മതേതരത്വവും ജനാധിപത്യവും ജന്മാവകാശമെന്ന് ദുൽഖർ, വിപ്ലവം സ്വന്തം മണ്ണിൽ നിന്നെന്ന് പൃഥ്വിരാജ്
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം സര്‍വ്വകലാശാലകളില്‍ നിന്ന് രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക്, തെരുവുകളിലേക്ക് പടര്‍ന്നിരിക്കുകയാണ്. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ പിന്തുണയുമായി അണി നിരന്നിരിക്കുകയാണ് രാജ്യം.
സിനിമ അടക്കമുളള വിവിധ മേഖലകളില്‍ നിന്ന് പൗരത്വ നിയമത്തിന് എതിരെ ശബ്ദം ഉയര്‍ന്നു കഴിഞ്ഞു. പൊതുവേ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മടിക്കുന്നവരാണ് മലയാളത്തിലെ സിനിമാ താരങ്ങള്‍. പാര്‍വ്വതിയെ വിരലില്‍ എണ്ണാനുളളവര്‍ മാത്രമാണ് പ്രതികരണ ശേഷിയുണ്ടെന്ന് വിവിധ ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുളളത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മലയാള സിനിമയിലെ യുവനിര അപ്പാടെ രംഗത്ത് ഇറങ്ങിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പൃഥ്വിരാജ് മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുളളവര്‍ അക്കൂട്ടത്തിലുണ്ട്.

ആദ്യത്തെ ശബ്ദം
രാജ്യമൊട്ടാകെ പ്രക്ഷോഭം കത്തിപ്പടരുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുളളവര്‍ പതിവ് പോലെ മൗനത്തിലാണ്. അവര്‍ക്കിടയിലാണ് സിനിമയിലെ പുതുതലമുറ പ്രതികരിച്ച് മുന്നോട്ട് വരുന്നത്. ബോളിവുഡില്‍ നിന്ന് സ്വര ഭാസ്‌കറും അനുരാഗ് കശ്യപും അടക്കമുളളവരും തമിഴില്‍ നിന്ന് കമലഹാസനും സിദ്ധാര്‍ത്ഥും അടക്കമുളളവരും ശക്തമായി പ്രതികരിച്ചപ്പോള്‍ മലയാളത്തില്‍ ആദ്യം ശബ്ദം ഉയര്‍ത്തിയത് പാര്‍വ്വതി ആയിരുന്നു.

വിപ്ലവം സ്വന്തം മണ്ണിൽ നിന്ന്
നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നുവെന്നും ഇത് അനുവദിക്കരുതെന്നുമാണ് പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചത്. പൗരത്വ നിയമത്തിന് എതിരെ പ്രതികരിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് അടിച്ചമര്‍ത്തിയതോടെയാണ് യുവതാരങ്ങളില്‍ വലിയൊരു വിഭാഗവും പ്രതികരണവുമായി രംഗത്ത് വന്നത്. ''വിപ്ലവം തുടങ്ങുന്നത് എല്ലായ്‌പ്പോഴും സ്വന്തം മണ്ണില്‍ നിന്നാണ്, ഉണരൂ'' എന്നാണ് പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്

നമ്മുടെ ജന്മാവകാശങ്ങൾ
''മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശങ്ങളാണ്. അവയെ തകര്‍ക്കാനുളള ഏതൊരു ശ്രമങ്ങളേയും പ്രതിരോധിക്കണം. എന്നിരുന്നാലും നമ്മുടെ പാരമ്പര്യം അഹിംസയുടേയും അക്രമരാഹിത്യത്തിന്റെതുമാണ് എന്നോര്‍ക്കണം. നല്ലൊരു ഇന്ത്യയ്ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കൂ'' എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം. 'അതിര്‍ത്തിക്കപ്പുറം അവര്‍ നമ്മെ ഇന്ത്യക്കാര്‍ എന്നാണ് വിളിക്കുന്നത്' എന്ന് അടയാളപ്പെടുത്തിയ മാപ്പും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എവിടെ ജനാധിപത്യം എവിടെ അഭിപ്രായ സ്വാതന്ത്രം?
''പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുളള പ്രതിഷേധമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്താനിരുന്ന വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച പോലീസ് ക്രൂരമായി ആക്രമിച്ചതോടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിലാണോ ഇത്രയും ക്രൂരത. എവിടെ ജനാധിപത്യം എവിടെ അഭിപ്രായ സ്വാതന്ത്രം?'' എന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ട്വിറ്ററിലൂടെ തുറന്നടിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ മകനും മകളുമായിരിക്കൂ
''ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു - അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും,ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു ! '' എന്നാണ് ടൊവിനോ തോമസിന്‌റെ പ്രതികരണം. ''ഇന്ത്യയിലെ എല്ലാ കുട്ടികളേയും ഒരുമിപ്പിക്കാന്‍ ഈ ചൂണ്ടുവിരല്‍ തന്നെ ധാരാളം. ഭരണഘടനയോട് സത്യസന്ധത പുലര്‍ത്തൂ, ഭാരതത്തിന്റെ യഥാര്‍ത്ഥ മകനും മകളുമായിരിക്കൂ'' എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലെഴുതിയത്. ആയിഷ റെന്ന എന്ന വിദ്യാര്‍ത്ഥിനി പോലീസിന് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ഇതേ ചിത്രം നടിമാരായ രജിഷ വിജയൻ, അനാർക്കലി മരക്കാർ എന്നിവരും പങ്ക് വെച്ചിരിക്കുന്നു.

ആരുടെ കൂടെയായിരിക്കണം നമ്മൾ?
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ.. ശരിയാണ്, മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാൽ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയാൽ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ. ഇതിൽ ആരുടെ കൂടെയായിരിക്കണം നമ്മൾ?''

'ഇന്ത്യ നിന്റെ തന്തയുടേതല്ല'
''പ്രതിഷേധത്തിൽ കൃത്യമായ വർഗ്ഗീയതയുടെ കൂടിച്ചേരൽ നടക്കുന്നുണ്ട്.അത് പൗരത്വ ബില്ലു പോലെ തന്നെ അപകടമാണ്.ഏത് വഴിയിലൂടെ വന്നാലും വർഗ്ഗീയത വിഷമാണ്. ജാഗ്രതൈ'' എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആയിഷ റെന്ന പോലീസിന് നേര്‍ക്ക് കൈ ചൂണ്ടുന്ന ചിത്രത്തില്‍ 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്നെഴുതിയ പോസ്റ്ററാണ് നടി അമലാ പോള്‍ പങ്കുവെച്ചത്. പകുതി ജനത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമ്പോഴല്ല ഫാസിസം വിജയിക്കുന്നത് മറിച്ച് മറുപകുതി നിശബ്ദരായിരിക്കുമ്പോഴാണ് എന്നാണ് ആഷിക് അബുവിന്റെ പ്രതികരണം.

മതത്തിന്റെ പേരില്‍ വിഭജിക്കരുത്
പ്രതിഷേധ ചിത്രങ്ങള്‍ പങ്കുവെച്ച റിമ കല്ലിങ്കല്‍ പ്രതിഷേധ സൂചകമായി ദേശീയ പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സുഡാനി ടീമിനെ പിന്തുണച്ച് രംഗത്ത് വന്നു. 'രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുത് എന്നും എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നും എന്നും സ്‌നേഹവും സമാധാനവും പുലരട്ടെ' എന്നും റിമ കുറിച്ചു. പൗരത്വ നിയമത്തോടുളള പ്രതിഷേധമായി ദേശീയ പുരസ്‌ക്കാരം സ്വീകരിക്കില്ലെന്ന് നടി സാവിത്രി ശ്രീധരനും വ്യക്തമാക്കിയിട്ടുണ്ട്.

നാനാത്വത്തില്‍ ഏകത്വം
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് പോലെയാണ് മതേതര ഇന്ത്യ എന്നത് നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശീലമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ അടയാളം നാനാത്വത്തില്‍ ഏകത്വമാണെന്ന് ആരും നമ്മളെ നിര്‍ബന്ധിച്ച് പഠിപ്പിച്ചതല്ല. അത് നമ്മുടെ ശ്വാസത്തിലും രക്തത്തിലും അലിഞ്ഞ് ചേര്‍ന്നതാണ്. നമ്മളറിയുന്ന ഇന്ത്യയില്‍ എതിരഭിപ്രായങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടമുണ്ട്. അതൊന്നും വെറുപ്പും വിദ്വേഷവും മൂലമല്ല.

ജാവേദും ജോസഫും ജയദേവും ഉണ്ടാകണം
പ്രിയപ്പെട്ട സര്‍ക്കാരേ, എല്ലാ ഹിന്ദുവിനും മുസ്ലീം ക്രിസ്ത്യന്‍ സിഖ് സുഹൃത്തുക്കളുണ്ടാകും. അത് വളര്‍ന്ന് വരുമ്പോഴേ അങ്ങനെയാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യം നശിപ്പിക്കരുത്. ഏത് നിയമം വന്നാലും ഇവിടെ ജാവേദും ജോസഫും ജയദേവും ഉണ്ടാകണം. വരും തലമുറകളും സഹവര്‍ത്തിത്വത്തോടെ കഴിയാന്‍ ബിരിയാണിയും ക്രിസ്തുമസ് കേക്കുകളും പായസങ്ങളും വേണം''.












Click it and Unblock the Notifications