പതറാതെ, തളരാതെ പൊരുതി നേടിയ വിജയം; സിവിൽ സർവീസ് തിളക്കത്തിൽ 5 മലയാളി വനിതകൾ
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ രണ്ട് റാങ്കുകൾ നേടിയത് വനിതകളായിരുന്നു. ശക്തി ദുബൈയ്ക്കാണ് ഒന്നാം റാങ്ക്, ഉത്തർപ്രദേശ് സ്വദേശിയാണ് ശക്തി. രണ്ടാം റാങ്ക് ഹർഷിച ഡോംഗ്രെയ്ക്കായിരുന്നു. മലയാളികളുടെ അഭിമാനമായ ആദ്യ നൂറ് റാങ്കുകളിൽ അഞ്ച് മലയാളികളും ഉൾപ്പെട്ടു. മാളവിക ജി നായർ ( 45 ാം റാങ്ക് ),നന്ദന ( 47 ാം റാങ്ക് ), സോണറ്റ് ജോസ് ( 54ാം റാങ്ക് ) റീനു അന്ന മാത്യൂ ( 81 റാങ്ക് ) ദേവിക പ്രിയദർശിനി ( 95 ാം റാങ്ക് ) എന്നിവരാണ് മലയാളികളുടെ അഭിമാനം ഉയർത്തിപ്പിടിച്ച വനിതകൾ.
മാളവിക:
മലപ്പുറം സ്വദേശിയാണ് മാളവിക. മൂന്നാം തവണയാണ് മാളവിക സിവിൽ സർവീസ് ലിസ്റ്റിൽ വരുന്നത്. അവസാന ശ്രമത്തിലായിരുന്നു മാളവിക ഐ എ എസ് നേട്ടം കൈവരിച്ചത്. മകന് 13 ദിവസം മാത്രം പ്രായമുള്ളപ്പോൾ എഴുതിയ പരീക്ഷയിൽ മികച്ച റാങ്ക് നേടിയ സന്തോഷത്തിലാണ് മാളവിക. 2019 ൽ യു പി എസ് സി പരീക്ഷ എഴുതിയ മാളവിക 2020 ബാച്ചിലെ റവന്യൂ സർവീസ് ഉദ്യോഗസ്ഥയാണ് നിലവിൽ ഡെപ്യൂട്ടി കമ്മീഷണറാണ് മാളവിക. 2023 ലെ പരീക്ഷയിൽ 172 ാം റാങ്കാണ് മാളവികയ്ക്ക് ലഭിച്ചത്. അവസാന അവസരം കൂടി പ്രയോജനപ്പെടുത്താനുള്ള തീരുമാനമാണ് വലിയ വിജയത്തിലെത്തിച്ചത്. മാളവികയുടെ ഭർത്താവ് ഐ പി എസുകാരനാണ്.

നന്ദന:
നാൽപ്പതിയേഴാം റാങ്ക് നേടിയ നന്ദന കൊട്ടാരക്കര സ്വദേശിനിയാണ്. രണ്ടാമത്തെ ശ്രമത്തിലാണ് നന്ദന റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. ആദ്യത്തെ ശ്രമത്തിൽ പ്രിലിംസ് പാസാകാൻ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച വിജയം നേടിയത്. തിരുവന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് 2022 ലാണ് നന്ദന ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്. ബിരുദത്തിന് ശേഷം തിരുവനന്തപുരത്തെ ഫോർച്യൂൺ അക്കാദമിയിൽ പരിശീലനത്തിനായി പ്രവേശിച്ചു. 2023 പ്രിലിമിനറി പരീക്ഷ എഴുതി. വെറും ഒന്നര മാർക്കിന്റെ വ്യത്യാസത്തിലാണ് പ്രിലിമിനറി പരീക്ഷിയിൽ വിജയിക്കാൻ കഴിയാതിരുന്നത്.
സോണറ്റ്...
കോട്ടയം മുണ്ടക്കയം പുലിക്കുന്ന് കരിനിലത്ത് ഈറ്റയ്ക്കകുന്നേൽ ഹൗസിൽ സോണറ്റ് 24ാം വയസ്സിൽ രണ്ടാമത്തെ ശ്രമത്തിലാണ് സോണറ്റ് സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടിയത്. കൃഷിക്കരനായ അച്ഛൻ ഇ ഡി ജോസിന്റെയും അമ്മ മേരിക്കുട്ടിയുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് സോണറ്റ് പറയുന്നു.
ഡൽഹി മിറാൻഡ ഹൗസ് കോളേജിലായിരുന്നു ബിരുദ പഠനം, ഫിസിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തെത്തി സിവിൽ സർവീസ് പഠനം തുടങ്ങി. എന്നാൽ ഭൂമിശാസ്ത്രമാണ് സോണറ്റ് ഐശ്ചിക വിഷയമായി എടുത്തത്. ആദ്യ ശ്രമത്തിൽ അഭിമുഖം വരെ എത്തി എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ടില്ല. കഠിനമായ പരിശ്രമം രണ്ടാമത്തെ തവണ വിജയത്തിലെത്തിച്ചു. ഐ എ എസ് തിരഞ്ഞെടുക്കാനാണ് ആഗ്രഹം.
റീനു അന്ന മാത്യൂ...
81 ാം റാങ്കാണ് റീനു സ്വന്തമാക്കിയത്. കൊല്ലം പത്താനപുരം സ്വദേശിയാണ്. ഡൽഹി സെൻഫ് സ്റ്റീഫൻ കോളേജിൽ ബി എ ഇക്കണോമിക്സിന് ചേർന്നതിന് ശേഷമാണ് റീനുവിന് ഐ എ എസ് എന്ന സ്വപ്നം ഉണ്ടാവുന്നത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. പ്ലസ്ടുവിന് 94 ശതമാനം മാർക്ക് നേടി. ഡൽഹിയിൽ പഠിക്കുമ്പോഴാണ് സിവിൽ സർവീസിനായുള്ള ആദ്യം ശ്രമം നടത്തിയത്. ഐ എ എസ് കോച്ചിംഗ് നടത്തുന്ന തിരുവന്തപുരത്തെ സ്ഥാപനത്തിവെ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
ദേവിക പ്രിയദർശിനി...
ചാത്തന്നൂർ തിരുവാതിരയിൽ അയ്യൻപിള്ളയുടെയും രാധിക പ്രിയദർശിനിയുടെയും മകളാണ്. ഖത്തർ എയർവേയ്സിലെ പൈലറ്റായ ഭർത്താവ് എം ജെ അരവിന്ദിന്റെ പൂർണ പിന്തുണ സിവിൽ സർവീല് എന്ന ദേവികയുടെ സ്വപ്നത്തിന് കരുത്തായി. മൂന്നാം തവണയാണ് സിവിൽ സർവീസ് എഴുതിയത്. കെമിസ്ട്രിയിൽ പി ജി ചെയ്ത് വരികയായിരുന്നു.












Click it and Unblock the Notifications