KG George Passes Away: പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ കെജി ജോർജ് അന്തരിച്ചു
കൊച്ചി∙ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന് അറിയപ്പെടുന്ന കെജി ജോർജ് മലയാളിയുടെ ചലച്ചിത്ര ഭാവുകത്വങ്ങളെ അട്ടിമറിച്ച കലാകാരന്‍ കൂടിയാണ്.
മലയാള സിനിമ ചരിത്രത്തെ 'യവനിക'യ്ക്ക് അപ്പുറവും ഇപ്പുറവുമെന്ന് രചിച്ചിട്ട കെജി ജോർജ് പഞ്ചവടിപ്പാലം, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകളുടെ സംവിധായകനാണ്. മലയാളി അന്നുവരെ കണ്ടിട്ടാല്ലത്ത കഥാപറച്ചില്‍ രീതിയും ആഖ്യാനവുമായിട്ടായിരുന്നു യവനികയുടെ കടന്ന് വരവ്. മലയാള സിനിമയിൽ സ്ത്രീകളെയും അവരുടെ ആത്മസംഘർഷങ്ങളെയും കെജി ജോർജിനെപ്പോലെ ഇത്രമേൽ മനസ്സിലാക്കുകയും വെളിപ്പെടുത്തുകയും ചെയ്ത മറ്റൊരു സംവിധായകനില്ലെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.

1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടിയതിന് ശേഷമാണ് കെജി ജോർജ് മലയാള സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. 1976 ല്‍ സ്വപ്നാടനത്തിലൂടെ ആദ്യമായി സ്വതന്ത്ര സംവിധായകനായി. മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള 1975-ലെ സംസ്ഥാന പുരസ്കാരവും സ്വപ്നാടനം നേടി.
വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഉള്‍ക്കടല്‍ എന്നീ ചിത്രങ്ങള്‍ തുടർന്ന് വന്നു. ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള 1978 ലെ സംസ്ഥാന പുരസ്കാരം രാപ്പാടികളുടെ ഗാഥയ്ക്കായിരുന്നു. തൊട്ടുപിന്നാലെ വന്ന മേളയും കോലങ്ങളും വന്‍ വിജയമായി. പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമായിരുന്നു കോലങ്ങള്‍.
1982 ലാണ് യവനിക റിലീസ് ചെയ്യുന്നത്. തുടർന്ന് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, ഈ കണ്ണികൂടി, ഒരു യാത്രയുടെ അന്ത്യം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. ഇടവേളയ്ക്ക് ശേഷം 1998 ല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിലുടെ ഒരു തിരിച്ച് വരവിന് കെജി ജോർജ് ശ്രമിച്ചിരുന്നു. എന്നാല്‍ ചിത്രം പരാജയമാകുകായിരുന്നു.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ. താര, ആരോൺ എന്നിവരാണ് മക്കള്‍












Click it and Unblock the Notifications