Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം. ന്യമോണിയ ബാധയും കരള്‍ രോഗ ബാധയും മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ എക്മോ സപ്പോര്‍ട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

നാളെ രാവിലെ ഒമ്പത് മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം.

1989 ല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രിത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ് തിരക്കഥാകൃത്ത് നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് സിദ്ദിഖ്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വമ്പന്‍ ഹിറ്റുകള്‍ ഒരുക്കാന്‍ സിദ്ദിഖിന് സാധിച്ചിട്ടുണ്ട്. ഏഴ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2020ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.

director siddique passes away

1951 ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ജനിക്കുന്നത്. കളമശേരി സെന്റ് പോള്‍സ് കോളേജിലായിരുന്നു വിദ്യാഭ്യാസം. 1984ല്‍ ആയിരുന്നു സജിതയുമായുള്ള വിവാഹം. സുമയ, സാറ, സുകൂണ്‍ എന്നീ മൂന്ന് പെണ്‍മക്കളുണ്ട്.

അതേസമയം, സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ നായകര്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളില്‍ ലാലിനൊപ്പവും തുടര്‍ന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ ഒട്ടുമുക്കാലും തിയേറ്ററുകളില്‍ ഓളങ്ങള്‍ സൃഷ്ടിച്ചവയാണ്. റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റ് ശ്രേണിയിലുള്ളവയാണ്. ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്. ഹാസ്യപ്രധാനമായ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ നേരുന്നു- സജി ചെറിയാന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+