ്രകടനം.
ഫൈസൽ എകെ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ആദിലയും നൂറയും സംബന്ധിച്ച വിഷയത്തിൽ എന്റെ നിലപാട് വളരെ വ്യക്തമാണ്. കോടതിയും ഗവൺമെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാൻ ഹൃദയപൂർവ്വം വിശ്വസിക്കുന്നു. അതിനാൽ, അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമർശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമർശിച്ച് ഹരാസ്മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല.

ഏതൊരു മതത്തിൽ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഹൗസ്‌വാർമിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും എന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല. അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്മെന്റും ഉയർന്നുവെന്നും, അത് ഇവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടാണ് ഞാൻ വ്യക്തമായി പറയുന്നത്:
• അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കൊന്നുമുണ്ടായിരുന്നില്ല
• അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു
• അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്ൻകളും അവസാനിക്കണമെന്ന് ഞാൻ ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു
• അവർ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മർദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അവസരം ലഭിക്കണം. ഒരു മനുഷ്യനെന്ന നിലയിൽ, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യം.
ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങൾ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവം നന്ദി പറയുന്നു. തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള ക്ഷമയും ഞാൻ വിനീതമായി അപേക്ഷിക്കുന്നു.












Click it and Unblock the Notifications