മലപ്പുറം ജില്ല വിഭജിക്കണം എന്ന് യുഡിഎഫ്; സര്‍ക്കാരിന് കത്ത് നല്‍കും, ഓഫീസറെ നിയമിക്കണം
മലപ്പുറം: ഏറെ കാലമായുള്ള മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യത്തോട് യോജിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം. ഇക്കാര്യം പഠിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണം എന്ന് യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക കത്ത് നല്‍കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെപി അബ്ദുല്‍ മജീദ് വ്യക്തമാക്കി.
45 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എത്തുന്നില്ല എന്ന കാര്യമാണ് മജീദ് ചൂണ്ടിക്കാട്ടുന്നത്. ഭരണപരമായ സൗകര്യത്തിനും വികസനത്തിനും ജില്ലാ വിഭജനം അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ മലപ്പുറം ജില്ലാ വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ കേന്ദ്രത്തില്‍ എത്തിച്ചേരാന്‍ ജില്ലയിലെ എല്ലാ ജനങ്ങള്‍ക്കും സാധിക്കുന്നില്ല. പൊന്നാനിയില്‍ നിന്ന് മലപ്പുറത്ത് എത്തി മടങ്ങാന്‍ ഒരു ദിവസത്തെ സമയം വേണം. പുതിയ ജില്ല വന്നാല്‍ പുതിയ കളക്ടര്‍, പോലീസ് സൂപ്രണ്ട്, മറ്റു ഓഫീസുകള്‍ എന്നിവയെല്ലാം വരും. അതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകും. പത്തനംതിട്ടയും കാസര്‍കോഡും രൂപീകരിക്കുമ്പോള്‍ വികസന കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞത്. അത് മലപ്പുറത്തിനും ബാധകമാണ് എന്ന് മജീദ് ചൂണ്ടിക്കാട്ടി.
ജില്ലാ വിഭജനം എല്ലാവരും ആവശ്യപ്പെടുന്നു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഒന്നിച്ചുള്ള ജനസംഖ്യ മലപ്പുറത്തുണ്ടെന്ന് ജില്ലാ വിഭജനത്തിന് വേണ്ടി ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനും ജില്ലാ വിഭജനം അനിവാര്യമാണ് എന്നും ഇവര്‍ പറയുന്നു.
മലപ്പുറം ജില്ലാ വിഭജന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ മുഖവിലക്കെടുത്തിട്ടില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. യൂത്ത് ലീഗ്, സമസ്ത എന്നിവരെല്ലാം വിഷയം ആവശ്യപ്പെട്ടിരുന്നു. എസ്ഡിപിഐ മലപ്പുറം ജില്ലാ വിഭജനത്തില്‍ പ്രത്യേക പ്രചാരണം നടത്തിയിരുന്നു. ഹര്‍ത്താലും അവര്‍ സംഘടിപ്പിച്ചു.
തിരൂര്‍ സബ് കളക്ടറും ആവശ്യപ്പെട്ടു
അടുത്തിടെ തിലൂര്‍ സബ് കളക്ടര്‍ മലപ്പുറം ജില്ല വിഭജിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. തീരദേശവും മലനാടും ചേര്‍ന്നതാണ് മലപ്പുറം. തീരദേശം കേന്ദ്രീകരിച്ച് ഒരു ജില്ല വന്നാല്‍ നന്നാകുമെന്ന അഭിപ്രായം ചിലര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. തിരൂര്‍ കേന്ദ്രീകരിച്ച് ജില്ല വേണമെന്നാണ് ഒരു ആവശ്യം. തിരൂരങ്ങാടി കേന്ദ്രീകരിച്ച് ജില്ല വേണം എന്ന ആവശ്യവുമുണ്ട്. പാലക്കാടിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് ജില്ല വേണം എന്നാണ് മറ്റൊരു ആവശ്യം. ബിജെപി മാത്രമാണ് എതിര്‍ക്കുന്നത്.
കേരളത്തില്‍ പല ജില്ലകളും വിഭജിക്കണം എന്ന ആവശ്യമുണ്ട്. എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല വേണം എന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുന്നോട്ട് വച്ചിരുന്നു. തിരുവനന്തപുരം ജില്ല വിഭജിക്കണം എന്ന ആവശ്യവും ശക്തമാണ്. ഇത്രയും ജില്ലകള്‍ വിഭജിച്ചാല്‍ കേരളത്തിന് വികസന കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.















Click it and Unblock the Notifications