കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് കോന്തനാ വോട്ട് ചെയ്യുക? മലപ്പുറം ഡിസിസി സെക്രട്ടറി സിപിഎമ്മിൽ ചേർന്നു! കോൺഗ്രസിന് തിരിച്ചടി!

Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസിന് മലപ്പുറത്ത് വന്‍ തിരിച്ചടി. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു. ടികെ അലവിക്കുട്ടിയാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്ത് ചേര്‍ന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിന് ടികെ അലവിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സർക്കാരിന് അഭിനന്ദനം

സർക്കാരിന് അഭിനന്ദനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുകയാണ്. അതിനിടെയാണ് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായ ടികെ അലവിക്കുട്ടി സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. മെയ് 12ന് അലവിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്‌ററ് ചെയ്ത കുറിപ്പാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കാര്യമായി ചൊടിപ്പിച്ചത്. കേരളത്തിന് പുറത്തുളളവരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്.

വിവാദമായത് പോസ്റ്റ്

വിവാദമായത് പോസ്റ്റ്

പോസ്റ്റിലെ ഭാഗം ഇങ്ങനെ: '' സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഭരണകൂടത്തിൻ്റെ കുറ്റമറ്റ ഇടപെടലും കക്ഷി രാഷ്ട്രീയഭേദമന്യേ യോജിച്ച പ്രവർത്തനവും എല്ലാവിഭാഗം മതസാമുദായിക നേതാക്കളും സന്ദർഭത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് കാണിച്ച അസാധാരവും അനുകരണീയവുമായ സഹകരണവുമാണ് നമ്മുടെ നാടിനെ ലോകത്തെതന്നെ 'സുരക്ഷിത മേഖല' എന്ന മികച്ച നിലയിലേക്കുയർത്തിയത്''.

ഏത് കോന്തനാ വോട് ചെയ്യുക?

ഏത് കോന്തനാ വോട് ചെയ്യുക?

'' അങ്ങനെ നമ്മുടെ നാട് ഒരു ദുരന്ത ഭൂമിയാകാൻ ആരാണ് കൊതിക്കുന്നത്? അങ്ങനെ ആരെങ്കിലും - വല്ല ദുഷ്ടരും- കൊതിക്കുന്നുവെങ്കിൽ, ഉടനെ അവരെ കൊറോണക്കൂട്ടിലടക്കണം. ഇവിടെ നിലനിൽക്കുന്ന സംവിധാനം തകരരുത്, തകർക്കരുത്‌. ഇനി വോട്ടും അധികാരവുമാണ് പ്രശ്നമെങ്കിൽ.... ഇങ്ങോട്ട് വരുന്നവർ ആരാണ്, എവിടെ നിന്ന്, ക്വാറൻ്റൈൻ പാലിക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറെടുക്കാതെ, പാസോ വിവരങ്ങളോ അറിയാതെ വിടണമെന്ന മുറവിളി കൂട്ടി നിലവിലെ സമാധാനം തകർത്താൽ ആര് ഏത് കോന്തനാ വോട് ചെയ്യുക? 'ഇവൻ പറ്റിച്ച പണിയാണിത് എന്ന് പറഞ്ഞ് ഓടാൻ പറയില്ലേ, ജനം..'' എന്നും പോസ്റ്റിൽ പറയുന്നു.

സസ്പെൻഡ് ചെയ്തു

സസ്പെൻഡ് ചെയ്തു

ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ കോൺഗ്രസ് നേതൃത്വം അലവിക്കുട്ടിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം കോൺഗ്രസ് ജില്ലാ കമ്മിറ്റി മെയ് 23ന് അലവിക്കുട്ടിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അതിന് ശേഷവും അലവിക്കുട്ടി ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാലൊളി മുഹമ്മദ് കുട്ടി ചുവന്ന ഷാൾ അണിയിച്ച് അലവിക്കുട്ടിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

മനസ്സും ശരീരവും മരവിച്ചു പോകുന്നു

മനസ്സും ശരീരവും മരവിച്ചു പോകുന്നു

പുറത്താക്കപ്പെട്ടതിന് ശേഷവും അലവിക്കുട്ടി ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. മെയ് 30ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: '' ഞാനിതെഴുതാനിരിക്കുമ്പോൾ ലോകത്താകമാനമായി മൂന്നുലക്ഷത്തി അറുപത്തിയാറായിരം മനുഷ്യർ കോവിഡ്‌ മൂലം മരണപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. ദേശീയമാധ്യമങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കാണുകയാണ്. മനുഷ്യന്റെ നിസ്സഹായത കാണുകയാണ്. ഉയരുന്ന വിലാപങ്ങൾ കണ്ട്‌ മനസ്സും ശരീരവും മരവിച്ചു പോകുന്നു.

തിരുത്തിയും നവീകരിച്ചും

തിരുത്തിയും നവീകരിച്ചും

ലോകം ദുരന്തഭൂമിയായി മാറുമ്പോൾ രാഷ്ട്രീയലാഭങ്ങൾക്കെന്നല്ല, മനുഷ്യന്റെ ഏതൊരു സ്വാർത്ഥമോഹങ്ങൾക്കും പ്രസക്തിയില്ലാതാകുന്നു. നമ്മൾ അന്യോന്യം സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ട കാലം. ഈ ഒരു കാലത്ത്‌ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നും ഏത്‌ വികാരങ്ങൾക്കൊപ്പം നിൽക്കുന്നു എന്നും സ്വയം ബോദ്ധ്യമുണ്ടാകേണ്ടതുണ്ട്‌. തിരുത്തിയും നവീകരിച്ചും മാനുഷികമൂല്യങ്ങൾ മുറുകെപ്പിടിച്ചുമല്ലാതെ നിങ്ങൾക്കീ ദുരന്തത്തെ നേരിടാനാവില്ല.

കേരളം ആശ്വാസമാകുന്നു

കേരളം ആശ്വാസമാകുന്നു

കരളുപറിയുന്ന വേദനയിൽ ലോകം അലമുറയിടുമ്പോൾ കേരളം ആശ്വാസമാകുന്നുണ്ട്‌. അത്‌ നിലനിന്നുപോകേണ്ടത്‌ ഏതെങ്കിലുമൊരു പാർട്ടിയുടേയോ സംഘടനയുടേയോ ആവശ്യമല്ല. അതീ നാടിന്റെ ആവശ്യമാണ്. അതിനെ താറുമാറാക്കാൻ ആരുശ്രമിച്ചാലും അതിനെ തടയേണ്ടത്‌ ഈ നാടിന്റെ മുഴുവൻ കടമയാണ്. ആ കടമ മറന്നിട്ട്‌, അതെല്ലാം കണ്ടില്ലെന്ന് നടിച്ച്‌ നിശബ്ദനായിരുന്നിട്ട്‌, എല്ലാം ഒതുങ്ങിക്കഴിയുമ്പോൾ രാഷ്ട്രീയക്കാരനെന്ന ലേബലിൽ ഖദറിട്ട്‌ ഇളിച്ചുകാട്ടി ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങാൻ എനിക്ക്‌ കഴിയില്ല. കൂട്ടക്കുഴിമാടങ്ങൾ എന്റെ നാട്ടിലും സംഭവിക്കരുതെന്ന ആഗ്രഹത്തിൽ ഞാൻ വിമർശിച്ചു, സർക്കാറിനൊപ്പമെന്ന് പറഞ്ഞു. സർക്കാർ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

 സ്വബോധം നഷ്ടപ്പെട്ട രീതിയിൽ

സ്വബോധം നഷ്ടപ്പെട്ട രീതിയിൽ

പ്രതിപക്ഷപ്പാർട്ടിയിലാണെങ്കിലും നമ്മളിങ്ങനെ അന്യോന്യം ചേർന്നിരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാകുമല്ലോ. അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെയൊരു തീരുമാനത്തിലേക്ക്‌ പാർട്ടി എത്തിയതിൽ എനിക്ക്‌ അത്ഭുതമൊന്നുമുണ്ടായില്ല. ഈ ദിവസങ്ങളിലത്രയും സ്വബോധം നഷ്ടപ്പെട്ട രീതിയിലായിരുന്നല്ലോ പാർട്ടി പ്രവർത്തിച്ചിരുന്നത്‌. രഞ്ഞെടുപ്പടുക്കുന്നതിനാൽ വ്യഗ്രതപ്പെട്ട്‌ എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു.

നാടിനെ ദുരന്തഭൂമിയാക്കാം എന്നായിരുന്നോ

നാടിനെ ദുരന്തഭൂമിയാക്കാം എന്നായിരുന്നോ

സസ്പെൻഡ്‌ ചെയ്തുകൊണ്ടുള്ള കത്തിൽ ആരോപിച്ചത് ഞാൻ പാർട്ടി നയങ്ങൾക്കെതിരായി പ്രവർത്തിച്ചു എന്നാണ്. നാടിനെ ദുരന്തഭൂമിയാക്കാം എന്നായിരുന്നോ പാർട്ടീ നയം? പ്രതിരോധപ്രവർത്തനങ്ങളെ തകിടം മറിക്കലായിരുന്നോ അത്‌? എങ്കിലാ നയത്തിനെ ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്‌. അക്കാരണം കൊണ്ട്‌ നിങ്ങൾക്കെന്നെ പുറത്താക്കാം. തെറ്റില്ല. ഞാൻ നിരന്തരം ആവശ്യപ്പെട്ടത്‌ കൊണ്ടാണ് പാർട്ടിയിൽ എടുത്ത്‌ എന്നെ ഡിസിസി ജനറൽ സെക്രട്ടറി ആക്കിയതെന്ന് പറയുന്നുണ്ട്‌. ഞാൻ ഇടതുപക്ഷ സഹയാത്രികനായിരുന്നെന്നും ഇപ്പോഴും എനിക്ക്‌ ഇടതുപക്ഷ മനസ്സാണെന്നും മറ്റുപാർട്ടിക്കാരുമായി ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ആരോപിച്ചു.

എനിക്കിപ്പോഴും ഇടതുപക്ഷ മനസ്സ്

എനിക്കിപ്പോഴും ഇടതുപക്ഷ മനസ്സ്

പുറത്താക്കപ്പെടുന്ന ഒരാൾക്കുമേൽ കുറ്റങ്ങൾ ചാർത്തപ്പെടേണ്ടതുണ്ടല്ലോ. എങ്കിലും ഇതൊക്കെയാണ് എന്റെ അയോഗ്യതകളെന്ന് കേൾക്കുമ്പോൾ സഹതാപമാണ് ഉണ്ടാകുന്നത്‌. ഇടതുപക്ഷ സഹയാത്രികനായിരുന്നു എന്നത്‌ ഒരു കുറ്റമാണെങ്കിൽ ശ്രീ ഏകെ ആന്റണി, ഉമ്മഞ്ചാണ്ടി, സുധീരൻ, ആര്യാടനുമടക്കം മുരളീധരനിലെത്തി നിൽക്കുന്ന ഏതാണ്ടെല്ലാ നേതാക്കളും ആ കുറ്റം പേറുന്നവരാണ്. അതൊക്കെ ചർച്ചക്കെടുക്കുന്നത്‌ ന്യൂജെൻ കോൺഗ്രസ്സുകാരുടെ ആത്മവിശ്വാസത്തെ തകർക്കലാവും. എനിക്കിപ്പോഴും ഇടതുപക്ഷ മനസ്സാണെന്ന് പറയുന്നത്‌ ഒരു അലങ്കാരമായാണ് ഞാൻ കണുന്നത്‌.

കഴിയാവുന്നത്ര ഉച്ചത്തിൽ വിമർശിക്കും

കഴിയാവുന്നത്ര ഉച്ചത്തിൽ വിമർശിക്കും

പണ്ടിറ്റ്‌ നെഹ്രുജിയും ഇങ്ങനെയൊരാരോപണം അക്കാലത്ത്‌ നേരിട്ടിരുന്നു. ആ ഔന്നിത്യത്തിലേക്ക്‌ ഒന്നുമല്ലാത്ത എന്നെയും പ്രതിഷ്ടിച്ചതിന് നന്ദി. തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുള്ള പാർട്ടിയുടെ പരാക്രമങ്ങൾ കാണുമ്പോൾ നെഹ്രുജിയേയും നിങ്ങൾ വൈകാതെ തള്ളിപ്പറയുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നുണ്ട്‌. അഞ്ചുകൊല്ലം കഴിഞ്ഞെത്തുന്ന തിരഞ്ഞെടുപ്പായിരുന്നു നെഹ്രുജിയുടെയും ലക്ഷ്യമെങ്കിൽ ഈ ഇന്ത്യ ഇങ്ങനെയല്ല ആകേണ്ടിയിരുന്നത്‌. ദീർഘവീക്ഷണത്തോടെയും വരുന്ന തലമുറയേയും മുന്നിൽ കണ്ടാണ് നെഹ്രുജി നാട് ഭരിച്ചത്‌. ആ പാരമ്പര്യം കോൺഗ്രസ്സിന് അന്യമാകുമ്പോൾ ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ്സുകാരനും അത്‌ സഹിക്കില്ല. വിമർശിക്കും... കഴിയാവുന്നത്ര ഉച്ചത്തിൽ വിമർശിക്കും.

വ്യക്തിവിരോധം കാണിച്ചിട്ടില്ല

വ്യക്തിവിരോധം കാണിച്ചിട്ടില്ല

നാലുപതിറ്റാണ്ടിലേറെ നീളുന്ന എന്റെ പൊതുപ്രവർത്തനത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളിലും സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്‌. ആശയങ്ങളുമായി മല്ലിടുമ്പോഴും വ്യക്തിവിരോധം കാണിച്ചിട്ടില്ല. മാന്യമായിത്തന്നെയാണ് ഇടപെടാറുള്ളത്‌. മനുഷ്യർ അങ്ങനെയാവണം എന്നാണ് എന്റെ വിചാരം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ പരസ്പരം പോരടിച്ച യൂറോപ്പുകാർ ഇന്ന് അതിർത്തികൾ പോലുമില്ലാതെ ഒരു ജനതയായി മാറിയിരിക്കുന്നു. അങ്ങനെയൊരു കാലത്താണ് കോൺഗ്രസ്സ്‌ പോലെ മഹിതമായ പാരമ്പര്യമുള്ളൊരു പാർട്ടി അതിന്റെ പ്രവർത്തകനെ പുറത്താക്കികൊണ്ട്‌ ഇറക്കിയ കത്തിൽ പരാമർശിക്കുന്നത്‌, ഇയാൾ മറ്റു പാർട്ടിക്കാരുമായി ബന്ധം സൂക്ഷിച്ചിരുന്നു എന്ന്.

വിചാരണ ചെയ്യപ്പെടുന്ന ഒരു നാൾ

വിചാരണ ചെയ്യപ്പെടുന്ന ഒരു നാൾ

എനിക്ക്‌ പാർട്ടിയോട്‌ പരിഭവമൊന്നുമില്ല. നിങ്ങൾ ഇതേ ശൈലിയാണ് തുടരുന്നതെങ്കിൽ കരുതിയിരിക്കുക. ഇതെല്ലാം കഴിഞ്ഞ്‌ നിങ്ങൾ ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങുന്ന ഒരു ഘട്ടം വരും. അതെ നിങ്ങൾ ഭയപ്പെട്ട, വിചാരണ ചെയ്യപ്പെടുന്ന ഒരു നാൾ വരിക തന്നെചെയ്യും. അതിപ്പോൾ തിരഞ്ഞെടുപ്പാണെങ്കിൽ അങ്ങനെ. അന്ന് ജനങ്ങൾ നിങ്ങളോട്‌ ചോദ്യങ്ങളുന്നയിക്കും. എന്റെ നിലപാടായിരുന്നോ ശരി എന്ന് അവർ നിങ്ങളെ ബോദ്ധ്യപ്പെടുത്തും.

എന്നും ജനങ്ങൾക്കിടയിലായിരുന്നു

എന്നും ജനങ്ങൾക്കിടയിലായിരുന്നു

എന്റെ പുറത്താക്കലിൽ സന്തോഷിക്കുന്നവരുണ്ട്‌‌. സഹതപിക്കുന്നവരും വേദനിക്കുന്നവരുമുണ്ട്‌. പിന്തുണയറിച്ച്‌ മെസേജയച്ചവരും വിളിച്ചവരുമൊക്കെയുണ്ട്‌. അവരോടൊക്കെ ഞാനെന്റെ സ്നേഹം പങ്കിടുന്നു. ഒരു പരിചയവുമില്ലാത്തവർ പോലും ഒപ്പമുണ്ടെന്ന് പറയുമ്പോൾ അത്‌ എന്റെ മേന്മ കൊണ്ടല്ലെന്നും ഞാനുയർത്തിയ നിലപാടിനോടുള്ള ചേർന്നുനിൽക്കലാണെന്നും എനിക്ക്‌ തിരിച്ചറിവുണ്ട്‌. ആ വിശ്വാസം ഞാൻ നിലനിർത്തുകതന്നെ ചെയ്യും. പുറത്താക്കപ്പെട്ടല്ലോ, ഇനിയെന്ത്‌ എന്ന ചോദ്യങ്ങൾക്ക്‌ എന്നും ജനങ്ങൾക്കിടയിലായിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നാണ് ഉത്തരം. ആശങ്കകളില്ല''.

English summary
MalappuramCongress DCC Secretary Alavikutty Tk joins CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X