മലപ്പുറത്ത് ഫൈസലിനെ പിന്തുണച്ച് കാന്തപുരം;ലീഗ് വിയര്‍ക്കുമോ അതോ മണ്ണാര്‍ക്കാട് ആവര്‍ത്തിക്കുമോ?
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ മുസ്ലീം ലീഗ് ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി ഫൈസലിനെ പിന്തുണയ്ക്കാന്‍ കാന്തപുരം വിഭാഗം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നതെന്നും മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ മുസ്ലീം ലീഗ് ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള എപി വിഭാഗം സുന്നികളുടെ പിന്തുണ ഉറപ്പാക്കാന്‍ ചില ദൂതന്മാര്‍ വഴി കുഞ്ഞാലിക്കുട്ടി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എപി വിഭാഗം മാത്രം വന്നില്ല...
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ധാരണയിലെത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുന്നി ഐക്യ ശ്രമങ്ങളുടെ ഭാഗമായി എപി സുന്നികളെയും ലീഗിനോടടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നാണ് ഒടുവിലെ വിവരം.

നിലപാടില്‍ മാറ്റം വേണ്ട...
നിയമസഭാ തിരഞ്ഞെടുപ്പില്‍ എപി വിഭാഗം ഇടതുപക്ഷത്തെയാണ് പിന്തുണച്ചത്. ഇടതുസര്‍ക്കാരുമായി തുടരുന്ന നല്ല ബന്ധവും മറ്റും കണക്കിലെടുത്ത് മലപ്പുറം ഉപതിരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ തീരുമാനം.

പരസ്യമായി പിന്തുണയ്ക്കില്ല...
ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് തീരുമാനമെടുത്തെങ്കിലും അത് പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ എപി വിഭാഗം പ്രവര്‍ത്തകര്‍ മലപ്പുറത്ത് പരസ്യ പ്രചാരണത്തിനിറങ്ങില്ല.

മജീദിന്റെ ലേഖനവും ഇകെ സുന്നികളും...
നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്‍ ശംസുദ്ധീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കാന്തപുരം ഉസ്താദിനെയും എപി സുന്നികളെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. കാന്തപുരത്തെ വിമര്‍ശിച്ച് മുജാഹിദ് അനുഭാവിയും ലീഗ് സെക്രട്ടറിയുമായ കെപിഎ മജീദ് ചന്ദ്രികയില്‍ ലേഖനമെഴുതിയതും, ലീഗില്‍ സമസ്തയ്ക്കുള്ള സ്വാധീനവും കണക്കിലെടുത്താണ് നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് എപി വിഭാഗം തീരുമാനമെടുക്കാന്‍ കാരണം.

അതോ മണ്ണാര്‍ക്കാട് ആവര്‍ത്തിക്കുമോ?
പച്ചക്കോട്ടയാണെങ്കിലും മലപ്പുറത്തെ എപി വിഭാഗം സുന്നികളെ മുസ്ലീം ലീഗിന് തള്ളിക്കളയാനാവില്ല. എപി വിഭാഗം പിന്തുണച്ചില്ലെങ്കിലും കാര്യമായ ഭീഷണിയുണ്ടാകില്ലെന്ന് ലീഗ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും മുന്‍പുണ്ടായ തോല്‍വികള്‍ അവര്‍ മറക്കാനിടയില്ല. മഞ്ചേരിയിലെ ടികെ ഹംസയുടെ വിജയവും കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തി കെടി ജലീല്‍ നിയമസഭയിലെത്തിയതും എപി വിഭാഗത്തിന്റെ ശക്തമായ പിന്തുണയിലായിരുന്നു.












Click it and Unblock the Notifications