Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍; ശുഭാന്‍ഷു ഭൂമി തൊട്ടു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി നടന്ന ചർച്ചകൾക്കൊടുവിൽ, യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോയും കേന്ദ്രസർക്കാരും ഇത് സ്ഥിരീകരിച്ചു. യെമൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. വധശിക്ഷ നടപ്പിലാക്കാനിരുന്ന തീയതി നാളെയായിരുന്നു.

live

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലാണ് വധശിക്ഷ നീട്ടിവെക്കുന്നതില്‍ നിർണ്ണായകമായത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മധ്യസ്ഥ ചർച്ചകള്‍ നടന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ചർച്ചയിൽ കുടുംബം വഴങ്ങിയതായാണ് സൂചന.

അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ആക്‌സിയം ദൗത്യസംഘം ഭൂമിയില്‍ മടങ്ങിയെത്തി. ഇന്നലെ വൈകീട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വേര്‍പെടുത്തി മടക്കയാത്ര തുടങ്ങിയത്. ഇന്ന് വൈകീട്ട് 3.01-ന് ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍ കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി. ശുഭാംശുവിന്റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാര്‍ കാത്തിരിക്കുന്നത്.

Jul 15, 2025, 11:34 pm IST

കടുത്ത നടപടി

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ എറണാകുളം കളക്ടറേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദിനെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Jul 15, 2025, 11:03 pm IST

വിസിമാരുടെ നിയമനം

കേരള സാങ്കേതിക സർവകലാശാലയിലേക്കും (കെടിയു) ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോഗ്യരായവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് സമർപ്പിച്ചു. ഈ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് സർക്കാർ ആവശ്യം.
Jul 15, 2025, 9:35 pm IST

മൂന്ന് തിന്മകള്‍

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ ശക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Jul 15, 2025, 8:50 pm IST

എംവി ഗോവിന്ദന്‍

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് . കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Jul 15, 2025, 7:53 pm IST

പ്രഫുല്‍ പട്ടേലിന് മറുപടി

പ്രഫുല്‍ പട്ടേലിന് മറുപടിയുമായി എകെ ശശീന്ദ്രന്‍. പ്രഫുല്‍ പട്ടേലിന്റെ കത്ത് ഗൗരവത്തിലെടുക്കേണ്ടതില്ല, ഇല്ലാത്ത പദവി ഉണ്ടെന്ന് ഭാവിച്ച് അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Jul 15, 2025, 7:01 pm IST

പിതാവിന്റെ അവസാന ആഗ്രഹം

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച നടപടിയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. എന്റെ പിതാവിന്റെ അവസാന ആഗ്രഹത്തിന്റെ ഒരുപടിയിലേക്ക് എത്തുകയാണ്. ഗവര്‍ണര്‍ മനുഷ്യസ്‌നേഹിയായി വിഷയത്തില്‍ ഇടപെട്ടു. ശ്രദ്ധയോടെയുള്ള നീക്കമാണ് ഇനി വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി
Jul 15, 2025, 6:31 pm IST

വധശിക്ഷ നീട്ടിവെച്ചത് ആശ്വാസകരം- വിഡി സതീശന്‍

നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടിഇനി കാത്തിരിക്കാം.
Jul 15, 2025, 6:11 pm IST

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
Jul 15, 2025, 6:01 pm IST

കാന്തപുരത്തിന്റെ പ്രതികരണം

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Jul 15, 2025, 5:52 pm IST

ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഇന്ത്യ

തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. പ്രൊജക്ട് വിഷ്ണു എന്ന കോഡ് നാമത്തിലാണ് എക്സ്റ്റൻഡഡ് ട്രജക്ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിച്ചത്.മണിക്കൂറിൽ 9,878 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ മിസൈലിന് ശേഷിയുണ്ട്. ശബ്ദത്തിന്റെ എട്ടിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 1500 കിമിയാണ്.
Jul 15, 2025, 5:50 pm IST

കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Jul 15, 2025, 5:19 pm IST

മില്‍മ പാല്‍ വില ഉടനടി കൂട്ടില്ല

പാല്‍ വില ഉടനടി കൂട്ടേണ്ടതില്ലെന്ന് മില്‍മ ഭരണസമിതി യോഗത്തില്‍ തീരുമാനം. വിവിധ മേഖലാ യൂനിയനുകളുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മില്‍മ ഭരണസമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകളുടേതായിരുന്നു വില കൂട്ടാനുള്ള ശുപാര്‍ശ. ലിറ്ററിന് 60 രൂപയാക്കണമെന്നായിരുന്നു നിര്‍ദേശം.
Jul 15, 2025, 4:44 pm IST

ശുഭാംഷു ശുക്ല പേടകത്തില്‍നിന്നു പുറത്തിറങ്ങി

ബഹിരാകാശത്തു നിന്ന് തിരിച്ചെത്തിയ ശുഭാംഷു ശുക്ല ഉള്‍പ്പെടെ നാലു പേരും പേടകത്തില്‍നിന്നു പുറത്തിറങ്ങി. ശുഭാംശു ശുക്ലയുടെ ചരിത്രം കുറിച്ച വരവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
Jul 15, 2025, 2:55 pm IST

ശുഭാന്‍ഷു ശുക്ലയുമായുള്ള പേടകം നിമിഷങ്ങള്‍ക്കുള്ളില്‍ സമുദ്രത്തില്‍ പതിക്കും

ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ല ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തും. ഡ്രാഗണ്‍ സുരക്ഷിതമാണെന്നു സ്പേസ് എക്സ് അറിയിച്ചു. ഏതാനും മിനിറ്റിനുള്ളില്‍ കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ഉണ്ടാകും.
Jul 15, 2025, 2:43 pm IST

ഷെറിന്‍ ഉടന്‍ ജയില്‍ മോചിതയാകും

ഭാസ്‌കര കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്‍ ഉടന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിലുള്ള ഷെറിന്‍ പരോളിലാണ്. മന്ത്രിസഭാ യോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ജയിലിലെത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഷെറിനെ മോചിപ്പിക്കും. ജീവപര്യന്തം തടവു ശിക്ഷയാണ് ഷെറിന്‍ അനുഭവിക്കുന്നത്.
Jul 15, 2025, 1:55 pm IST

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതായി കേന്ദ്രം. സാമൂഹിക പ്രവര്‍ത്തകനായ സാമുവല്‍ ജെറോമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ശിക്ഷ നാളെ നടപ്പാക്കില്ല എന്നാണു വിവരം. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അടുത്ത നടപടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. കാന്തപുരത്തിന്റെ ഇടപെടലിനു പിന്നാലെയാണ് കേരളം കാത്തിരുന്ന, പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്ത എത്തിയത്.
Jul 15, 2025, 1:04 pm IST

നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കല്‍; പ്രതികരണവുമായി കാന്തപുരം

യെമനില്‍ വിധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സിന്റെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വധശിക്ഷ വിധിച്ചവര്‍ക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ മാപ്പ് നല്‍കാന്‍ മതത്തില്‍ വ്യവസ്ഥ ഉണ്ടെന്നും ആ വ്യവസ്ഥ ഉപയോഗിക്കാനാണ് നീക്കമെന്നും കാന്തപുരം പ്രതികരിച്ചു. ഇത് കുടുംബം പൂര്‍ണമായി അംഗീകരിക്കണം. നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാന്‍ ഇടപെട്ടത് നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ വേണ്ടിയാണെന്നും ഇതിനായി യമനിലെ മതപണ്ഡിതന്മാരെ ബന്ധപ്പെട്ടുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ ഇപ്പോഴും യമനില്‍ തുടരുകയാണ്.
Jul 15, 2025, 12:54 pm IST

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; എത്തിയത് മുഖ്യമന്ത്രിയുടെ പേരിലുള്ള മെയില്‍ ഐഡിയില്‍ നിന്ന്

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. ഭീഷണി എത്തിയത് സഖാവ് പിണറായി വിജയന്‍ എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ടവര്‍ ബില്‍ഡിംഗില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവ പൊട്ടിത്തെറിക്കുമെന്നുമാണ് ഇ-മെയിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ബോംബ് സ്‌ക്വാഡ് സംഘവും പൊലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.
Jul 15, 2025, 12:48 pm IST

പന്തീരങ്കാവ് കവര്‍ച്ചാ കേസ്; 39 ലക്ഷം രൂപ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

കോഴിക്കോട് പന്തീരങ്കാവ് കവര്‍ച്ചാ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ബാങ്ക് ജീവനക്കാരില്‍ നിന്ന് പ്രതി ഷിബിന്‍ ലാല്‍ തട്ടിയെടുത്ത 40 ലക്ഷം രൂപയില്‍ 39 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്. പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു അറസ്റ്റിലായ ഷിബിന്‍ ലാല്‍ നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്.
Jul 15, 2025, 12:47 pm IST

നിമിഷപ്രിയ: യൂസഫലിയുമായി സംസാരിച്ച് ഗവര്‍ണര്‍

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. യെമനിലെ ഭരണാധികാരികളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തില്‍ പ്രമുഖ വ്യവസായി യൂസഫലിയുമായും ഗവര്‍ണര്‍ സംസാരിച്ചു.
Jul 15, 2025, 10:26 am IST

വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാര്‍ജയില്‍

ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മാതാവ് ഷൈലജ നിയമപോരാട്ടത്തിനായി ഷാര്‍ജയില്‍ എത്തി. മകളുടെയും കുട്ടിയുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ലക്ഷ്യം. വിപഞ്ചികയുടെ സഹോദരന്‍ വിനോദും രാത്രി ഷാര്‍ജയില്‍ എത്തും. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെതിരേ ഷാര്‍ജയില്‍ പരാതി നല്‍കാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധുക്കള്‍ സംസാരിക്കും.
Jul 15, 2025, 8:41 am IST

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; ഒന്‍പത് പേര്‍ പിടിയില്‍

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്. ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍ അടക്കം 9 പേരാണു പിടിയിലായത്. തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരനായ മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബര്‍ അലിയും അറസ്റ്റിലായി. ലഹരി നല്‍കിയാണ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.
Jul 15, 2025, 8:02 am IST

കോളജ് അധ്യാപകന്റെ പീഡനം; ഒഡീഷയില്‍ തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു

ഒഡീഷയില്‍ കോളജ് അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ രാഷ്ട്രപതി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ബലാസോറിലെ കോളജ് അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. കോളജിന് മുന്നില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
Jul 15, 2025, 7:35 am IST

ഇന്ന് യെല്ലോ അലേര്‍ട്ട് ഈ ജില്ലകളില്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തി പ്രാപിക്കും. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്.
Jul 15, 2025, 7:18 am IST

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിയാണ് ചികിത്സയ്ക്കു വേണ്ടി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ. 10 ദിവസത്തോളം മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ തേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+