തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’
ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളും നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമൊക്കെ സെമി ഫൈനലായി കണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മലപ്പുറം ജില്ലയിൽ യുഡിഎഫ് ഫൈനലിന് ഇറങ്ങിയിരിക്കുന്നത്. സ്റ്റാർ കളിക്കാരെ അവർ അണിനിരത്തുമ്പോൾ സ്വതന്ത്രരെ ഇറക്കി വലതുകോട്ടകളിൽ വിള്ളൽ വീഴ്ത്താനാണ് എൽഡിഎഫ് ശ്രമം. വോട്ട് കൂട്ടി സാന്നിധ്യമറിയിക്കാനായി എൻഡിഎയുമുണ്ട്. യുവാക്കളും പരിചയസമ്പന്നരും ചേർന്നതാണ് യുഡിഎഫിന്റെ സ്ഥാനാർഥി നിര. എൽഡിഎഫിൽ പുതുമുഖങ്ങളാണേറെ.
മുസ്ലീം ലീഗിനും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള മലപ്പുറത്തിന്റെ മണ്ണിൽ കാര്യമായ പോരാട്ടം കാഴ്ചവെക്കാനാകാതെ എൽഡിഎഫും എൻഡിഎയും ദയനീയമായി പരാജയപ്പെടുന്നതാണ് ഇവിടുത്തെ പതിവ് കാഴ്ച. ഇക്കുറിയും രാഷ്ട്രീയ അന്തരീക്ഷം വലുതായിട്ടൊന്നും മാറിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണവിരുദ്ധതയും എതിർ മുന്നണികളുടെ 'മലപ്പുറം വിരോധവും’ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ജനവിധി തേടുന്നത്. പിണറായി വിജയന്റെയും മോദിയുടെയും വികസനക്കുതിപ്പ് ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാനാണ് എൽഡിഎഫിൻ്റേയും എൻഡിഎയുടേയും ശ്രമം.
2021ൽ നാല് സീറ്റാണ് മലപ്പുറത്ത് എൽഡിഎഫ് നേടിയത്. അതുകഴിഞ്ഞെത്തിയ ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ 16 മണ്ഡലങ്ങളിൽ ഒരിടത്തും നില മെച്ചപ്പെടുത്താൻ എൽഡിഎഫിനായില്ല. കഴിഞ്ഞ തവണ പൊന്നാനി, തവനൂർ, നിലമ്പൂർ, താനൂർ മണ്ഡലങ്ങളിൽ ജയിച്ച ഇടതുപക്ഷം പെരിന്തൽമണ്ണയിൽ തോറ്റത് വെറും 38 വോട്ടിനാണെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ വിജയം വണ്ടൂരിൽ മാത്രമൊതുങ്ങിയപ്പോൾ 11 സീറ്റിൽ മുസ്‍ലിം ലീഗ് ആധികാരിക വിജയം നേടി.ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥിതിയാകെ മാറി.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളും ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട്ടിലും യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷം നേടി. പി.വി. അൻവറിന്റെ രാജിയെ തുടർന്ന് നിലമ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ് നിഷ്പ്രഭമായി. 33 അംഗ മലപ്പുറം ജില്ല പഞ്ചായത്തിൽ ഇടതിന് ഒരംഗം പോലുമില്ല. 12 നഗരസഭകളിൽ പൊന്നാനി ഒഴിച്ച് 11ലും യുഡിഎഫ് ആണ്. 94 പഞ്ചായത്തുകളിൽ ആറെണ്ണം മാത്രമാണ് ഇടതിനൊപ്പമുള്ളത്. ഇടതുഭരണത്തിൽ മലപ്പുറം അവഗണിക്കപ്പെട്ടെന്ന പ്രചാരണം തന്നെയാണ് യുഡിഎഫിന്റെ പ്രധാന ആയുധം. ഇടതു തുരുത്തുകൾ നിലനിർത്തുകയെന്ന നേട്ടം മാത്രമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം എട്ട് സിറ്റിങ് എംഎൽഎമാർ യുഡിഎഫിനായി മത്സരിക്കുമ്പോൾ എൽഡിഎഫിനായി മന്ത്രി വി. അബ്ദുറഹ്മാൻ അടക്കം രണ്ട് സിറ്റിങ് എംഎൽഎമാർ ഗോദയിലുണ്ട്.
തവനൂർ, പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ, താനൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ കെ.ടി. ജലീൽ എന്നിവർ മത്സരിക്കുന്ന തവനൂരാണ് ജില്ലയിലെ ഹോട്ട്സ്പോട്ട്. 2011ൽ മണ്ഡലം രൂപവത്കരിച്ചതു മുതൽ ജൈത്രയാത്ര തുടരുന്ന കെ.ടി. ജലീലിനെ പിടിച്ചുകെട്ടാൻ വി.എസ്. ജോയിയെ യുഡിഎഫ് ഇറക്കിയതുകൊണ്ട് തന്നെ ജാതിമതസമവാക്യങ്ങൾപ്പുറമുള്ള ഉശിരൻ രാഷ്ട്രീയപോരാട്ടം ഉറപ്പാണ്. മണ്ഡലത്തിലെ കെ.ടി. ജലീലിന്റെ ബന്ധങ്ങളിലും സ്വാധീനത്തിലുമാണ് എൽഡിഎഫ് പ്രതീക്ഷ.
പൊന്നാനിയെന്ന സിപിഎം കോട്ട പിടിച്ചെടുക്കാൻ മണ്ഡലത്തിൽ സജീവമായ കെപിസിസി നേതാവ് കെ.പി. നൗഷാദലിയെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. മുൻ പിഎസ്സി ചെയർമാനായ അഡ്വ. എം.കെ. സക്കീറിനെ പൊന്നാനി നിലനിർത്താൻ എൽഡിഎഫും കളത്തിലിറക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.എം. സിദ്ധിഖിനെ ഇത്തവണയും പരിഗണിക്കാതെ സക്കീറിനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിൽത്തന്നെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. 'വോട്ട് നോട്ടക്ക്’ എന്നെഴുതിയ ബോർഡ് വരെ 'സഖാക്കളുടെ' പേരിൽ ഉയർന്നെങ്കിലും അസ്വാരസ്യങ്ങൾ അവസാനിച്ചെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. 2006ൽ പാലോളി മുഹമ്മദ് കുട്ടിയിലൂടെ തിരിച്ചുപിടിച്ച മണ്ഡലം എൽഡിഎഫ് പിന്നെ കൈവിട്ടിട്ടില്ല.
ഇത്തവണ ഏറെ ചർച്ചയായ മണ്ഡലങ്ങൾ താനൂരും തിരൂരുമാണ്. മന്ത്രി വി. അബ്ദുറഹിമാനെ സിറ്റിങ് സീറ്റായ താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മത്സരിക്കാൻ കൂട്ടാക്കാതെ പ്രചാരണത്തിനുപോലും ഇറങ്ങിയില്ല. ലീഗുമായി ഇടഞ്ഞ മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരിലോ തിരൂരങ്ങാടിയിലോ മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായി. രണ്ടത്താണിയുടെ ലീഗുമായുള്ള തർക്കം പരിഹരിക്കപ്പെട്ടതോടെ വി. അബ്ദുറഹിമാനെ തിരൂരിൽ സ്ഥാനാർഥിയാക്കി.
താനൂരിൽ വി. അബ്ദുറഹിമാനായി പ്രവർത്തകർ പ്രചാരണം ആരംഭിച്ച ശേഷമുള്ള ഈ മാറ്റവും ടി. മുഹമ്മദ് സമീറിനെ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ വൈകിയതും എൽഡിഎഫ് ക്യാമ്പിൽ അത്യാവശ്യം കല്ലുകടി സൃഷ്ടിച്ചിട്ടുമുണ്ട്. താനൂരിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസും തിരൂരിൽ കുറുക്കോളി മൊയ്തീനുമാണ് യുഡിഎഫ് സ്ഥാനാർഥികൾ.
വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിലുണ്ടായ കാലതാമസവും തിരിച്ചടിയായിട്ടുണ്ട്. മങ്കടയിൽ സിപിഎം ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പിന്നീട് പത്രിക പിൻവലിച്ചു. ഒടുവിൽ മുസ്‌ലിംലീഗിൽനിന്ന് പുറത്തായ കുന്നത്ത് മുഹമ്മദിനെയാണ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. അതിനിടെ, മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സി.എച്ച്. അഷ്‌റഫ് അവസാനനിമിഷം പത്രിക പിൻവലിച്ചതും വേങ്ങരയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്താത്തതും യുഡിഎഫ് ഡീൽ ചർച്ചയാക്കി.
കഴിഞ്ഞ തവണ 38 വോട്ടിന് കൈവിട്ട പെരിന്തൽമണ്ണ ഇത്തവണ തിരിച്ചുപിടിക്കാനാണ് എൽഡിഎഫിന്റെ തീവ്രശ്രമം. അതേസമയം, അഞ്ചുവർഷം കൊണ്ട് കുറച്ചുകൂടി ജനകീയനായി മാറിയ നജീബ് കാന്തപുരം തന്നെയാണ് യുഡിഎഫിനായി വീണ്ടും ഗോദയിലുള്ളത്. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി. മുഹമ്മദ് ഹനീഫയിലൂടെ പെരിന്തൽമണ്ണ ചെങ്കോട്ടയാക്കാമെന്ന പ്രതീക്ഷ എൽഡിഎഫ് കൈവിട്ടിട്ടുമില്ല.
മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മാറി മലപ്പുറം നിയോജകമണ്ഡലത്തിൽ ജനവിധി തേടുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത.
ജില്ലയിൽ ബിജെപി ഒരു ഫാക്ടർ അല്ലെങ്കിലും ഘടകകക്ഷികൾക്ക് ഉദാരമായി സീറ്റുനൽകുക എന്ന തന്ത്രം ഇവിടെയും അവർ പയറ്റിയിട്ടുണ്ട്. മൂന്നിടത്ത് ബിഡിജെഎസും വണ്ടൂരിൽ ജനാധിപത്യ രാഷ്ട്രീയ സഭയുമാണ് എൻഡിഎ ബാനറിൽ മത്സരിക്കുന്നത്.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ -
പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും! -
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക്












Click it and Unblock the Notifications