'ഞങ്ങളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍'; മന്ത്രി സജി ചെറിയാന് മറുപടിയുമായി അഡ്വ. സ്മിജി
മലപ്പുറം: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന് മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എപി സ്മിജി. ഇത്തരം മുറി വൈദ്യം കൊണ്ടൊന്നും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമല്ല സിപിഎമ്മിനെ ബാധിച്ചിട്ടുള്ളത് എന്ന് സ്മിജി പറയുന്നു.
വര്‍ഗീയ ധ്രുവീകരണം മനസിലാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. കലാപം നടത്തുന്നവരെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് മുമ്പ് നരേന്ദ്ര മോദി പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് ക്യാമ്പ് സജി ചെറിയാനെ വിമര്‍ശിക്കുന്നത്.

സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാന്‍ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് സ്മിജി ചോദിക്കുന്നു. മുസ്ലിം ലീഗിനെ താങ്കളെ പോലുള്ളവര്‍ വിമര്‍ശിച്ചോളൂ. തലമുറകളായി ഞങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വമെന്നും സ്മിജി ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്വ. എപി സ്മിജിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാന്‍ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് തോന്നിപ്പോവുന്നു. ബഹുമാനപ്പെട്ട സജി ചെറിയാന്‍, ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്..
തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് താങ്കളുടെ അടിമ മനസ്സിന്റെ കുഴപ്പമാണ്. പിന്നെ, മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വര്‍ഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസണ്‍ കച്ചവടം പോലെയാണ്. തരാ തരം മുസ്ലിം ലീഗിനെ വിമര്‍ശിച്ച് താങ്കളെ പോലുള്ളവര്‍ പറഞ്ഞു കൊണ്ടേയിരിക്കുക.
ഞങ്ങളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍, അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോഴും അതൊന്നും ആരും ഗൗനിക്കില്ല, ഞാന്‍ പറയുന്നത് വെറും വാക്കല്ല, തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വം. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ജനറല്‍ സീറ്റായ വൈസ് പ്രസിഡണ്ട് പദവിയില്‍ ഇരുന്നു കൊണ്ട് അഭിമാനത്തോടെ ഞാന്‍ പറയുന്നു:
ബഹുമാനപ്പെട്ട സജി ചെറിയാന്‍, താങ്കളുടെ വാക്ക് വെറും ഓത്തിച്ചാലിലെ അഴുക്കു വെള്ളം മാത്രം. അത് ഒഴുകി വന്ന താങ്കളുടെ ഹൃദയത്തെ ശുദ്ധീകരിക്കണം, ഇല്ലെങ്കില്‍ വൈകാതെ മതേതര കേരളം താങ്കള്‍ക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാന്‍ഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കാണാത്തത് കാണൂ. കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്നവര്‍ക്ക് ഇവിടെ മരുന്നില്ല. അവര്‍ വര്‍ഗ്ഗീയത പറഞ്ഞു നടക്കും''












Click it and Unblock the Notifications