ബാബു രക്തം ഛര്‍ദ്ദിച്ചു, അവശനിലയില്‍; അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നീക്കം
പാലക്കാട്: മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബു മലമുകളില്‍ അവശനിലയിലെന്ന് റിപ്പോര്‍ട്ട്. മലമുകളില്‍ നിന്ന് ഭക്ഷണം നല്‍കിയെങ്കിലും ബാബു രക്തം ഛര്‍ദ്ദിച്ചു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നീക്കം. 45 മണിക്കൂറോളം വെള്ളവും ഭക്ഷണവുമില്ലാതെ കഴിഞ്ഞ ബാബുവിന് മലമുകളിലെത്തിയ ശേഷം ഭക്ഷണം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ബാബുവിന് ഛര്‍ദ്ദി അനുഭവപ്പെട്ടത്. എന്നാല്‍ ഭക്ഷണം രണ്ട് ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ഭക്ഷണം ശരീരത്തിലേക്ക് എത്തിയപ്പോഴുള്ള ബുദ്ധിമുട്ടായിരിക്കും ഇപ്പോഴത്തെ അവശനിലയ്ക്ക് കാരണമെന്നാണ് അനുമാനം. അതേസമയം ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്ടര്‍ മലമുകളിലെത്തിയിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷിച്ച ശേഷം ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു. സുളൂരിലെ എയര്‍ബേസില്‍ നിന്നുള്ള വ്യോമസേന ഹെലികോപ്ടറാണ് മലമുകളിലെത്തിയത്. ബാബുവിനെ ഇവിടെ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് ഹെലിപാഡിലെത്തിക്കും. ഇവിടെ വൈദ്യസംഘം എത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തുടര്‍ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സജ്ജീകരണങ്ങള്‍ കഞ്ചിക്കോട്ട് കാത്ത് നിന്നിരുന്നു. ഹെലിപാഡില്‍ നിന്ന് ആംബുലന്‍സില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. റോപ് ഉപയോഗിച്ച് ബാബുവിനെ മലമുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 400 മീറ്റര്‍ ഉയരത്തിലേക്കാണ് ബാബുവിനെ സുരക്ഷാ ബെല്‍റ്റും കയറും ഹെല്‍മറ്റും ഉപയോഗിച്ച് ഉയര്‍ത്തിയത്. കരസേനയിലെ രണ്ട് സൈനികര്‍ ആണ് രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. കരസേനയിലെ ബാല എന്ന സൈനികനാണ് റോപ്പ് കെട്ട ബാബുവിന് അടുത്തേക്ക് ഇറങ്ങിയത്. മലയിടുക്കില്‍ പെട്ട ബാബുവിന്റെ കാലിന് നിസാര പരിക്കേറ്റിരുന്നു. ഒരാള്‍ക്ക് വേണ്ടി നടന്ന സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ബാബുവിനെ രക്ഷപ്പെടുത്താന്‍ പല വഴികളും തേടിയെങ്കിലും വിജയം കണ്ടിരുന്നില്ല.

തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി മലയുടെ മുകള്‍ത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാന്‍ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെ വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ മാത്രമാണ് ഒരു സൈനികന് ബാബുവിന് അടുത്തെത്തി ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മല കയറിയത്. 1000 മീറ്റര്‍ ഉയരമുളള മല കയറുന്നതിനിടെ ഒപ്പമുളള രണ്ട് സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു.

മുകളില്‍ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടെയാണ് ബാബു കാല്‍ വഴുതി വീണ് ചെങ്കുത്തായ മലയുടെ ഇടുക്കില്‍ കുടുങ്ങിയത്. അതേസമയം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. ബാബുവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്‌ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications