നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാരെ വാനോളം പുകഴ്ത്തി നടന്‍ ജിഷ്ണു
തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്‌സസ് ദിനമായ മെയ് പന്ത്രണ്ടിന് നഴ്‌സുമാരെ വാനോളം പുകഴ്ത്തി നടന്‍ ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാന്‍സര്‍ രോഗ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു, തന്നെ നേരത്തെ പരിചരിച്ച നഴ്‌സുമാരുടെ ചിത്രം സഹിതമാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. എല്ലാ മാലാഖമാര്‍ക്കും നഴ്‌സസ് ഡേ ആശംസിക്കുന്നു എന്നു പറഞ്ഞാണ് ഇംഗ്ലീഷിലുള്ള പോസ്റ്റ് തുടങ്ങുന്നത്.
പോസ്റ്റില്‍ ഉടനീളം മലയാളി നഴ്‌സുമാരെ പുകഴ്ത്താന്‍ ജിഷ്ണു വാക്കുകള്‍ കണ്ടെത്തി. നമുക്കുവേണ്ടി നൂറുശതമാനത്തിലധികം സേവനം നല്‍കുന്ന നഴ്‌സുമാരുടെ മിക്കവരുടെയും അവസ്ഥ നാം മനസിലാക്കുന്നില്ലെന്ന് ജിഷ്ണു പറയുന്നു. കൃത്യനിഷ്ടയോടെ കഠിനമായി ജോലി ചെയ്യുമ്പോഴും ഇവര്‍ക്ക് അര്‍ഹിച്ച പരിഗണന ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

എന്നാല്‍ വേതനം ലഭിക്കാത്ത അവസ്ഥയിലും അവര്‍ ജോലിയില്‍ ആത്മാര്‍ഥത പുലര്‍ത്തുന്നു. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്‌സുമാരില്‍ 18 ലക്ഷവും മലയാളികളാണ്. ലോകത്തിന്റെ നാനഭാഗത്ത് ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ പലവിധത്തിലുള്ള മാനസിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്.
വന്‍ തുക നല്‍കി വിദേശ രാജ്യങ്ങളില്‍ ജോലിതേടി പോകുന്നവര്‍ക്ക് ജോലിസ്ഥിരതയില്ലെന്നു മാത്രമല്ല അവര്‍ക്ക് മാനേജ്‌മെന്റിന്റെ പീഡനവും സഹിക്കേണ്ടിവരുന്നുണ്ട്. കേരളത്തില്‍ മികച്ച നഴ്‌സിങ് സ്ഥാപനങ്ങളുണ്ട്. എന്നാല്‍, സ്വകാര്യ നഴ്‌സിങ് സ്ഥാപനങ്ങള്‍ ആദ്യ വര്‍ഷങ്ങളില്‍ ശമ്പളം നല്‍കാതെ നഴ്‌സുമാരെ പീഡിപ്പിക്കുകയാണ്. ഒരിക്കല്‍ ഒരു നഴ്‌സനോട് ക്ഷുഭിതനായി സംസാരിക്കേണ്ടിവന്നതില്‍ ഇപ്പോഴും ഖേദം തോന്നുന്നെന്ന് ജിഷ്ണു തന്റെ പോസ്റ്റില്‍ പറഞ്ഞു.












Click it and Unblock the Notifications