കുമ്മനവും ഒ രാജഗോപാലും തമ്മില്‍ വാക്‌പോര്!മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഗൗരവത്തിലെടുക്കേണ്ടെന്ന് കുമ്മനം?
മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെ ബിജെപി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം തീരുമാനിക്കുമെന്ന് എംടി രമേശ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ആരെ ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന ചോദ്യം ബിജെപി കോര്‍ കമ്മിറ്റിയില്‍ കടുത്ത തര്‍ക്കം സൃഷ്ടിച്ചെന്ന് മലയാള മനോരമയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ തീരുമാനമായില്ല. മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെ ബിജെപി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം തീരുമാനിക്കുമെന്ന് എംടി രമേശ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ജില്ലാ നേതാവ് മതിയെന്ന് കുമ്മനം...
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അദ്ധ്യക്ഷതയിലാണ് ചൊവ്വാഴ്ച ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യോഗത്തില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമായത്. മലപ്പുറത്തെ മത്സരം പാര്‍ട്ടി ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും, ഏതെങ്കിലും ജില്ലാ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നും കുമ്മനം യോഗത്തില്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖനായ സ്ഥാനാര്‍ത്ഥി വേണം...
എന്നാല്‍ കുമ്മനത്തിന്റെ അഭിപ്രായത്തെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ എതിര്‍ത്തു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടി ഗൗരവത്തിലെടുക്കണമെന്നും, പ്രമുഖരില്‍ ആരെയെങ്കിലും മലപ്പുറത്ത് മത്സരിപ്പിക്കണമെന്നും ഒ രാജഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് മൃദുസമീപനം സ്വീകരിച്ചാല്‍ കനത്തവില നല്‍കേണ്ടി വരുമെന്ന് രാജഗോപാല്‍ മുന്നറിയിപ്പ് നല്‍കിയെന്നും വാര്‍ത്തകളുണ്ട്.

പികെ കൃഷ്ണദാസിനെ ചുമതലപ്പെടുത്തി...
മലപ്പുറം തിരഞ്ഞെടുപ്പിനായി ക്ലേശിക്കേണ്ടതില്ലെന്നാണ് വി മുരളീധരനും യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഇതോടെ ഒ രാജഗോപാലിനെ യോഗത്തില്‍ ആരും പിന്തുണച്ചുമില്ല. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കാന്‍ പികെ കൃഷ്ണദാസിനെയും യോഗം ചുമതലപ്പെടുത്തി.

ശ്രീപ്രകാശിന് സാദ്ധ്യത...
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു ജില്ലാ നേതാവിനെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ബിജെപിയുടെ മലപ്പുറം ജില്ലാ നേതാവായ ശ്രീപ്രകാശിനെ മലപ്പുറത്ത് മത്സരിപ്പിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications