Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർവ്വകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധം; സംഘർഷം..ജലപീരങ്കി പ്രയോഗിച്ച് പോലീസ്

കേരള സർവ്വകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധം ശക്തം. സർവ്വകലാശാലയുടെ അകത്ത് എഐഎസ്എഫും പുറത്ത് ഡിവൈഎഫ്ഐയുമാണ് പ്രതിഷേധിക്കുന്നത്. അകത്ത് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗേറ്റിന് മുന്നിലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം നടക്കുന്നത്.

പ്രവർത്തകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് തകർത്ത് പ്രവർത്തകർ അകത്തേക്ക് കയറി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പോലീസും പ്രവർത്തകരും ഉന്തും തള്ളുമുണ്ടായി. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

newproject89-1

Jul 10, 2025, 11:03 pm IST

തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണം എന്നും ഘടക കക്ഷി സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത് ഒഴിവാക്കണം എന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു
Jul 10, 2025, 9:45 pm IST

കീം പുതുക്കിയ ഫലം

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ ഫലത്തില്‍ നിന്ന് വലിയ മാറ്റത്തോടെയാണ് രണ്ടാമത് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം റാങ്ക് അടക്കം മാറി. കേരള സിലബസുകാര്‍ പിന്നില്‍ പോയി. ആദ്യ 100 ല്‍ 21 പേര്‍ കേരള സിലബസില്‍ ഉള്ളവര്‍
Jul 10, 2025, 9:26 pm IST

നിപയില്‍ മലപ്പുറത്തിന് ആശ്വാസം

നിപ ബാധയില്‍ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവില്‍ മലപ്പുറത്ത് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴിവാക്കി.
Jul 10, 2025, 8:54 pm IST

കേരളയില്‍ പോര്

കേരള വിസിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ. മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
Jul 10, 2025, 8:17 pm IST

ചിറയില്‍ വീണതായി സംശയം

കോഴിക്കോട് കുറ്റ്യാടി ചിറയില്‍ ഒരാള്‍ വീണതായി സംശയം. സ്‌കൂബ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു
Jul 10, 2025, 7:42 pm IST

കപില്‍ ശര്‍മ്മയുടെ കഫേയില്‍ വെടിവെയ്പ്

കൊമേഡിയന്‍ കപില്‍ ശര്‍മ്മ കാനഡയില്‍ പുതുതായി ആരംഭിച്ച കഫേയായ കാപ്‌സ് കഫേയില്‍ വെടിവെയ്പ്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ജീത് സിംഗ് ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പട്ടികപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് ഭീകരനായ ലഡ്ഡി നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (ബികെഐ) ബന്ധമുള്ളയാളാണ്.
Jul 10, 2025, 6:48 pm IST

കേരളം അപ്പീലിനില്ല

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കീം പരീക്ഷാഫലം റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയും തള്ളിയതോടെയാണ് പിന്മാറ്റം
Jul 10, 2025, 5:50 pm IST

കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയഫണ്ട്

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 153.20 കോടി അനുവദിച്ചു. അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങള്‍ക്കായി ആകെ 1066. 80 കോടിയാണ് അനുവദിച്ചത് എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു
Jul 10, 2025, 5:31 pm IST

കീമില്‍ തിരിച്ചടി

കീമില്‍ സര്‍ക്കാരിന് തിരിച്ചടി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല
Jul 10, 2025, 3:59 pm IST

മഴ അറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (10/07/2025) മുതൽ 12/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Jul 10, 2025, 2:57 pm IST

9531 കോടി രൂപ നൽകാനാകില്ല; സർക്കാരിനോട് കപ്പൽ കമ്പനി എൽസ

കപ്പലപകടത്തില്‍ 531 കോടി രൂപ നഷ്ടപരിഹാരം വേണെന്ന സർക്കാർ ആവശ്യം തള്ളി എംഎസ്സി. എല്‍സ കമ്പനി. ഇത്രയും തുക തങ്ങൾക്ക് നൽകാൻ സാധിക്കില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം നികത്തുന്നതിനുമാണ് ഇത്രയും വലിയ തുക സർക്കാർ ആവശ്യപ്പെട്ടത്.
Jul 10, 2025, 2:19 pm IST

എസ്എഫ്ഐ മാർച്ചിൽ സംഘർഷം

സർവ്വകലാശാലകളിൽ കാവിവത്കരണം നടക്കുന്നുവെന്ന് ആരോപിച്ച് രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Jul 10, 2025, 1:52 pm IST

ഷാർജയിൽ മലയാളി യുവതിയേയും ഒന്നരവയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയേയും ഒന്നരവയസുകാരി മകളേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയതാകാമെന്നാണ് വിലയിരുത്തൽ. മരണകാരണം വ്യക്തമല്ല.
Jul 10, 2025, 1:19 pm IST

യുവതിയേയും സുഹൃത്തിന്റെ കുഞ്ഞിനേയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

മുൻ ലിവിങ് പങ്കാളിയായ യുവതിയേയും സുഹൃത്തിന്റെ കുഞ്ഞിനേയും കൊലപ്പെടുത്തിയ 23 കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് ആൺ സുഹൃത്തായിരുന്ന നിഖിൽ കുമാർ കൊലപ്പെടുത്തിയത്. ആര്യയുടെ സുഹൃത്ത് രാഷ്മി ദേവിയുടെ ഭർത്താവ് ദുർഗേഷ് കുമാറിനോടുള്ള വൈരാഗ്യത്തിലാണ് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആര്യ ഗർഭിണിയാണെന്ന് പ്രതി സംശയിച്ചിരുന്നു. ദുർഗേഷ് ഗർഭം അലസിപ്പിക്കാൻ സഹായിച്ചെന്ന് കരുതിയാണ് കുഞ്ഞിനെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Jul 10, 2025, 12:48 pm IST

എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ വിഡി സതീശൻ

എസ്എഫ്ഐയുടെ സർവ്വകലാശാല പ്രതിഷേധത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർക്കെതിരെ സമരം ചെയ്യണമെങ്കിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തുകയാണ് വേണ്ടതെന്നും അല്ലാതെ സർവകലാശാലയിൽ ഓരോ ആവശ്യങ്ങൾക്ക് വന്ന വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിക്കുക അല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു. സമരരംഗത്തുള്ള യുഡിഎഫ് പ്രവർത്തകരുടെ തല അടിച്ച് പൊളിക്കുന്ന പോലീസും എസ്എഫ്ഐക്ക് ഗുണ്ടായിസം നടത്താൻ കുടപിടിക്കുന്ന പോലീസിനെയുമാണ് കേരളം കാണുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
Jul 10, 2025, 12:45 pm IST

നിമിഷ പ്രിയ കേസ്; ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രത്തിൻറെ ഇടപെടൽ തേടിയുള്ള ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. കേസ് ജുലൈ 14 പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ എന്നാൽ ജൂലൈ 16-നാണ് വധശിക്ഷ നടപ്പാക്കുന്ന തീയതിയെന്നും അതിനാൽ ഇടപെടലിന് രണ്ട് ദിവസം മാത്രമേ ലഭിക്കുകയുള്ളൂവെന്നും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബസന്ത് കോടതിയെ അറിയിച്ചു.
Jul 10, 2025, 12:34 pm IST

സമ്മതമില്ലാതെ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവ് അറസ്റ്റിൽ

ബംഗളൂരു; യുവതിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 26-കാരൻ അറസ്റ്റിൽ. യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായതിനെ തുടർന്നാണ് അറസ്റ്റ്.ഗുർദീപ് സിംഗ് എന്നയാളാണ് പിടിയിലായത്. ഹോട്ടൽ മാനേജ്‌മെൻ്റ് ബിരുദധാരിയാണ് ഇദ്ദേഹം. ബംഗളൂരുവിലെ കെആർ പുരം ഏരിയയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇയാൾ പങ്കുവെച്ചത്.
Jul 10, 2025, 12:30 pm IST

വ്യോമസേന വിമാനം തകർന്ന സംഭവം; പൈലറ്റുമാരെ തിരിച്ചറിഞ്ഞു

രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റുമാരെ തിരിച്ചറിഞ്ഞു. സ്ക്വാഡ്രൺ ലീഡർ ലോകേന്ദ്ര സിംഗ് സിന്ധു (31), ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഋഷി രാജ് സിംഗ് (23) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ് സിന്ധു. ലെഫ്റ്റനന്റ് സിംഗ് രാജസ്ഥാനിലെ പാലി സ്വദേശിയാണ്.ഇന്നലെ ഉച്ചകഴിഞ്ഞ് ചുരു ജില്ലയിലെ ഭനോദ ഗ്രാമത്തിന് സമീപമാണ് വ്യോസേന വിമാനം അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനം പൂർണമായും കത്തിനശിച്ചു. പരിശീലനപ്പറക്കലിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
Jul 10, 2025, 12:24 pm IST

ബിഹാർ വോട്ടർ പട്ടിക വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി

ബിഹാർ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എന്തുകൊണ്ടാണ് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. നടപടിയല്ല, സമയമാണ് പ്രശ്നമെന്ന് കോടതി ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും, ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.
Jul 10, 2025, 12:00 pm IST

മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം. മകന് സർക്കാർ ജോലി നൽകാനും മന്ത്രിസഭയോഗം തീരുമാനിച്ചു. ഈ മാസം മൂന്നിനായിരുന്നു അപകടം.
Jul 10, 2025, 11:47 am IST

കേരള സർവ്വകലാശാല ആസ്ഥാനത്തെത്തി രജിസ്ട്രാർ

സസ്പെന്റ് വിവാദങ്ങൾക്കിടെ കേരള സർവ്വകലാശാല ആസ്ഥാനത്ത് എത്തി രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാർ. രജിസ്ട്രാര്‍ സസ്‌പെന്‍ഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കരുതെന്നും വിസി നിർദേശിച്ചെങ്കിലും വിസിയുടെ നിർദേശം സുരക്ഷ ഉദ്യോഗസ്ഥർ അനുസരിച്ചില്ല. അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് അനിൽ കുമാർ പ്രതികരിച്ചു.
Jul 10, 2025, 10:59 am IST

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

അടിയന്തരാവസ്ഥ കാലത്തെ ക്രൂരതകൾ വിവരിച്ച് ഇന്ദിരാഗന്ധിയേയും സഞ്ജയ് ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് ശശി തരൂരിന്റെ ലേഖനം. '21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടത്. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി, ഭരണഘടന വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടു.രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തി', തരൂർ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളാനും നമ്മൾ തയ്യാറകണമെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.
Jul 10, 2025, 9:48 am IST

ലഹരിമരുന്നുമായി ഐടി ജീവനക്കാർ പിടിയിൽ

എറണാകുളത്ത് ലഹരിമരുന്നുമായി ഐടി ജീവനക്കാരായ രണ്ട് പേർ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യിൽ നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമാണ് കണ്ടെത്തിയത്
Jul 10, 2025, 8:39 am IST

നിമിഷപ്രിയയുടെ വധശിക്ഷ; ഇടപെടൽ തേടി കേന്ദ്രത്തിന് കത്തയച്ച് കേരള എംപിമാർ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിൽ നിന്നുള്ള എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 നാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ടെന്ന് നേതാക്കൾ പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് എംപി കെ രാധാകൃഷ്ണൻ അറിയിച്ചു.
Jul 10, 2025, 7:44 am IST

ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ് നേഹയെ ആണ് ഇന്ന് പുലർച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Jul 10, 2025, 6:59 am IST

കാനഡയിൽ വിമാന അപകടം; മലയാളി വിദ്യാർത്ഥി അടക്കം 2 പേർ മരിച്ചു

കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. മലയാളി വിദ്യാർത്ഥി ഉൾപ്പെടെയാണ് മരിച്ചത്. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+