Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയ്‌ക്കൊപ്പം മഴക്കെടുതിയും തുടരുന്നു; പൊട്ടിവീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് മരണം

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തില്‍ ശക്തമായ മഴക്കുള്ള കാരണം. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനിടെ ശക്തമായ മഴയിലും കാറ്റിലും പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെതുടര്‍ന്ന് കണ്ണൂരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇടുക്കി മൂന്നാര്‍ ഗവ. കോളജിന് സമീപം മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുവാറ്റുപുഴയിലെയും തൊടുപുഴയിലെയും ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് പലയിടത്തും നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലാണ്

live

കഴിഞ്ഞ വര്‍ഷം ജൂലൈ 30-നാണ് കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തം ഉണ്ടായത്. അതിനാല്‍ തന്നെ മലയോര മേഖലകളില്‍ ആശങ്ക ശക്തമാണ്. മഹാദുരന്തം പെയ്തിറങ്ങിയ ജൂലൈ 30ന് രാത്രിയുടെ ഭീതിയില്‍ കഴിയുകയാണ് വയനാട്ടിലെ ജനങ്ങള്‍. കക്കയം ഡാം, പൊരിങ്ങല്‍ക്കുത്ത്, ചുള്ളിയാര്‍, മാട്ടുപ്പെട്ടി, ഷോളയാര്‍, പീച്ചി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

Jul 27, 2025, 11:11 pm IST

കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം

ഛത്തീസ്ഗഢില്‍ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
Jul 27, 2025, 11:10 pm IST

ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയുടെ പേരില്‍ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതുവഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞു.
Jul 27, 2025, 11:07 pm IST

ടിസിഎസിലും പിരിച്ചുവിടല്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അടുത്ത വര്‍ഷത്തോടെ 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് എക്‌സിക്യൂട്ടീവ് കെ. കൃതിവാസന്‍ കമ്പനിയുടെ പദ്ധതികള്‍ വെളിപ്പെടുത്തിയത്. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ടിസിഎസിനെകൂടുതല്‍ ചടുലവും ഭാവിക്ക് തയ്യാറുള്ളതുമാക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു
Jul 27, 2025, 10:30 pm IST

കന്യാസ്ത്രീകളുടെ അറസ്റ്റ്

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ നാളെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. ഇന്നലെയാണ് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്
Jul 27, 2025, 9:37 pm IST

സ്‌കൂള്‍ അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും
Jul 27, 2025, 8:41 pm IST

ആര്‍എസ്എസ് വേദിയില്‍ കേരളത്തിലെ 4 വിസിമാര്‍

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ സംസ്ഥാനത്തെ നാല് സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തു. ഗവര്‍ണര്‍ നോമിനിയായി എത്തിയ നാല് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിയില്‍ കേരള സര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ഭാഗമാകുന്നത്
Jul 27, 2025, 8:08 pm IST

രണ്ട് പേര്‍ മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മുങ്ങി മരിച്ചു. മിഥുന്‍ (30), രാഹുല്‍ (29) എന്നിവരാണ് മരിച്ചത്. കാണാതായ മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുന്നു
Jul 27, 2025, 7:28 pm IST

സ്‌കൂള്‍ മതില്‍ തകര്‍ന്നു

പാലക്കാട് സ്‌കൂളിന്റെ മതില്‍ തകര്‍ന്നു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതില്‍ ആണ് തകര്‍ന്നത്. ചുറ്റുമതില്‍ ചെരിഞ്ഞ നിലയിലാണ്. അവധി ദിനമായതിനാല്‍ വലിയ അപകടം ഒഴിവായി
Jul 27, 2025, 6:56 pm IST

ഒന്നും പറയാനില്ല

ഉപരാഷ്ട്രപതിയാകുമോ എന്ന ചോദ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശഇ തരൂര്‍. ഇത്തരം ചോദ്യങ്ങളോട് ഒന്നും പറയാനില്ല എന്ന് തരൂര്‍ പറഞ്ഞു. ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ തരൂര്‍ അടുത്ത ഉപരാഷ്ട്രപതിയായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
Jul 27, 2025, 6:26 pm IST

പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അഹങ്കാരവും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍. താന്‍ മുസ്ലിം വിരോധിയാണെന്ന് പറഞ്ഞു പരത്തുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Jul 27, 2025, 5:29 pm IST

ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം വീണ്ടും ചര്‍ച്ചയാകുന്നു

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് തിരുവനന്തപുരം സമ്മേളനത്തിന് പിന്നാലെ ആലപ്പുഴയിലും വനിതാ പ്രതിനിധി ആവശ്യപ്പെട്ടതായുള്ള സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ സുരേഷ് കുറുപ്പാണ് വിഎസിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. വി.എസിന്റെ കൊച്ചുമകളുടെ പ്രായമുള്ള പെണ്‍കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. അധിക്ഷേപത്തില്‍ മനംനൊന്ത് വി.എസ് ദുഃഖിതനായി സമ്മേളന വേദി വിട്ട് വീട്ടിലേക്ക് പോയതായും സുരേഷ് കുറുപ്പ് പറയുന്നു. ഇത് ചര്‍ച്ചയായതോടെ വിവിധ സിപിഎം നേതാക്കള്‍ സുരേഷ് കുറുപ്പിനെ തള്ളി രംഗത്തു വരുന്നുണ്ട്.
Jul 27, 2025, 4:22 pm IST

ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. വെള്ളിയാഴ്ചയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് ഇഴഞ്ഞു നീങ്ങുന്നതായി കാണാം. സെല്ലിനു പുറത്തെത്തിയ ഗോവിന്ദച്ചാമി പുലര്‍ച്ചെ വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി സിസിടിവിയില്‍ വ്യക്തമാണ്. സെല്ലിന്റെ അഴികള്‍ അറുത്ത് മാറ്റിയിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം അഴികള്‍ വീണ്ടും കെട്ടിവച്ചതിനു ശേഷമാണ് പുറത്തേക്ക് കടന്നത്. ജയിലിലെ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
Jul 27, 2025, 4:12 pm IST

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ജലനിരപ്പ് 2372.5 അടിയായതോടെയാണ് ബ്ലൂ അലേര്‍ട്ട് നല്‍കിയത്. 2403 അടിയാണ് സംഭരണ ശേഷി. റൂള്‍ കര്‍വ് പ്രകാരം 2379.5 അടി ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉള്ളതിനേക്കാള്‍ ജലനിരപ്പ് ഇപ്പോള്‍ ഡാമിലുണ്ട്.
Jul 27, 2025, 4:05 pm IST

മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
Jul 27, 2025, 3:29 pm IST

തിരുവനന്തപുരം മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനു നേരെ കടുവയുടെ ആക്രമണം. സൂപ്പര്‍വൈസറായ രാമചന്ദ്രന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കൂട് കഴുകുന്നതിനിടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ രാമചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
Jul 27, 2025, 2:11 pm IST

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൃഷി സ്ഥലത്ത് കര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തുവാണ് (72) പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വീടിനടുത്ത് തേങ്ങ് ശേഖരിക്കാന്‍ പോയതായിരുന്നു. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷമാണ് മൃതദേഹം മാറ്റിയത്. കൃഷിത്തോട്ടത്തിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്.
Jul 27, 2025, 12:25 pm IST

ബാണാസുരസാഗര്‍ അണക്കെട്ട് ഷട്ടര്‍ വീണ്ടും ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം
Jul 27, 2025, 11:04 am IST

പാലോട് രവിയുടെ രാജി; താല്‍ക്കാലിക ചുമതല എന്‍ ശക്തന്

കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി സ്ഥാനം രാജിവച്ചിരുന്നു. ഇതോടെയാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പറയുന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
Jul 27, 2025, 10:14 am IST

താമരശേരി ചുരത്തില്‍ ഗതാഗത തടസം

കനത്ത മഴയിലും കാറ്റിലും താമരശേരി ചുരത്തില്‍ ഗതാഗത തടസം. ഒന്‍പതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകള്‍ പതിച്ചതിനെ തുടര്‍ന്നാണ് ഗതാഗത തടസമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങി. നാലാം വളവില്‍ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവര്‍ത്തകര്‍ മരം മുറിച്ചു മാറ്റി.
Jul 27, 2025, 8:51 am IST

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പുക; ഒഴിവായത് വന്‍ ദുരന്തം

അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്ന് മിയാമിയിലേക്ക് പോകാന്‍ തുടങ്ങുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാറാണ് കാരണം. വിമാനത്തിന്റെ പിന്‍ഭാഗത്താണ് ഉയര്‍ന്നത്. തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ലാന്‍ഡിംഗ് ഗിയറില്‍ പുക ഉയര്‍ന്നതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് സ്ലൈഡുകളിലൂടെ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
Jul 27, 2025, 8:16 am IST

യുഎസില്‍ വാള്‍മാര്‍ട്ടില്‍ കത്തി ആക്രമണം; 11 പേര്‍ക്ക് കുത്തേറ്റു

അമേരിക്കയിലെ മിഷിഗണില്‍ വാള്‍മാര്‍ട്ടിലുണ്ടായ കത്തി ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റവരെ വടക്കന്‍ മിഷിഗണിലെ മുന്‍സണ്‍ ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടില്ല.
Jul 27, 2025, 7:47 am IST

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+