മലപ്പുറം നാടുകാണിയിലെ ജാറം തകർത്ത് മഖാമിന് മുകളിൽ വാഴ നട്ടു! ജാറത്തിന് ചുറ്റും മുളകുപൊടി വിതറി...
ജാറം തകർത്ത അക്രമികൾ മഖാമിന് മുകളിൽ തെങ്ങിൻ തൈയും വാഴയും നട്ടിട്ടുണ്ട്.
മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിലെ മഖാം ജാറം വീണ്ടും തകർത്തു. നിലമ്പൂർ-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയ്ക്കരികിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറത്തിന് നേരെ കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.
ജാറം തകർത്ത അക്രമികൾ മഖാമിന് മുകളിൽ തെങ്ങിൻ തൈയും വാഴയും നട്ടിട്ടുണ്ട്. ജാറത്തിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് അക്രമികൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. സംഭവസ്ഥലത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ കുപ്പിയിൽ നിന്ന് ഒരു കുറിപ്പും ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറം ആക്രമിക്കപ്പെടുന്നത്.

ഇത് നാലാം തവണ...
ഇത് നാലാം തവണയാണ് നാടുകാണിയിലെ ജാറത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. 2009 ഏപ്രിലിലാണ് ജാറത്തിന് നേരെ ആദ്യം ആക്രമണമുണ്ടായത്.

നാലുപേർ...
2009 ഏപ്രിലിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് വണ്ടൂർ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബർ...
2009ന് ശേഷം 2017 സെപ്റ്റംബർ ആറിനാണ് നാടുകാണി ജാറത്തിന് നേരെ പിന്നീട് ആക്രമണമുണ്ടായത്. അന്ന് ജാറം തകർത്ത അക്രമികൾ നേർച്ചപ്പെട്ടിയും സംഭാവനപ്പെട്ടിയും നശിപ്പിച്ച് പണവും കവർന്നിരുന്നു.

രണ്ടാം തവണ...
സെപ്റ്റംബർ ആറിന് ശേഷം സെപ്റ്റംബർ 19 ചൊവ്വാഴ്ചയും ജാറത്തിന് നേരെ ആക്രമണമുണ്ടായി. അന്നും ജാറത്തിന് കേടുപാടുകൾ സംഭവിച്ചു.

ഇത്തവണ...
സെപ്റ്റംബർ 28ന് രാത്രിയാണ് ജാറത്തിന് നേരെ മൂന്നാം തവണയും ആക്രമണമുണ്ടായത്. ജാറം അടിച്ചുപൊളിച്ച അക്രമികൾ മഖാമിന് മുകളിൽ തെങ്ങിൻ തൈയും വാഴയും നട്ടിട്ടുണ്ട്.

മുളകുപൊടി...
മുൻപ് രണ്ട് തവണയും ജാറം തകർത്തതിന് സമാനമായ രീതിയിലാണ് ഇത്തവണയും അക്രമമുണ്ടായിരിക്കുന്നത്. ജാറം പൊളിച്ച ശേഷം ചുറ്റും മുളകുപൊടിയും വിതറിയിട്ടുണ്ട്. ഇത്തവണ നേർച്ചപ്പെട്ടിക്കും സംഭാവനപ്പെട്ടിക്കും കേടുപാട് സംഭവിച്ചിട്ടില്ല.

അന്വേഷണം...
വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ പരിപാലകരാണ് ജാറം തകർത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ, എടക്കര സിഐ പി അബ്ദുൽ ബഷീർ, വഴിക്കടവ് എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഡോഗ് സ്ക്വാഡ്...
മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇർഷാദുൽ മുസ്ലിമീൻ സംഘം...
ആനമറിയിലെ ഇർഷാദുൽ മുസ്ലിമീൻ സംഘമാണ് നാടുകാണി മുഹമ്മദ് സ്വാലിഹ് ജാറം പരിപാലിക്കുന്നത്. നേരത്തെ ചങ്ങരായി കുടുംബം പരിപാലിച്ചു പോന്നിരുന്ന ജാറം പിന്നീട് ഇർഷാദുൽ മുസ്ലിമീൻ സംഘം ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications