'വീടും സ്വത്തും സിപിഎമ്മിന് എഴുതിവെച്ച മനുഷ്യസ്നേഹി, റസാഖിന് നീതി വേണം'; നാളെ യുഡിഎഫ് പ്രതിഷേധം
മലപ്പുറം: സാംസ്‌കാരിക പ്രവർത്തകനും സി പി എം നേതാവുമായ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങി മരിച്ച സംഭവത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഡി സി സി അധ്യക്ഷൻ വി എസ് ജോയ്. ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും റസാഖിന് നീതി കിട്ടണമെന്നും ജോയ് ആവശ്യപ്പെട്ടു. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- 'ഇത് റസാഖ് പയമ്പ്രോട്ട്. സി പി എം ന്റെ സാംസ്കാരിക മുഖം. പാർട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരൻ, പത്രപ്രവർത്തകൻ..
കവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മുൻ സെക്രട്ടറി.
സ്വന്തം വീടും സ്വത്തും സി പി എം ന്റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹി.
ഇന്ന് ഒരു തുണ്ട് കയറിൽ സി പി എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചു.

തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം.
"മരണവും ഒരു സമരമാണ്" എന്ന് എഴുതിയ കുറിപ്പും പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തിൽ കെട്ടിയാണ് തൂങ്ങി മരിച്ചത്. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.നാളെ രാവിലെ പഞ്ചായത്തിലേക്ക് യൂ ഡി എഫിന്റെ പ്രതിഷേധ മാർച്ച്', പോസ്റ്റിൽ ജോയ് പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ റസാഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായ വീടിന് സമീപത്തെ പ്ലാസ്റ്റിക്ക് കമ്പനിക്കെതിരെ നടപടിയെടുക്കാൻ നിരവധി തവണ റസാഖ് പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് പരാതികളും രേഖകളും കഴുത്തിൽ കെട്ടി തൂക്കി റസാഖിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.












Click it and Unblock the Notifications