കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ജയം; ഭൂരിപക്ഷം 171038 വോട്ട്, നന്ദിയുണ്ടെന്ന് കുഞ്ഞാപ്പ

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മുന്നേറുന്നു, യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങി, നോട്ടയും വോട്ട് പിടിക്കുന്നു

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് മലപ്പുറം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പികെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എംബി ഫൈസലുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ശ്രീപ്രകാശാണ് ജനവിധി തേടിയത്. കുഞ്ഞാലിക്കുട്ടിയാണ് ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ തന്നെ മുന്നേറിയത്. തൊട്ടുപിന്നില്‍ എംബി ഫൈസലുമുണ്ട്. മൂന്ന് പ്രബല സ്ഥാനാര്‍ഥികള്‍ക്ക് ശേഷം നോട്ടയാണ് വോട്ട് പിടിക്കുന്നത്.

കുഞ്ഞാലിക്കുട്ടി മുന്നേറുന്നു

ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മുന്നേറുന്ന കാഴ്ചയാണ് ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ കാണാന്‍ കഴിയുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങി. മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് തൊട്ടുപിന്നില്‍ നോട്ടയാണ്. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങി. വച്ചടി കയറ്റമാണ് കാണുകയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അപരന്‍മാരും വോട്ട് പിടിക്കുന്നുണ്ട്.

മുന്നേറ്റം തുടങ്ങി

യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി ആദ്യ ഫലം വന്നപ്പോള്‍ തന്നെ വന്‍മുന്നേറ്റമാണ് നടത്തുന്നത്. പോസ്റ്റല്‍ വോട്ടും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. എണ്ണല്‍ പുരോഗമിക്കുമ്പോള്‍ 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ അപരന്‍ 58 വോട്ട് പിടിച്ചു. ആദ്യ അരമണിക്കൂറിലെ ഫലമാണിത്.

തുടര്‍ച്ചയായ മുന്നേറ്റം

വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടി തിരിഞ്ഞു നോക്കിയിട്ടില്ല. 40 മിനുറ്റ് കഴിഞ്ഞതിന് ശേഷം വോട്ട് നില നോക്കിയപ്പോള്‍ കുഞ്ഞാലിക്കുട്ടി 13000 വോട്ട് കടന്നു. പുഞ്ചിരിയോടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ സമീപിച്ചത്.

ഇടത് മുന്നേറ്റ മണ്ഡലങ്ങള്‍

കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി പിബി ഫൈസലാണ് മുന്നില്‍. അദ്ദേഹത്തോടൊപ്പം ഈ രണ്ട് മണ്ഡലങ്ങളും നിലയുറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. എംബി ഫൈസലിന്റെ അപരന്‍ മുഹമ്മദ് ഫൈസലിന് നൂറിലധികം വോട്ട് പിടിച്ചു.

യുഡിഎഫിന്റെ ലക്ഷ്യം

ഇ അഹമ്മദ് 2014ല്‍ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടുക എന്നതാണ് മുസ്ലിം ലീഗ് ലക്ഷ്യമിട്ടിരുന്നത്. അതിന് വേണ്ട എല്ലാ പ്രചാരണ തന്ത്രങ്ങളും ലീഗ് പയറ്റുകയും ചെയ്തിരുന്നു.

നോട്ട പിന്നിലല്ല

അഹമ്മദ് മല്‍സരിച്ച 2014ല്‍ നോട്ട നേടിയത് 21000 ത്തിലധികം വോട്ടാണ്. എന്നാല്‍ ഇത്തവണയും സമാനമായ കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ വേളകളില്‍ കാണാന്‍ സാധിച്ചത്. 45 മിനുറ്റ് വോട്ടെണ്ണിയപ്പോള്‍ 600 വോട്ട് നോട്ട പിടിച്ചു. മൂന്ന് പ്രബല സ്ഥാനാര്‍ഥികള്‍ക്ക് ശേഷം നോട്ടയാണ് നിലയുറപ്പിച്ചിരിക്കുന്നത്.

അമ്പരപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഒരു മണിക്കൂര്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 25000 കവിഞ്ഞു. തനിക്ക് അതില്‍ അമ്പരപ്പില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. താന്‍ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. അതില്‍ അമ്പരപ്പുണ്ടായിട്ടില്ലെന്നും അതിപ്പോഴും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആറിടത്തും യുഡിഎഫ്

ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡല പരിധിയിലുള്ളത്. വള്ളിക്കുന്ന്, വേങ്ങര, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ഇതില്‍ കൊണ്ടോട്ടി നിമയസഭാ മണ്ഡലം മാത്രമാണ് ഇടതിന് അനുകൂലമായി ആദ്യഘട്ടത്തില്‍ വോട്ട് നില പ്രകടിപ്പിച്ചത്.

കൊണ്ടോട്ടിയും യുഡിഎഫിന്

ആദ്യം വോട്ടെണ്ണുമ്പോള്‍ കൊണ്ടോട്ടിയും വള്ളിക്കുന്നും ഇടതിന് ഒപ്പമായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് കൊണ്ടോട്ടിയില്‍ ഒതുങ്ങി. ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്.

ഒരു ലക്ഷം കടന്നു

വോട്ടെണ്ണി ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടി. ലീഡ് നില 35000 ആയി. നോട്ട ഈ സമയം 800 വോട്ട് പിടിച്ചു. നോട്ടയുടെ വോട്ട് പ്രബല സ്ഥാനാര്‍ഥികളെ അനുകൂലിക്കാത്തവരുടേതാണ്.

നാലിലൊന്ന് വോട്ട് എണ്ണി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നാലിലൊന്ന് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് 40000 ത്തോളം വോട്ട് ഭൂരിപക്ഷം ലഭിച്ചു. ഇടത് കേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് ആണ് മുന്നേറുന്നത്. ഇടത് കേന്ദ്രങ്ങളായ പെരിന്തല്‍മണ്ണയിലും മങ്കടയിലും കുഞ്ഞാലിക്കുട്ടിക്കാണ് കൂടുതല്‍ വോട്ട്.

പ്രതീക്ഷിച്ച മുന്നേറ്റമെന്ന് മജീദ്

പ്രതീക്ഷിച്ച മുന്നേറ്റമാണ് ആദ്യ റൗണ്ടില്‍ കാണുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമുഖ സ്ഥാനാര്‍ഥിയെ ആണ് നിര്‍ത്തിയിരിക്കുന്നതെന്നും മജീദ് പറഞ്ഞു.

പടലപ്പിണക്കങ്ങള്‍ ഒഴിവായി

പടലപ്പിണക്കങ്ങളെല്ലാം മാറ്റിവച്ചാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ തങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. സിപിഎമ്മിന്റെ വ്യാജ പ്രചാരണങ്ങള്‍ ഇവിടെ പൊളിഞ്ഞിരിക്കുകയാണെന്ന് മജീദ് പറഞ്ഞു.

മലപ്പുറത്ത് വിജയാഹ്ലാദം

ലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്നെ യുഡിഎഫിന് അനുകൂലമായിരുന്നു കാര്യങ്ങള്‍. അപ്പോള്‍ തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. പച്ച പതാകയും പച്ച ലഡുവുമായി പ്രവര്‍ത്തകര്‍ റോഡില്‍ ആഹ്ലാദ നൃത്തം ചെയ്യുകയാണ്.

ആദ്യ ഒന്നര മണിക്കൂറിലെ ചിത്രം

വോട്ടെണ്ണി ആദ്യ ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് 66000 വോട്ടിന്റെ ലീഡാണുള്ളത്. മൊത്തം അദ്ദേഹത്തിന് ലഭിച്ചത് 175000 വോട്ടാണ്. രണ്ട് ലക്ഷത്തിന്റെ ഭൂരിപക്ഷമെന്ന ലീഗ് ലക്ഷ്യം സാധ്യമാകുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.

ഇടതുപക്ഷത്തിന് ലഭിച്ച വോട്ട്

എംബി ഫൈസല്‍ 118000 വോട്ടാണ് ഈ സമയം ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് നേരിയ മുന്നേറ്റം പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടോട്ടി മണ്ഡലത്തിലാണ്. മഞ്ചേരിയില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവിടെ വന്‍ മുന്നേറ്റമാണ് ലീഗ് നടത്തിയിരിക്കുന്നത്.

ബിജെപിയുടെ അവസ്ഥ

കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ആറിരട്ടി വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി പോരിന് ഇറങ്ങിയത്. ഒരിക്കലും ജയിക്കില്ലെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കിലും വോട്ട് നില കൂട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു ലക്ഷത്തിലധികം വോട്ട് ലഭിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് പറഞ്ഞിരുന്നു.

പോസ്റ്റല്‍ വോട്ട് ബിജെപിക്ക്

മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ മൂന്ന് പോസ്റ്റല്‍ വോട്ടാണ് രേഖപ്പെടുത്തിയത്. അത് മൂന്നും ലഭിച്ചതാവട്ടെ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിനാണ്. അങ്ങനെ നോക്കുമ്പോള്‍ മലപ്പുറത്ത് പോസ്റ്റല്‍ വോട്ടില്‍ ബിജെപി ജയിച്ചുവെന്ന് പറയാം.

ന്യൂനപക്ഷ ഏകീകരണം

ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചുവെന്നതാണ്. ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് കുറയാന്‍ കാരണവും അതുതന്നെയാണെന്ന് വിലയിരുത്തുന്നു. ഭൂരിഭാഗം മുസ്ലിംകള്‍ കുഞ്ഞാലിക്കുട്ടിക്ക് വോട്ട് രേഖപ്പെടുത്തിയെന്നാണ് വോട്ട് നില വ്യക്തമാക്കുന്നത്.

ഇടതിന് തിരിച്ചടിയായത്

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ന്യൂനപക്ഷ സംരക്ഷകരായി മുസ്ലിംകള്‍ കണ്ടിരുന്നത് ഇടതുപക്ഷത്തെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ നടത്തിയെന്ന മുസ്ലിം ലീഗിന്റെ പ്രചാരണം ഫലിച്ചുവെന്ന് വേണം കരുതാന്‍.

കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ജനമൊഴുക്ക്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനും സന്തോഷം പങ്കു വയ്ക്കാനും നിരവധി മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലേക്ക് എത്തിയിട്ടുള്ളത്. ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗ് മുന്നേറ്റത്തിലുള്ള സന്തോഷം മാധ്യമങ്ങളുമായി പങ്കുവച്ചു. മുന്‍ മന്ത്രി അബ്ദുറബ്ബ് മുസ്ലിം ലീഗ് ജയം ഉറപ്പിച്ച സൂചനകളാണ് ലഭിക്കുന്നതെന്ന് പ്രതികരിച്ചു.

ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ അഞ്ച് മിനുറ്റ് കഴിയുമ്പോഴാണ് ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വേണമെന്നാണ് മുസ്ലിം ലീഗ് ലക്ഷ്യം.

പകുതി വോട്ട് എണ്ണി

ഏഴ് നിമയസഭാ മണ്ഡലങ്ങളിലും പകുതി വോട്ട് എണ്ണിക്കഴിഞ്ഞു. ഇപ്പോഴത്തെ നിലയില്‍ കുഞ്ഞാലിക്കുട്ടി വിജയം ഉറപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ കാണാന്‍ കഴിഞ്ഞത്.

ദേശീയ മുഖച്ഛായ മാറ്റും

മുസ്ലിം ലീഗിന്റെ ദേശീയ തലത്തിലുള്ള മുഖച്ഛായ മാറ്റുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഹൈദലരി തങ്ങളെ കാണാന്‍ കൊടപ്പനക്കല്‍ തറവാട്ടിലെത്തി. ഭൂരിപക്ഷം ഒരു ലക്ഷം കടന്ന ശേഷമാണ് കുഞ്ഞാലിക്കുട്ടി കൊടപ്പനക്കലെത്തിയത്.

ഇനി വേങ്ങര മണ്ഡലം

നിയമസഭയില്‍ വേങ്ങര മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രധിനിതീകരിച്ചിരുന്നത്. അദ്ദേഹം ലോക്‌സഭയിലേക്ക് പോവുന്നതോടെ ഇനി വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ് നടക്കും. അവിടെ ആരെ നിര്‍ത്തണമെന്ന ചര്‍ച്ച കൊടപ്പനക്കല്‍ നടക്കുന്നുവെന്നാണ് വിവരം.

നിയമസഭയെ തോല്‍പ്പിച്ചു

2014ല്‍ ഇ അഹമ്മദ് ജയിച്ചത് 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ മണ്ഡല പരിധിയില്‍ ലീഗ് ഭൂരിപക്ഷം 1.18 ലക്ഷമായി കുറഞ്ഞിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലെ രണ്ടര മണിക്കൂര്‍ വോട്ടെണ്ണിയപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1.25 ലക്ഷം പിന്നിട്ടു.

ബിജെപിക്ക് കനത്ത തിരിച്ചടി

ഒരുലക്ഷത്തിലധികം വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി മലപ്പുറത്ത് കളത്തിലിറങ്ങിയത്. എന്നാല്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറിനോട് അടുക്കുമ്പോള്‍ 50000 വോട്ടിനടുത്ത് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന് ലഭിച്ചത്. ലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെ ബിജെപി കച്ച അഴിക്കുന്ന കാഴ്ചയാണിപ്പോള്‍.

മുന്നണികള്‍ക്ക് വോട്ട് കൂടി

എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് ഇത്തവണ കൂടിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ വേങ്ങരയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇപ്പോള്‍തന്നെ 40000 കവിഞ്ഞു. ഇനി മൂന്ന് ലക്ഷത്തോളം വോട്ട് എണ്ണാനുണ്ട്.

ഇടതുപക്ഷത്തിന് വോട്ട് വര്‍ധിച്ചു

അഹമ്മദിനെതിരേ മല്‍സരിച്ച ഇടതുസ്ഥാനാര്‍ഥി പികെ സൈനബയ്ക്ക് 243000 വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ എംബി ഫൈസല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഇതിലധികം വോട്ട് നേടിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇടതുപക്ഷവും നില മെച്ചപ്പെടുത്തിയെന്ന് പറയാം.

വര്‍ഗീയവാദികളുടെ വോട്ട്

വര്‍ഗീയ വാദികളുടെ വോട്ട് പിടിച്ചാണ് യുഡിഎഫ് വിജയിച്ചതെന്ന് ഇടതുസ്ഥാനാര്‍ഥി എംബി ഫൈസല്‍ പ്രതികരിച്ചു. യുഡിഎഫ് തരംഗമാണ് ഇപ്പോള്‍ കാണുന്നത്. മലപ്പുറത്ത് രാഷ്ട്രീയത്തിനപ്പുറത്ത് മറ്റു ചില കാര്യങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നരലക്ഷം കടന്ന വിജയം

മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കവിഞ്ഞു. അഹമ്മദ് നേടിയ ഭൂരിപക്ഷം 1.94 ലക്ഷമായിരുന്നു. നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിയും.

അഹമ്മദിനേക്കാള്‍ വോട്ട്

ഇ അഹമ്മദിന് ലഭിച്ച വോട്ട് 4.38 ലക്ഷം ആയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ 4.44 ലക്ഷമായി. ഇനി രണ്ട് ലക്ഷത്തോളം വോട്ട് എണ്ണാനുണ്ടെന്നാണ് വിവരം.

ബിജെപി വോട്ട് മറിഞ്ഞു

ബിജെപി വോട്ടുകള്‍ മറിച്ചുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 64000 വോട്ടായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ 59000 ആയിട്ടേയുള്ളു. സാധാരണ അധികം ലഭിക്കേണ്ട വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. ഈ വോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്.

മലപ്പുറം പച്ചക്കോട്ട തന്നെ

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തെളിയുന്നത് മലപ്പുറം പച്ചക്കോട്ട തന്നെയാണെന്നാണ്. യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. അവര്‍ക്ക് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ നേരിയ വോട്ടുകള്‍ മാത്രമേ അധികമുള്ളു.

നോട്ടക്ക് പിന്തുണ കുറഞ്ഞു

ഇ അഹമ്മദ് മല്‍സരിച്ച 2014ല്‍ നോട്ടക്ക് 21000 ത്തിലധികം വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ അത് ഇത്തവണ 5000 ത്തിലേക്ക് ചുരുങ്ങി. അതായത് നിലവിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ഇത്തവണ വോട്ട് വീണുവെന്ന് വേണം കരുതാന്‍. സ്ഥാനാര്‍ഥികളില്‍ താല്‍പര്യമില്ലാത്തവരാണ് നോട്ടക്ക് വോട്ട് ചെയ്യാറ്.

കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം 171038

യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി ജയിച്ചതായി പ്രഖ്യാപിച്ചു. 11.50ഓടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. 171038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. അദ്ദേഹത്തിന് 515325 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന് 344287 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന് 65662 വോട്ടാണ് കിട്ടിയത്.

English summary
Malappuram byelection vote result is good for UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X