അന്‍വറിന്റെ അനധികൃത തടയണ രണ്ടാഴ്ച്ചക്കകം പൊളിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍, ചാനല്‍ ക്യാമറക്ക് മുന്നില്‍ പറയില്ലെന്നും കലക്ടര്‍
മലപ്പുറം: അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച അനധികൃത തടയണ രണ്ടാഴ്ച്ചക്കകം പൊളിച്ചുമാറ്റാന്‍ ഉടമക്ക് നോട്ടീസ് നല്‍കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍. തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
രണ്ടാഴ്ച്ചക്കകം പൊളിച്ചുമാറ്റാന്‍ ഉടമക്ക് നോട്ടീസ് നല്‍കും. എന്നാല്‍ ഇക്കാര്യം ചാനല്‍ ക്യാമറക്ക് മുന്നില്‍ പറയാന്‍ മലപ്പുറം അമിത് മീണ തെയ്യാറായില്ല. ക്യാമാറകളുമായി ചാനല്‍ പ്രവര്‍ത്തകരോട് ക്യാമറയില്‍ പ്രതികരിക്കാനില്ലെന്നും റിപ്പോര്‍ട്ടര്‍മാരോട് മാത്രം അകത്തേക്ക് വരാനും പറഞ്ഞാണ് മലപ്പുറം കലക്ടര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച അനധികൃത തടയണ
അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ചാണ് ആര്‍ഡിഒ അജീഷ് കുന്നത്തിന്റെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് 14 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ഇന്നലെ ഉച്ചയോടെയാണ് ആര്‍.ഡി.ഒ ജില്ലാ കളക്ടര്‍ അമിത് മീണയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ നിലപാട് കൂടിയറിഞ്ഞ ശേഷമാവും റിപ്പോര്‍ട്ടില്‍ കളക്ടറുടെ തുടര്‍നടപടി.
രണ്ടുവര്‍ഷം മുമ്പാണ് അന്‍വറിന്റെ ഉടമസ്ഥതയിലുളള കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന് വേണ്ടി സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്ററോളം ഉയരത്തില്‍ വനത്തിലൂടെ ഒഴുകുന്ന അരുവി തടസ്സപ്പെടുത്തി തടയണ കെട്ടിയത്. മണ്ണ് സംരക്ഷണ വകുപ്പിന്റേതുള്‍പ്പെടെ ഒരുഅനുമതിയും ഇല്ലാതെയാണ് തടയണ നിര്‍മ്മിച്ചതെന്ന് 2015ല്‍ ഡി.എഫ്.ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തടയണ സ്ഥിതി ചെയ്യുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തും നിയമലംഘനം സ്ഥിരീകരിച്ചു. അന്നത്തെ ജില്ലാ കളക്ടറുടെ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിയമവിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതീവ പരിസ്ഥിതി ലോല മേഖലയാണെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും അവഗണിച്ചു. ജലക്ഷാമം പരിഹരിക്കാന്‍ വനത്തിനുളളില്‍ പോലും തടയണ കെട്ടാമെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന കണക്കിലെടുത്താണ് താന്‍ തടയണ നിര്‍മ്മിച്ചതെന്ന വാദമാണ് പി.വി.അന്‍വര്‍ അര്‍.ഡി.ഒയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്.












Click it and Unblock the Notifications