മലപ്പുറത്ത് എസ്ഡിപിഐയുടെ മനസാക്ഷി ആര്‍ക്കൊപ്പം; ഊഹാപോഹങ്ങള്‍ നിരവധി.. അതിങ്ങനെ...
ഇരുമുന്നണികളും സവിശേഷ പിന്തുണ അര്‍ഹിക്കുന്നില്ലെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കിയത്.
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത എസ്ഡിപിഐ മനസാക്ഷി വോട്ട് ചെയ്യുമെന്നാണ് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വോട്ട് ആര്‍ക്കു കിട്ടുമെന്നത് സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് മലപ്പുറത്ത് പരക്കുന്നത്.
ഇരുമുന്നണികളും സവിശേഷ പിന്തുണ അര്‍ഹിക്കുന്നില്ലെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കിയത്. എങ്കിലും ഇവരുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. അതിന് പറയുന്ന കാരണങ്ങള്‍ നിരവധിയാണ്.

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയ ശേഷം നടന്ന പല നടപടികള്‍ക്കുമെതിരേ ശബ്ദിച്ചവരാണ് എസ്ഡിപിഐ. മുസ്ലിം വിരുദ്ധ നടപടികള്‍ ഇടതുസര്‍ക്കാര്‍ തുടരുന്നുവെന്നാണ് അവരുടെ ആക്ഷേപം. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നു, കൊടിഞ്ഞി ഫൈസല്‍, കാസര്‍കോഡ് റിയാസ് മൗലവി എന്നിവരുടെ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു, മുസ്ലിം സ്ഥാപനങ്ങള്‍ക്ക് നേരെ പോലീസ് അതിക്രമം തുടരുന്നു, മുസ്ലിം നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നു, താനൂര്‍ കലാപത്തില്‍ പോലീസുകാര്‍ വീടുകള്‍ ആക്രമിച്ചത് തുടങ്ങി നിരവധി സംഭവത്തില്‍ പിണറായി സര്‍ക്കാരിനെയാണ് എസ്ഡിപിഐ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
അതുകൊണ്ടു തന്നെ മലപ്പുറത്ത് പാര്‍ട്ടി ഇടതുസ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ മറുഭാഗത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയാണ്. ഇദ്ദേഹത്തിന് എസ്ഡിപിഐ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇടതുനേതാക്കള്‍ ആരോപിക്കുന്നു.
എസ്ഡിപിഐ നേതാക്കള്‍ മനസ്സാക്ഷി വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ, അവരുടെ വോട്ട് എന്തുകൊണ്ട് വേണ്ട എന്ന് മുസ്ലിം ലീഗ് പറയുന്നില്ലെന്നായിരുന്നു ഇടതു നേതാക്കളുടെ ചോദ്യം. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി എന്നിവരുടെ വോട്ട് വേണ്ട എന്ന് മുസ്ലിം ലീഗോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞിട്ടുമില്ല. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ പോരാടാന്‍ എല്ലാ വിഭാഗത്തിന്റെയും വോട്ട് വേണമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എസ്ഡിപിയുമായി സഖ്യമില്ലെന്നും അവര്‍ വര്‍ഗീയ പാര്‍ട്ടിയാണോ എന്ന് പറയേണ്ടത് താനല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്വന്തമാക്കിയത് 16143 വോട്ടാണ്. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ജില്ലയില്‍ 26783 വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരത്തിന് ലഭിച്ചത് 47853 വോട്ടാണ്. ആകെ പോള്‍ ചെയ്തതിന്റെ 5.61 ശതമാനം. വെല്‍ഫയര്‍ പാര്‍ട്ടിക്ക് 29261 വോട്ടും ലഭിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ഈ വോട്ട് നിര്‍ണായകമാണ്. രണ്ടു ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം നേടണമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications