Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ട്വിസ്റ്റ്; കുഞ്ഞാലിക്കുട്ടി മല്‍സരിക്കില്ല? പകരം മറ്റൊരാള്‍, കോണ്‍ഗ്രസ് സമ്മര്‍ദ്ദം

മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാന്‍ എടുത്ത തീരുമാനം പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയാണ് ലീഗ് നേതൃത്വം.

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെയുള്ള ധാരണകള്‍ മാറ്റിയെഴുതപ്പെടുന്നുവെന്ന് സൂചന. മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാന്‍ എടുത്ത തീരുമാനം പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയാണ് ലീഗ് നേതൃത്വം.

കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കരുതെന്നും അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വേണമെന്നുമാണ് ഇപ്പോള്‍ ശക്തമാവുന്ന അഭിപ്രായം. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം വാദം ശക്തമായി ഉയര്‍ന്നത്. 15ന് ലീഗ് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

 കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാനായിരുന്നു തീരുമാനം

കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാനായിരുന്നു പാര്‍ട്ടി കഴിഞ്ഞാഴ്ച വരെ കൈക്കൊണ്ട തീരുമാനം. കുഞ്ഞാലിക്കുട്ടിയും ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മറ്റു വാര്‍ത്തകളാണ്.

കോണ്‍ഗ്രസിന് താല്‍പര്യമില്ല

കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുതിര്‍ന്ന നേതാവ് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വേണമെന്ന് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നു.

സുധീരനും ആര്യാടനും പറയുന്നത്

മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതിലല്ല കോണ്‍ഗ്രസിന്റെ എതിര്‍പ്പ്. പകരം വേങ്ങര മണ്ഡലത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന സാഹചര്യത്തെയാണ് അവര്‍ വിമര്‍ശിക്കുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും എതിര്‍പ്പുന്നയിച്ചുവെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടി പറഞ്ഞത്

പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രവേശനത്തിനുള്ള ചര്‍ച്ചക്ക് വേഗം കൂട്ടിയത്. കുഞ്ഞാലിക്കുട്ടി തയ്യാറാണെന്ന് ഇപ്പോഴും പറയുകയാണെങ്കില്‍ മറ്റു സ്ഥാനാര്‍ഥികളെ പാര്‍ട്ടി പരിഗണിക്കുകയുമില്ല.

മുസ്ലിം ലീഗ് പരിഗണിക്കുന്ന മറ്റുള്ളവര്‍

കുഞ്ഞാലിക്കുട്ടി അല്ലെങ്കില്‍ മുന്‍ എംപി അബ്ദുസമദ് സമദാനി, കെഎന്‍എ ഖാദര്‍, സിറാജ് സേട്ട് എന്നീ ലീഗ് നേതാക്കളെയാണ് പരിഗണിക്കുക. സമദാനിക്കുള്ള മുന്‍ പരിചയം ചര്‍ച്ചയില്‍ ഗുണമാവുമെന്നാണ് കണക്കുകൂട്ടല്‍. സിറാജ് സേട്ടിന് പ്രത്യേക പരിഗണന നല്‍കണമെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

ബുധനാഴ്ച രാവിലെ പ്രവര്‍ത്തക സമിതി

കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചാല്‍ മാത്രമേ ഇവരുടെ പേരുകള്‍ ചര്‍ച്ചക്കെടുക്കു. സാധ്യതകള്‍ ഇവര്‍ക്കാണ് കല്‍പ്പിക്കപ്പെടുന്നത്. ബുധനാഴ്ച രാവിലെ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ചേരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും.

ബുധനാഴ്ച വൈകീട്ട് പ്രഖ്യാപനം

ബുധനാഴ്ച വൈകീട്ട് തന്നെ ഉന്നതാധികാര സമിതി യോഗവും നടക്കും. യോഗത്തില്‍ ഉയരുന്ന പൊതുവികാരത്തിന് അനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍. ഈ യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

 സിപിഎം വ്യവസായിയെ പരിഗണിക്കുന്നു

കുഞ്ഞാലിക്കുട്ടി തന്നെയാണ് സ്ഥാനാര്‍ഥിയെങ്കില്‍ ശക്തനായ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് നില്‍ക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥിയെ. ഒരു വ്യവസായിയുടെ പേരാണ് ഈ ഘട്ടത്തില്‍ സിപിഎം പരിഗണിക്കുന്നത്.

കമല്‍ മല്‍സരിക്കില്ലെന്ന് അറിയിച്ചു

പക്ഷേ ഇദ്ദേഹം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു ചിലരുടെ പേരും പാര്‍ട്ടി പ്രത്യേകം പരിഗണിക്കുന്നുണ്ട്. സംവിധായകന്‍ കമലിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം തന്നെ പിന്‍മാറുകയായിരുന്നു.

റഷീദലിയെ സ്ഥാനാര്‍ഥിയാക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച ജില്ലാ പഞ്ചായത്ത് അംഗം റഷീദലിയെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎമ്മിലെ അവസാന ചര്‍ച്ചകള്‍. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിയാസിന്റെ പേരും പരിഗണനയിലാണ്. പക്ഷേ ആദ്യം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ലീഗ് പ്രഖ്യാപനത്തിന് ശേഷമായിക്കും ഇടത് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനമുണ്ടാവുക.

രണ്ടുലക്ഷം ഭൂരിപക്ഷമുണ്ടാക്കാന്‍ പദ്ധതി

ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് മുസ്ലിം ലീഗിന്റെ അടുത്ത ലക്ഷ്യം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ജയിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥി അത് മറികടക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷമെങ്കിലും നേടണമെന്നാണ് നേതൃത്വങ്ങളുടെ ആഗ്രഹം.

പുതിയ വോട്ടര്‍മാരെ ചേര്‍ത്താന്‍ നിര്‍ദേശം

ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ചില നടപടികളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്. പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതിന് അടുത്തിടെ കോഴിക്കോട് ലീഗ് ഹൗസില്‍ നേതൃയോഗം ചേര്‍ന്നിരുന്നു. ദേശീയ എക്സിക്കുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തു. വോട്ടര്‍മാരെ കൂടുതല്‍ ചേര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അസ്വാരസ്യങ്ങള്‍ തീര്‍ത്തുവരുന്നു

നിയോജകമണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കമ്മിറ്റികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പലയിടത്തും നടക്കാനിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. കോണ്‍ഗ്രസുമായി പല പഞ്ചായത്തുകളിലും പ്രശ്നങ്ങളുണ്ട്. അതു പറഞ്ഞുതീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് വേഗത്തില്‍

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12നാണ് നടക്കുക. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേഗത്തിലാക്കിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈയിലാണ്. അതിന് മുമ്പ് ഇലക്ട്രല്‍ കോളജില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സ്ഥലങ്ങള്‍

മലപ്പുറത്തിന് പുറമെ കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 12 നിയമസഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത്രയും സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഒഴിഞ്ഞുകിടക്കുകയാണ്. തമിഴ്‌നാട്ടില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗറിലും ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+