മലപ്പുറത്ത് കൂട്ട അറസ്റ്റ്; പുരുഷന്‍മാരെല്ലാം ഒളിവില്‍! തീരദേശത്ത് ഭീകരാന്തരീക്ഷം, പോലിസ് വെടിവച്ചു
തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുര്‍ഹ്മാന്‍ രണ്ടത്താണി തോറ്റതിലുള്ള ദേഷ്യം തീര്‍ക്കുകയാണ് ലീഗ് പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
മലപ്പുറം: താനൂരില്‍ തീരദേശത്തുണ്ടായ സിപിഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് ഭീകരാന്തരീക്ഷം. നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചാപ്പപടി മുതല്‍ ഒട്ടുംപുറം വരെയുള്ള ഭാഗങ്ങളിലെ വീടുകളില്‍ പുരുഷന്‍മാരില്ലെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രിയാണ് തീരദേശത്ത് സംഘര്‍ഷമുണ്ടായത്. നിരവധി സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയില്‍ ശക്തമായ പോലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം താനൂര്‍ തീരദേശത്ത് ഇടക്കിടെ പ്രശ്‌നങ്ങളുണ്ടാവുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഇടത് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനെ മേഖലയില്‍ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഏറെ കാലമായി ശാന്തമായിരുന്ന തീരം പിന്നീടാണ് വീണ്ടും സംഘര്‍ഷ ഭൂമിയായത്.

തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുര്‍ഹ്മാന്‍ രണ്ടത്താണി തോറ്റതിലുള്ള ദേഷ്യം തീര്‍ക്കുകയാണ് ലീഗ് പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. എന്നാല്‍ പോലിസ് സഹായത്തോടെ സിപിഎം മേഖല സംഘര്‍ഷഭൂമിയാക്കാനാണ് നോക്കുന്നതെന്ന് മുസ്ലിം ലീഗും ആരോപിക്കുന്നു.

അബ്ദുര്‍ഹ്മാന്‍ പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ട ശേഷം പ്രതികളെ തേടി പോലിസ് എത്തിയിരുന്നെങ്കിലും മേഖലയിലെ ലീഗ് നേതാക്കളെല്ലാം ഒളിവില്‍ പോവുകയായിരുന്നു. ഏറെ ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പിന്നീട് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയും നേരിയ അടിപിടിയുണ്ടായി.

ഇത്തരത്തില്‍ മേഖലയില്‍ സംഘര്‍ഷം ഇടക്കിടെയുണ്ടാവുന്നതിനിടെയാണ് ഞായറാഴ്ച രാത്രി വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയത്. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ചാപ്പപടിയില്‍ നിന്നും ഒട്ടുംപുറം ഭാഗത്തുനിന്നും ലീഗുകാര്‍ എത്തിയതോടെ സംഘര്‍ഷം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചടിക്കാനും ശ്രമിച്ചതായി പോലിസ് പറയുന്നു.

പെട്രോള്‍ ബോംബെറിഞ്ഞ് വീടിന് തീപ്പിടിച്ചു. തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ പോലീസ് മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നുമുള്ള പോലിസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മേഖല ഇപ്പോള്‍ പോലിസ് നിയന്ത്രണത്തിലാണ്.

പുലര്‍ച്ചെ ഒരുമണിവരെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം അരങ്ങേറി. പോലിസിന് നേരെ കല്ലേറുണ്ടായി. സിഐക്കും എസ്‌ഐക്കും പരിക്കുണ്ട്. പോലിസ് വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മേഖലയിലേക്ക് മാധ്യമപ്രവര്‍ത്തകരെ അടക്കം പോലിസ് പ്രവേശിപ്പിച്ചിട്ടില്ല.

അതേസമയം, സംഘര്‍ഷത്തിന്റെ മറവില്‍ പോലിസ് നിരപരാധികളെയും അറസ്റ്റ് ചെയ്തതായി ആക്ഷേപമുണ്ട്. തിങ്കളാഴ്ച രാവിലെ വാഴക്കത്തെരുവില്‍ നിന്ന് ചിലരെ പോലിസ് പിടിച്ചുകൊണ്ടുപോയി. കാണുന്നവരെയെല്ലാം പോലിസ് അറസ്റ്റ് ചെയ്യുകയാണ്.

അറസ്റ്റ് ഭയന്ന് മേഖലയിലെ വീടുകളില്‍ പുരുഷന്‍മാരില്ല. എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണ്. ചില വാഹനങ്ങള്‍ പോലിസ് തന്നെ കേടുവരുത്തിയതായി ആക്ഷേപമുണ്ട്. പോലിസ് സിപിഎമ്മിനെ പിന്തുണയ്ക്കുകയാണെന്ന് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.

നേതാക്കളുടെ പിന്തുണയോടെയാണ് തീരദേശത്ത് എപ്പോഴും സംഘര്‍മുണ്ടാവാറ്. ഇത്തരം കേസുകളില്‍ പ്രതികളാവുന്നവരെ നേതാക്കള്‍ സഹായിക്കും. കേസില്‍ നിന്ന് രക്ഷപ്പെടുത്തും. പ്രതികള്‍ക്കും നഷ്ടം നേരിട്ടവര്‍ക്കുമായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേക പിരിവ് നടത്തി ഫണ്ട് എത്തിച്ചുനല്‍കാറുണ്ടെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

പോലിസ് മുഖം നോക്കാതെ നടപടിയെടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ തുടരാന്‍ കാരണമെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റവരെ തിരൂര്‍, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications