Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, വീടുകള്‍ ഒലിച്ചുപോയി; കേരളത്തില്‍ നാലിടത്ത് റെഡ് അലര്‍ട്ട്‌

കനത്ത മഴയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡില്‍ ഭീതി വിതച്ച് മിന്നല്‍ പ്രളയം. ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തില്‍ മിന്നല്‍ പ്രളയമുണ്ടായി. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ച് പോയിട്ടുണ്ട്. പ്രളയത്തിന്റെ വ്യാപ്തിയും ഭീതിയും വെളിവാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തെയും സമീപിച്ചിട്ടുണ്ട്. ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുന്നത് ധരാലി മാര്‍ക്കറ്റ് പ്രദേശത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് മന്ത്രി സൗരഭ് ബഹുഗുണ പറഞ്ഞു.

അതിനിടെ കേരളത്തിലും ഇന്ന് ശക്തമായ മഴയാണ് പെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ ജിലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി കാരണമാണ് മഴ ശക്തമാകുന്നത്.

Malayalam News Live

Aug 05, 2025, 11:13 pm IST

ട്രെയിന്‍ ഗതാഗത നിയന്ത്രണം

ആലുവയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ട്രെയിനുകള്‍ വൈകിയോടും. ഇന്‍ഡോര്‍ - തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (22645), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് - തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
Aug 05, 2025, 8:22 pm IST

ഇന്ത്യ നല്ല വ്യപാരപങ്കാളിയല്ല; 24 മണിക്കൂറിനുള്ളില്‍ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ്

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധം അറിയിച്ച ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന ഭീഷണി ആവര്‍ത്തിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് മേല്‍ അധിക താരിഫുകള്‍ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യ നല്ല വ്യപാരപങ്കാളിയല്ലെന്നും ട്രംപ് വിമര്‍ശിച്ചു. ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് ഓഗസ്റ്റ് ഏഴു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
Aug 05, 2025, 6:31 pm IST

ഉത്തരകാശിയില്‍ എല്ലാ സഹായവും ഉറപ്പാക്കും: പ്രധാനമന്ത്രി

മേഘവിസ്ഫോടനമുണ്ടായ ഉത്തരകാശിയില്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ദുരന്ത നിവാരണ സംഘങ്ങള്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തുകയാണ്. ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു ശ്രമവും പാഴാക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Aug 05, 2025, 5:29 pm IST

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.
Aug 05, 2025, 4:37 pm IST

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
Aug 05, 2025, 3:41 pm IST

സത്യപാല്‍ മാലിക് അന്തരിച്ചു

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിന്റെ ഗവര്‍ണറായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേയും ഗവര്‍ണറായി.
Aug 05, 2025, 2:51 pm IST

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും കെട്ടിടങ്ങളും ഒലിച്ച് പോയി. വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Aug 05, 2025, 2:45 pm IST

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന് ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരണം. എസ് ഐടി അന്വേഷത്തില്‍ തൃപ്തിയില്ല എന്നും പലകാര്യങ്ങളും അന്വേഷിച്ചില്ല എന്നും സഹോദരന്‍. കണ്ണൂരിലെ വിചാരണ കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കി.
Aug 05, 2025, 1:59 pm IST

സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കൂച്ച് ബെഹാറില്‍ ഒരു പ്രതിഷേധ റാലി നയിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ബംഗാളില്‍ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നിരിക്കുന്നു എന്നും ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു എന്നും പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ പറഞ്ഞു.
Aug 05, 2025, 1:24 pm IST

മഴ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കൂടി അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്.
Aug 05, 2025, 12:49 pm IST

മെസി വന്നില്ലെങ്കില്‍ കേസ് കൊടുക്കും

മെസ്സി ഉള്‍പ്പെടുന്ന ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തുമെന്ന നിലവിലെ കരാര്‍ റദ്ദായാല്‍ നിയമനടപടി സ്വീകരിക്കും എന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായിട്ടാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറില്‍ ഏര്‍പ്പെട്ടത്. കരാറിലെ എല്ലാ വ്യവസ്ഥകളും - നല്‍കേണ്ട മുഴുവന്‍ തുകയും കൈമാറുന്നതടക്കം - കമ്പനി പാലിച്ചിട്ടുണ്ട്. അതനുസരിച്ച് ലയണല്‍ മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീമിന്റെ ഇന്ത്യയിലെ മുഴുവന്‍ കളികളുടേയും നടത്തിപ്പ് ചുമതല റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കായിരിക്കും. മെസ്സി ഉള്‍പ്പെട്ട ടീം ഇന്ത്യയിലേക്ക് വരില്ല എന്ന് ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. പകരം അടുത്ത വര്‍ഷം, 2026ലെ ലോകകപ്പിന് ശേഷം, സെപ്റ്റംബറില്‍ വരാം എന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ജയിച്ച മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീമിനെ ഈ വര്‍ഷം ഒക്ടോബറിലോ, നവംബറിലോ ഏഴ് ദിവസം ഇന്ത്യയില്‍ എത്തിക്കാമെന്നാണ് കരാര്‍. ഈ വര്‍ഷം മെസ്സി ഉള്‍പ്പെടുന്ന ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തുമെന്ന നിലവിലെ കരാറില്‍ മാത്രമേ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് താത്പര്യമുള്ളു. ഈ കരാര്‍ റദ്ദായാല്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. അതുകൊണ്ട് കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനെതിരെ കമ്പനി ശക്തമായി നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Aug 05, 2025, 12:32 pm IST

വാണിയംകുളത്ത് മലവെള്ളപ്പാച്ചില്‍

പാലക്കാട് വാണിയംകുളത്ത് മലവെള്ളപ്പാച്ചില്‍. ഉരുള്‍പെട്ടല്‍ എന്ന സംശയമുണ്ട് എന്ന് പ്രദേശവാസികള്‍. വീടിന് മുന്നില്‍ കല്ലും മണ്ണും വന്നടിഞ്ഞു. വീട് വിട്ടിറങ്ങിയോടി പ്രദേശവാസികള്‍
Aug 05, 2025, 12:30 pm IST

യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

കൂത്താട്ടുകുളത്ത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. സിപിഎം വിമത കലാ രാജുവിന്റെ പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായത്. കൂത്താട്ടുകുളത്ത് ഇടതിന് ഭരണം നഷ്ടമായി
Aug 05, 2025, 12:11 pm IST

കൊടി സുനിക്കെതിരെ പരാതി

ടിപി വധക്കേസ് പ്രതി കൊടി സുനിക്കെതിരെ പരാതി. പരസ്യമദ്യപാനത്തില്‍ കേസെടുക്കണം എന്ന് കെഎസ്‌യു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി കൊടുത്തിരിക്കുന്നത്.
Aug 05, 2025, 11:25 am IST

സ്‌കൂള്‍ കായിക മേള ഒളിമ്പിക്‌സ് മാതൃകയില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒളിമ്പിക്‌സ് മാതൃകയില്‍ തിരുവനന്തപുരത്ത് ഒക്ടോബറില്‍ നടക്കും. ഒക്ടോബര്‍ 22 മുതല്‍ 27 വരെ നടക്കുന്ന മേളയില്‍ 24,000 ഓളം കുട്ടികള്‍ മത്സരിക്കും. 20 വേദികളാകും മത്സരങ്ങള്‍ക്കായി സജ്ജമാക്കുക. ഇതിന് മുന്നോടിയായുള്ള ജില്ലാതല മത്സരങ്ങള്‍ ഉടനെ തുടങ്ങും. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് ജില്ലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഇക്കുറിയും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തും. ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന കുട്ടികള്‍ക്കും ഇക്കുറിയും അവസരമുണ്ടാകും.
Aug 05, 2025, 11:24 am IST

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശ്ശൂരില്‍. 64-ാമത് സ്‌കൂള്‍ കലാമേള അടുത്ത ജനുവരി 7 മുതല്‍ 11 വരെയാണ് നടക്കുന്നത്. 25-ഓളം വേദികളിലായാണ് മിടുക്കന്‍മാരും മിടുക്കത്തികളും മാറ്റുരക്കുക. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് ഇതിന് മുമ്പ് കലോത്സവം തൃശൂരില്‍ നടന്നത്. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സ്‌കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ മാസത്തിലും സബ് ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും.
Aug 05, 2025, 10:25 am IST

സ്‌കൂളുകളില്‍ ബാക്ക് ബെഞ്ച് വേണ്ട

'നമ്മുടെ സ്‌കൂള്‍ ക്ലാസ് മുറികളില്‍നിന്ന് 'പിന്‍ബെഞ്ചുകാര്‍' എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സങ്കല്‍പം ഒരു വിദ്യാര്‍ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാന്‍ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നു. പിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കാന്‍ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു,' വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
Aug 05, 2025, 10:22 am IST

അമേരിക്കന്‍ വീസ അപേക്ഷകര്‍ക്ക് തിരിച്ചടി

അമേരിക്കന്‍ വീസ അപേക്ഷകര്‍ക്ക് തിരിച്ചടി. വിസ അപേക്ഷയ്ക്കായി പുതിയ നിബന്ധനകള്‍ വരികയാണ് എന്നാണ് വിവരം. ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്കായി അപേക്ഷിക്കുന്ന ചില വ്യക്തികളില്‍നിന്ന് 15,000 ഡോളര്‍ വരെ ബോണ്ട് ആവശ്യപ്പെടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുകയാണ്
Aug 05, 2025, 10:02 am IST

ഡല്‍ഹിയില്‍ നിര്‍ണായക യോഗം

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, തുടങ്ങി എല്ലാ എന്‍ഡിഎ എംപിമാരും ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നു.
Aug 05, 2025, 10:01 am IST

പിവി അന്‍വറിനെതിരെ കേസ്

ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ പരാതിക്കാരന്‍
Aug 05, 2025, 9:09 am IST

എറണാകുളത്ത് വെള്ളക്കെട്ട്

എറണാകുളത്ത് കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട്. ഇടപ്പള്ളി-ടോള്‍ റോഡില്‍ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ജില്ലയിലെ വനമേഖലയിലും കനത്ത മഴ
Aug 05, 2025, 8:12 am IST

കൊച്ചി ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്

തന്നെ കുടുക്കിയതാണ് എന്ന് പ്രതിയായുവതി. ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന് യുവതി. ഐസിസിയ്ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് ഹണിട്രാപ് ആരോപിച്ചത്. ഔദ്യോഗിക യാത്രയ്ക്കിടയിലും ഉപദ്രവിച്ചു. ഐടി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
Aug 05, 2025, 7:54 am IST

ഷാനവാസിന്റെ ഖബറടക്കം ഇന്ന്

ഇന്നലെ അന്തരിച്ച നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ ഖബറടക്കം ഇന്ന്. ഇന്ന് വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കം. 71 കാരനായ ഷാനവാസ് വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 50 ലധികം സിനിമകളിലും ചില ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
Aug 05, 2025, 7:28 am IST

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്

ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, വലിയ ലാഭത്തിനായി തുറന്ന വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നുവെന്ന് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ ഇനിയും നികുതി ചുമത്തും എന്നും ട്രംപിന്റെ ഭീഷണി. എന്നാല്‍ ഇത്തരമൊരു നീക്കം ന്യായീകരിക്കാനാകില്ല എന്നും യുക്തിരഹിതവുമാണ് എന്നും ഇന്ത്യ പ്രതികരിച്ചു
Aug 05, 2025, 7:03 am IST

പെരുമഴ വരുന്നു

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ പെയ്യാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+