Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍ ചാടിയ ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍; പലസ്തീനെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയതും മണിക്കൂറുകള്‍ക്കകം പിടികൂടിയതുമാണ് കേരളം രാവിലെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത. കൃത്യമായ ആസൂത്രണം നടത്തിയാണ് ഗോവിന്ദച്ചാമി അതിസുരക്ഷാ സെല്ലില്‍ നിന്ന് ചാടിയതെന്ന് വ്യക്തമായി കഴിഞ്ഞു.

തളാപ്പ് വെച്ച് നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ ആളൊഴിഞ്ഞ വളപ്പിലേക്ക് ചാടിയ ഗോവിന്ദച്ചാമി പൊലീസ് പരിസരം വളഞ്ഞതിന് പിന്നാലെ കിണറ്റില്‍ ചാടി. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ പൊക്കിയത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തനിക്ക് സഹായം കിട്ടിയെന്ന് ഗോവിന്ദച്ചാമി പറഞ്ഞെന്നാണ് വിവരം. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കും. നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

live

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. വാഗമണ്‍ റോഡില്‍ വെച്ച് കൊക്കയിലേക്ക് കാല്‍ വഴുതി വീണ് എറണാകുളം സ്വദേശി തോബിയാസ് മരിച്ച ദാരുണസംഭവവും ഉണ്ടായി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി നല്‍കിയിട്ടുണ്ട്.

രാജ്യാന്തര തലത്തിലെ പ്രധാന വാര്‍ത്ത വരുന്നത് ഫ്രാന്‍സില്‍ നിന്നാണ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു.

Jul 26, 2025, 1:44 am IST

ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായാണ് ഉയാർത്തിയത്. ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് മറുപടി നൽകിയത്.
Jul 26, 2025, 1:04 am IST

ട്രെയിനില്‍ നിയമവിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം

ട്രെയിനില്‍ നിയമവിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം കാണിച്ച വട്ടിയൂർക്കാവ് സ്വദേശി പിടിയിൽ. സതീശ് എന്നയാളാണ് അറസ്റ്റിലായത്. വേണാട് എക്സ്പ്രസിൽ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ വര്‍ക്കലയില്‍ വെച്ചായിരുന്നു സംഭവം. ഇയാൾ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
Jul 25, 2025, 11:18 pm IST

തായ്‌ലൻഡ്–കംബോഡിയ സംഘർഷം;യോഗം ചേർന്ന് യുഎൻ സുരക്ഷാ സമിതി

തായ്‌ലൻഡ്–കംബോഡിയ അതിർത്തിയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ അടിയന്തര യോഗം ചേർന്ന് യുഎൻ സുരക്ഷാ സമിതി. അതേസമയം പ്രശ്നപരിഹാരത്തിന് യുഎസും ചൈനയും മലേഷ്യയും സന്നദ്ധത അറിയിച്ചു. സംഘർഷത്തിൽ ഇതുവരെ തായ്ലന്റിൽ 16 പേർ മരിച്ചിട്ടുണ്ട്.
Jul 25, 2025, 9:47 pm IST

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടി എന്ന പരാതിയിൽ യുവതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസില്‍ പ്രതികളായ മുൻ ജീവനക്കാർ വിനീത, രാധു എന്നിവരുടെ ഹർജികളാണ് തള്ളിയത്. നേരത്തേ സെഷൻസ് കോടതിയും ഇവരുടെ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
Jul 25, 2025, 8:27 pm IST

സ്കൂൾ സമയമാറ്റം ഈ വർഷം തന്നെ; വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റ തീരുമാനവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. പത്ത് മണിക്ക് തുടങ്ങിയിരുന്ന ക്ലാസുകൾ ഇനി മുതൽ 9.45ന് ആരംഭിക്കും. മതസംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.
Jul 25, 2025, 7:09 pm IST

ജമ്മുകാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സൈനികന് വീരമൃത്യു.ലളിത് കുമാർ എന്ന അഗ്നിവീർ കൊല്ലപ്പെട്ടു. 7 ജാട്ട് റെജിമെന്റിലെ അംഗമായിരുന്നു ലളിത് കുമാർ. സ്ഫോടനത്തിൽ ഒരു ജൂനിയർ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ട് സെക്ടറിൽ സൈനികർ ഏരിയ ഡൊമിനേഷൻ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Jul 25, 2025, 6:40 pm IST

ഉമ കാഞ്ചിലാൽ പുതിയ ഇഗ്നോ വൈസ് ചാൻസിലർ.ഇതാദ്യമായാണ് ഇഗ്നോയുടെ വിസിയായി വനിതയെ നിയമിക്കുന്നത്.
Jul 25, 2025, 5:45 pm IST

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ജയ്പൂരില്‍ നിന്ന് മുംബയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിട്ടിന് ശേഷമാണ് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയര്‍ന്നത്. സമീപ കാലത്തായി നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Jul 25, 2025, 4:41 pm IST

ഗോവിന്ദച്ചാമിയുമായി തെളിവെടുപ്പ്

ജയില്‍ ചാടി പിടിയിലായ ഗോവിന്ദച്ചാമിയുമായി തെളിവെടുപ്പ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കി. പണവുമായി സംസ്ഥാനം കടക്കാനും ഇയാള്‍ ലക്ഷ്യമിട്ടു. ഒന്നര മാസത്തോളം നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷമായിരുന്നു രക്ഷപെടല്‍.
Jul 25, 2025, 3:42 pm IST

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 7 കുട്ടികള്‍ മരിച്ചു

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു. ജലവാര്‍ ജില്ലയിലാണ് അത്യന്തം ദാരുണമായ സംഭവം ഉണ്ടായത്. മനോഹര്‍ താന എന്ന പട്ടണത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പെടെയുള്ള ഭാഗമാണ് ഇന്ന് രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അധ്യാപകരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെയാണ് കുട്ടികളെ ഒറ്റനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ അറുപതോളം കുട്ടികളും അധ്യാപകരും കെട്ടിടത്തിനുള്ളിലും പരിസരത്തും ഉണ്ടായിരുന്നു. 6, 7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്.
Jul 25, 2025, 2:48 pm IST

സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

വയനാട് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. അനൂപ് (38), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇവര്‍ നടത്തിയിരുന്ന കോഴിഫാമില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. വന്യജീവികളെ തടയാന്‍ ഫാമിന് സമീപം വൈദ്യുതി വേലി കെട്ടിയിരുന്നു. ഇതില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
Jul 25, 2025, 2:42 pm IST

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും

ജയില്‍ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റും. തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നത്. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്.
Jul 25, 2025, 2:33 pm IST

ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്ത് നിന്നും സഹായംകിട്ടി: വിഡി സതീശന്‍

ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ദുരൂഹത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ല. ജയില്‍ ചാടുന്നതിന് അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ഗോവിന്ദച്ചാമിക്ക് ലഭിച്ചു. കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് ടിപി കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. സര്‍ക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണ്. ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോള്‍ വ്യക്തമായതായി സതീശന്‍ ചൂണ്ടിക്കാട്ടി.
Jul 25, 2025, 1:16 pm IST

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ സമ്മതിച്ചു. ജയില്‍ ചാട്ടം സംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി വിശദമായി അന്വേഷിക്കും.
Jul 25, 2025, 12:16 pm IST

ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Jul 25, 2025, 12:14 pm IST

ബാണാസുരസാഗര്‍ ഡാമിന്റെ സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി

കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുരസാഗര്‍ ഡാമിന്റെ സ്പില്‍വെ ഷട്ടര്‍ ഇന്നു രാവിലെ 10 മുതല്‍ 30 സെന്റീമീറ്ററായി ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നത്. ആദ്യം ഷട്ടര്‍ 15 സെന്റീമീറ്റര്‍ തുറന്നിരുന്നു. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുഴകളില്‍ 15 മുതല്‍ 25 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
Jul 25, 2025, 10:59 am IST

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; പ്രതികരണവുമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ

ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ. ഇത്രയും ഉയത്തിലുള്ള ജയില്‍ ഒറ്റക്കൈ വച്ച് അയാള്‍ എങ്ങനെ ചാടിയെന്നും വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജയില്‍ ചാടാന്‍ സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. ഇതു കേട്ടിട്ട് എന്റെ ശരീരം വിറയ്ക്കുകയാണ്. പൊലീസ് അവനെ പിടിക്കും, പിടിക്കാതിരിക്കില്ല. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു - അമ്മ കൂട്ടിച്ചേര്‍ത്തു.
Jul 25, 2025, 9:17 am IST

കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ പതിച്ച് യുവാവ് മരിച്ചു

പത്തനംതിട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ പതിച്ച് യുവാവ് മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കല്‍ സ്വദേശി ജയകൃഷ്ണനാണ് (22) മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അനന്തു, ഐബി എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് കാര്‍ കുളത്തിലേക്കു വീണത്.
Jul 25, 2025, 7:52 am IST

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഏഴു മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. സൗമ്യ കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്.
Jul 25, 2025, 7:38 am IST

വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു. ഇടുക്കി വാഗമണ്‍ റോഡിലാണ് ദാരുണ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയില്‍ വീണു മരിച്ചത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുക്കാനായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+