സിദ്ദീഖിന് ആശ്വാസം; മുന്‍കൂർ ജാമ്യം അനുവദിച്ചു: പക്ഷെ പാസ്പോർട്ട് അന്വേഷണ സംഘത്തിന് നല്‍കണം
ഡല്‍ഹി: ബലാംത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില പരാമർശങ്ങളും ഉന്നയിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സെപ്തംബർ 30ന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം പുതിയ ഉത്തരവിലൂടെ സ്ഥിരമാക്കി. പ്രതിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി പറഞ്ഞു.
യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സിദ്ദീഖിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ മൂന്‍കൂർ ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മുതിർന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദീഖിന് വേണ്ടി ഹാജരായത്. സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ രഞ്ജിത് കുമാറും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവറും ജാമ്യം അനുവദിക്കുന്നതിനെതിരെ വാദങ്ങള്‍ നിരത്തിയെങ്കിലും പ്രതിയുടെ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.

വിധി പ്രസ്താവിച്ചുകൊണ്ട് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്. കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. വളരെ ശ്രദ്ധയാകർശിച്ച ഒരു കേസ് ആയതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ ഉത്തരവില്‍ എഴുതിന്നില്ലെന്നും കോടതി വ്യക്തമാക്കി. 2016 ല്‍ നടന്ന സംഭവത്തില്‍ എട്ട് കൊല്ലത്തിന് ശേഷമാണ് പരാതി ഉയർന്നു വന്നത്. പരാതിക്കാരി നേരത്തെ ഒരു ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും പരാതി നല്‍കാന്‍ അവർ തയ്യാറായിരുന്നില്ല. പരാതി നല്‍കാനുണ്ടായ കാലയളവ് പരിഗണിച്ച് മുന്‍കൂർ ജാമ്യാപേക്ഷ അംഗീകരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതി അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കണം, രാജ്യം വിടാതിരിക്കാന്‍ പാസ് പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം എന്നീ രണ്ട് വ്യവസ്ഥകള്‍ ഉപാധിയായി സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. വിചാരണക്കോടതിക്ക് മറ്റ് എന്തെങ്കിലും നിർദേശമുണ്ടെങ്കിലും മുന്നോട്ട് വെക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാന സർക്കാർ കേസില്‍ തനിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിദ്ദീഖ് നേരത്തെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറഞ്ഞു. തനിക്കെതിരെ ഇല്ലാക്കഥകൾ മെനയുന്നതായും സംസ്ഥാന സർക്കാറിന്റെ റിപ്പോർട്ടിന് നല്‍കിയ മറുപടിയില്‍ താരം വിശദീകരിച്ചു.












Click it and Unblock the Notifications