മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഉടന്‍; കുഞ്ഞാലിക്കുട്ടി ഒരുങ്ങി, സമദാനിക്ക് തിരിച്ചടി, ലക്ഷ്യം രണ്ടുലക്ഷം!!
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈയിലാണ്. അതിന് മുമ്പ് ഇലക്ട്രല്‍ കോളജില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടതുണ്ട്.
മലപ്പുറം: ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉടനുണ്ടാവും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേഗത്തിലാക്കുന്നത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈയിലാണ്. അതിന് മുമ്പ് ഇലക്ട്രല്‍ കോളജില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടതുണ്ട്. അതിനാലാണ് മലപ്പുറം ഉള്‍പ്പെടെയുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വേഗത്തില്‍ വഴിയൊരുങ്ങിയത്.

ശനിയാഴ്ചക്കകം തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ഏപ്രില്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മലപ്പുറത്തിന് പുറമെ കശ്മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചിലപ്പോള്‍ പ്രഖ്യാപനം മാര്‍ച്ച് 11ന് ശേഷമായേക്കും.

12 നിയമസഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത്രയും സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറം മണ്ഡലത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മല്‍സരിച്ചാല്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

സമാനമായ സാഹചര്യം നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലുമുണ്ട്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഫലം മാര്‍ച്ച് 11ന് വരും. പഞ്ചാബിലെ അമൃതസര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തി.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ നിര്‍ത്താനാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഇതുവരെയുള്ള തീരുമാനം. മറ്റു ചില നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മറ്റാരെയും പരിഗണിക്കുന്നില്ല. മറ്റു നേതാക്കളെ മല്‍സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി അടുത്തിടെ പറഞ്ഞിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ താന്‍ നിര്‍ബന്ധമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കമായി വിലയിരുത്തുന്നു.

സിറാജ് ഇബ്രാഹീം സേട്ട്, അബ്ദുസമദ് സമദാനി തുടങ്ങിയ നേതാക്കളുടെ പേരുകള്‍ പരിഗണിച്ചിരുന്നു. സമദാനിക്കെതിരേ അണികള്‍ക്കിടയില്‍ നിന്നുതന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയതിനാല്‍ കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് എളുപ്പമായി. കോണ്‍ഗ്രസ് നേതാക്കളുമായി കുഞ്ഞാലിക്കുട്ടിക്കുള്ള ബന്ധവും അദ്ദേഹത്തിന് ഗുണം ചെയ്തു.

ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് മുസ്ലിം ലീഗിന്റെ അടുത്ത ലക്ഷ്യം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ജയിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥി അത് മറികടക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷമെങ്കിലും നേടണമെന്നാണ് നേതൃത്വങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് ജനകീയ നേതാവ് എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ചില നടപടികളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്. പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതിന് അടുത്തിടെ കോഴിക്കോട് ലീഗ് ഹൗസില്‍ നേതൃയോഗം ചേര്‍ന്നിരുന്നു. ദേശീയ എക്‌സിക്കുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തു. വോട്ടര്‍മാരെ കൂടുതല്‍ ചേര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയോജകമണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കമ്മിറ്റികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പലയിടത്തും നടക്കാനിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്.

കോണ്‍ഗ്രസുമായി പല പഞ്ചായത്തുകളിലും പ്രശ്‌നങ്ങളുണ്ട്. അതു പറഞ്ഞുതീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറിന്റെ നേതൃത്വത്തില്‍ തന്നെയാണ് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒഴിവുവരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ മല്‍സരിപ്പിക്കാനാണ് ധാരണ. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ വഹിക്കുന്ന പ്രതിപക്ഷ ഉപനേതാവ് പദവി കെപിഎ മജീദായിരിക്കും ഇനി വഹിക്കുക. അതു വഴി എംകെ മുനീര്‍ പ്രതിപക്ഷ ഉപനേതാവാകാനുള്ള സാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യവും കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് ചില നേതാക്കള്‍ പറയുന്നത്.

നിലവില്‍ മലപ്പുറവും വേങ്ങരയും മുസ്ലിം ലീഗിന് ഉറച്ച സീറ്റുകളാണ്. ആരെ നിര്‍ത്തിയാലും ജയിക്കും. നേരത്തെ മങ്കടയിലും പിന്നീട് മഞ്ചേരിയിലും മല്‍സരിച്ച മജീദ് പരാജയപ്പെട്ടിരുന്നു. പിന്നീട് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോവുന്ന അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക് ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുനമാനം.












Click it and Unblock the Notifications