പെരുന്നാളിന് 3 ദിവസം അവധി, മലപ്പുറം ജില്ല പുനക്രമീകരിക്കണം, ജുമുഅയ്ക്ക് ക്ലാസെടുക്കരുത്; സമസ്ത
കോഴിക്കോട്: സംസ്ഥാനത്ത് പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി അനുവദിക്കണം എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി നല്‍കണം എന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറാകണം എന്നും സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ നമസ്‌കാരത്തെ ബാധിക്കാത്ത തരത്തില്‍ പരീക്ഷ നടത്തണം എന്നും ജുമുഅ സമയത്ത് ക്ലാസ് എടുക്കുന്നത് അനീതിയാണ് എന്നും സമസ്ത പറഞ്ഞു.
സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കണം എന്നും സമസ്ത ആവശ്യപ്പെട്ടു. മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം എന്നും സമസ്ത ഓര്‍മിപ്പിച്ചു. കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. അതേസമയം മലപ്പുറം അടക്കമുള്ള ജില്ലകള്‍ വിഭജിക്കണം എന്നും സമസ്ത ആവശ്യപ്പെട്ടു.

എന്നാല്‍ ജില്ല വിഭജിക്കണം എന്നല്ല എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പിന്നീട് വ്യക്തമാക്കി. വികസനത്തില്‍ മലപ്പുറം ജില്ലയില്‍ വലിയ അസന്തുലിതാവസ്ഥയുണ്ട് എന്നും ഭരണപരമായ പ്രതിസന്ധി രൂപപ്പെടുന്നത് ഒഴിവാക്കാനാണ് പുനക്രമീകരണം വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനര്‍നിര്‍ണയം അനിവാര്യമാണെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.
കേരളത്തിന്റെ വര്‍ധിച്ച് വരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചു തീരുമാനം നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിന് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട് എന്നും സമസ്ത ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണം എന്നും സമസ്ത പറഞ്ഞു. വികസനത്തിലും വിദ്യാഭ്യാസത്തിലും വിവേചനം ഇല്ലാതിരിക്കാന്‍ പുതിയ ജില്ലകള്‍ രൂപീകരിക്കണം എന്നും എന്നാല്‍ വിഭജനം എന്ന വാക്കിന് വ്യത്യസ്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
സമസ്ത സെക്രട്ടറിയും വഖഫ് ബോര്‍ഡ് അംഗവുമായ കെ ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കും. എന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി












Click it and Unblock the Notifications