മലപ്പുറം പ്രവാസികളുടെ ദുരിതകാലം തുടങ്ങുന്നു! ലീഗും സിപിഎമ്മും ഇടപെട്ടിട്ടും ഫലമില്ല, ഉറച്ച തീരുമാനം
മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല.
മലപ്പുറം: ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന റീജിയണൽ പാസ്പോർട്ട് ഓഫീസിന് എന്നെന്നേക്കുമായി താഴു വീഴുന്നു. കോഴിക്കോട് പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിനായാണ് മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നത്.
മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല. സിപിഐഎം, മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ നവംബറോടെ മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

മലപ്പുറം പാസ്പോർട്ട് ഓഫീസ്...
മലപ്പുറം ജില്ലയിൽ നിന്ന് പാസ്പോർട്ട് അപേക്ഷകരുടെ എണ്ണം വർദ്ധിച്ചതിനാലാണ് 2006ൽ ജില്ലാ ആസ്ഥാനത്ത് പാസ്പോർട്ട് ഓഫീസ് ആരംഭിക്കുന്നത്.

കോഴിക്കോട് മാത്രം...
മലപ്പുറം പാസ്പോർട്ട് ഓഫീസ് ആരംഭിക്കുന്നതിന് മുൻപ് മലബാർ മേഖലയിൽ കോഴിക്കോട് മാത്രമാണ് പാസ്പോർട്ട് ഓഫീസുണ്ടായിരുന്നത്. മലപ്പുറം പാസ്പോർട്ട് ഓഫീസ് തുറന്നത് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

തീരുമാനം...
പ്രവർത്തനം തുടങ്ങി പത്തു വർഷം പിന്നിടുമ്പോളാണ് മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനമെടുക്കുന്നത്.

വിട്ടുവീഴ്ചയില്ല...
മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് അധികച്ചെലവാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഓഫീസ് അടുത്ത മാസത്തോടെ അടച്ചുപൂട്ടുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

പാസ്പോർട്ട് സേവാ കേന്ദ്രം...
മലപ്പുറത്ത് നിലവിൽ പാസ്പോർട്ട് സേവാ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. പാസ്പോർട്ട് സംബന്ധിച്ച എല്ലാ നടപടികളും പാസ്പോർട്ട് സേവാ കേന്ദ്രം വഴി നടത്താമെന്നിരിക്കേ പാസ്പോർട്ട് ഓഫീസ് പൂട്ടുന്നത് ജനങ്ങളെ ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ലയിപ്പിക്കാൻ...
മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടി കോഴിക്കോട് പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള ഏറ്റെടുക്കൽ നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications