മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാൻ വൈദ്യനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിൽ തള്ളി; പ്രതി പിടിയൽ
മലപ്പുറം; മൂലക്കുരുവിന്‍റെ ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിൻ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ , കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. തന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്റഫ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവം ഇങ്ങനെ

മൈസൂരിൽ നിന്നുള്ള നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 2019 ലായിരുന്നു ഷാബാ ഷെരീഫിനെ ഷൈബിൻ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയുകയായിരുന്നു ലക്ഷ്യം. ഒറ്റമൂലി കൈക്കലാക്കി മരുന്ന് വ്യാപാരം നടത്താനായിരുന്നു പദ്ധതി. നാട്ടിലെ ചികിത്സാ കേന്ദ്രത്തിൽ ഒരാളെ ചികിത്സിക്കാനുണ്ടെന്ന് തെറ്റിധരിപ്പിച്ചായി മലപ്പുറത്ത് എത്തിച്ചത്.

തുടർന്ന് തന്റെ വീടിന്റെ ഒന്നാം നിലയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ചങ്ങലയിൽ ബന്ധിപ്പിച്ച് തടവിൽ പാർപ്പിക്കുകയായിരുന്നു.ഒരു വർഷത്തിലേറെയാണ് ഷാബാ ഷെരീഫിനെ മുറിയിൽ അടച്ചിട്ട് പ്രതികൾ പീഡിപ്പിച്ചത്. എന്നാൽ തന്റെ രഹസ്യ കൂട്ട് വെളിപ്പെടുത്താൻ ഷാബാ തയ്യാറായില്ല. ഇതിനിടെ 2020 ഒക്ടോബറിൽ കൊടിയ പീഡിനത്തിനിടെ ഷാബാ കൊല്ലപ്പെട്ടു. മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പ് പൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെയായിരുന്നു മരണം. ഇതോടെ മൃതദേഹം മറവ് ചെയ്യാനായുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു.

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. മൃതദേഹം മുറിക്കുന്നതിനായി മില്ലിൽ നിന്നും മരക്കട്ട സംഘടിപ്പിച്ച് ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മൃതദേഹം ബാത്റൂമിൽ വെച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി. തുടർന്ന് സ്വന്തം കാറിൽ പോയി സുഹൃത്തുക്കളുടെ സഹായത്തോടെ ചാലിയാർ പുഴയിൽ മൃതദേഹം തള്ളി.

കൊലയ്ക്ക് സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നൽകാൻ ഷൈബിൻ തയ്യാറായില്ലത്രേ. ഇതാണ് കൊലപാതകത്തിൽ ട്വിസ്റ്റായത്. പണം നൽകാൻ ഷൈബിൻ തയ്യാറാകാതിരുന്നതോടെ കൂട്ടുകാർ ഇടഞ്ഞു. ഇവർ ഷൈബിന്റെ വീട്ടിൽ തന്നെ കവർച്ച നടത്തി. വീട്ടിൽ കവർച്ച നടന്നതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 24 വ് ഷൈബിൻ നിലമ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഷൈബിന്റെ സുഹൃത്തുക്കളിൽ ഒരാളായ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

ഇതിനിടയിൽ കേസിലെ മറ്റ് പ്രതികൾ ഏപ്രിൽ 29 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച് ആത്മഹത്യ ശ്രമം നടത്തി. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളെ നിലമ്പൂർ പോലീസിന് കൈമാറി. നിലമ്പൂരിൽ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ച് പ്രതികൾ വെളിപ്പെടുത്തിയത്. ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രതികൾ പോലീസിന് കൈമാറിയിട്ടുണ്ട്. ഷാബാ ഷെരീഫ് തന്നെയാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.












Click it and Unblock the Notifications