'അമ്മ പിളരുന്നു': പുതിയ സംഘടന രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ച് ഇരുപതോളം താരങ്ങള്‍
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധി നേരിട്ട താരസംഘടനയായ അമ്മ പിളർപ്പിലേക്ക്. നടീ-നടന്മാരുടെ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അമ്മയിലെ നീക്കം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ നീക്കത്തെ അമ്മ പിളർപ്പിലേക്ക് എന്ന് വ്യാഖ്യാനിക്കുന്നതില്‍ അർത്ഥമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. "അമ്മ എന്ന് പറയുന്ന ഒരു സംഘടനയുടെ സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെയാണ് അവർ പുതിയ ട്രേഡ് യൂണിയനെക്കുറിച്ച് ആലോചിക്കുന്നത്. നമുക്ക് ഇവിടെ മാക്ടയുണ്ട്. ഞാന്‍ മാക്ടയിലും ഫെഫ്കയിലും അംഗമാണ്. അതുകൊണ്ട് തന്നെ അമ്മ പിളർപ്പിലേക്ക് എന്ന് വ്യാഖ്യാനിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല" ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഏതാണ് പതിനഞ്ച് മുതല്‍ ഇരുപത് വരെ ആളുകള്‍ പല സമയങ്ങളിലാണ് എന്നോട് ഇതേക്കുറിച്ച് സംസാരിച്ചത്. അവരുടെ പേര് വിവരങ്ങള്‍ ഞാനായിട്ട് വെളിപ്പെടുത്തുന്നത് ശരിയല്ല. അവരെ സംബന്ധിച്ച് ഒരു ട്രേഡ് യൂണിയന്‍ രൂപീകരിച്ചാല്‍ കൊള്ളാമെന്നത് അവരെ സംബന്ധിച്ച് ഒരു ആലോചന മാത്രമാണ്. ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നത് എങ്ങനെയാണ്. അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് എന്നാണ് അവർ എന്നോട് ചോദിച്ചത്.
പുതുതായി രൂപീകരിക്കാന്‍ ഉദ്ധേശിക്കുന്ന സംഘടനയ്ക്ക് ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടോയെന്നും അവർ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരു സാധ്യത ഇപ്പോള്‍ ഇല്ലെന്ന് തന്നെയാണ്‍ ഞാന്‍ പറഞ്ഞത്. ഫെഫ്കയില്‍ 21 യൂണിയനുകളുണ്ട്. ഇവരുമായി ചർച്ച ചെയ്തിട്ട് വേണം അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍. എല്ലാത്തിനും ഒടുവില്‍ ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണം.
ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തിന് കൃത്യമായ ബൈലോ സഹിതം സംഘടന രൂപീകരിച്ചിരിക്കണം. അവരുടെ പ്രവർത്തന രീതി എന്താണ് എന്നതൊക്കെ ബോധ്യപ്പെടേണ്ടതാണ്. അമ്മയില്‍ തുടർന്നുകൊണ്ട് പുതിയ സംഘടന രൂപീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. രണ്ടും രണ്ട് തരത്തിലുള്ള സംഘടനകളാണ്. അമ്മ എന്ന് പറയുന്നത് മാക്ട പോലെ ഒരു ട്രേഡ് യൂണിയന്‍ അല്ല. മാക്ടയില്‍ അംഗങ്ങളായ ഞങ്ങള്‍ എങ്ങനെ ഫെഫ്ക രൂപീകരിച്ച് പ്രവർത്തിക്കുന്നോ അതുപോലെ അവർക്കും പ്രവർത്തിക്കാമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേസമയം ഇത്തരമൊരു നീക്കം അസാധ്യമായ കാര്യമാണെന്നാണ് നടന്‍ ജോയ് മാത്യൂ വ്യക്തമാക്കുന്നത്. അമ്മയിലെ പിരിച്ചുവിടപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ആരും തന്നെ ഇത്തരമൊരു നീക്കത്തിന് പിന്നിലില്ലെന്നും ജോയ് മാത്യൂ വ്യക്തമാക്കുന്നു. വേതന വ്യവസ്ഥകള്‍ വ്യത്യസ്തമായതുകൊണ്ട് തന്നെ ട്രേഡ് യൂണിയനായി മാറുന്നത് അസാധ്യമായ കാര്യമാണ് എന്നതാണ് തന്റെ ഒരു അറിവെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications