സംവിധായകന്‍ സിദ്ധീഖ് എക്മോയില്‍ തുടരുന്നു: ആരോഗ്യ നില അതീവ ഗുരുതരം, മെഡിക്കല്‍ ബോർഡ് യോഗം ചേരും
കൊച്ചി: സംവിധായകന്‍ സിദ്ധീഖിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇപ്പോഴും എക്മോ പിന്തുണയിലാണ് അദ്ദേഹം ഉള്ളതെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം റിവ്യൂ യോഗം ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രി അധികൃതർ പുറത്ത് വിടും. ഇതിനായി ഇന്ന് വൈകീട്ടോടെ മെഡിക്കല്‍ ബോർഡ് യോഗം ചേരും.
കരള്‍ രോഗവും ന്യൂമോണിയ ബാധയും കാരണം കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു സിദ്ധീഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ആരോഗ്യസ്ഥിതി പതിയെ വീണ്ടെടുത്ത് വരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. ഇതോടെയാണ് ആരോഗ്യ നില തീരെ മോശമായത്. ഇതോടെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നത്തെ റിവ്യൂ മീറ്റിങ്ങിന് ശേഷമായിരിക്കും തുടർ ചികിത്സയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുക. ചലച്ചിത്ര പ്രവർത്തകർ ഉള്‍പ്പടെ സിദ്ധീഖിന്റെ സുഹൃത്തുകള്‍ ആശുപത്രിയില്‍ നേരിട്ടെത്തി വിവരങ്ങള്‍ ആരാഞ്ഞു. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടേയുള്ളവരും ആശുപത്രിയിലുണ്ട്.
മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമ രംഗത്തേക്ക് എത്തിയ സിദ്ധീഖ് ലാലിനോടൊപ്പം ചേർന്ന് മലയാള സിനിമയ്ക്ക് പുതിയ വഴിതെളിയിച്ച സംവിധായകനാണ്. സിദ്ധീഖ്-ലാല്‍ കുട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഹിറ്റുകള്‍ ഒരുക്കിയ അദ്ദേഹം ചില സിനിമകളില്‍ നടനായും എത്തിയിരുന്നു. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.












Click it and Unblock the Notifications