Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ സിന്ദൂറില്‍ ലോക്‌സഭയില്‍ ചര്‍ച്ച; ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചതായി രാജ്‌നാഥ് സിങ്

രാജ്യം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലാണ് ചര്‍ച്ച നടക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് 100 ലധികം ഭീകരരെ വധിച്ചത് എങ്ങനെയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ വിശദീകരിച്ചു.

സൈനിക നടപടി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചു. ലക്ഷ്യം കണ്ടതോടെയാണ് ആക്രമണം അവസാനിപ്പിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് ഒരു നഷ്ടവും ഉണ്ടായില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് രംഗത്തുവന്നു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രതിരോധ മന്ത്രി ധാരാളം വിവരങ്ങള്‍ നല്‍കിയെങ്കിലും തീവ്രവാദികള്‍ എങ്ങനെ പഹല്‍ഗാമില്‍ എത്തി എന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും തന്നില്ലെന്ന് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

live news

രാവിലെ ലോക്‌സഭാ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷ ബഹളമുണ്ടായി. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലാണ് പ്രതിഷേധം. കേരളത്തിലെ എംപിമാരാണ് പ്രതിഷേധിക്കുന്നത്. രണ്ട് സഭകളിലും ഈ വിഷയം ഉന്നയിക്കാനുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളി. ബഹളത്തെ തുടര്‍ന്ന് സഭകള്‍ 12 മണി വരെ നിര്‍ത്തിവച്ചു.

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും പൂര്‍ണമായി തടസപ്പെട്ടതിനാല്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. മഴയുടെ ശക്തി കുറയുന്നുവെന്ന പ്രവചനങ്ങളും വരുന്നുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കോട്ടയത്തും വയനാടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ആറന്മുളയില്‍ പാടശേഖരത്തിലെ വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങവേ വള്ളം മറിഞ്ഞ് 3 യുവാക്കള്‍ മരിച്ചതാണ് ഇന്നത്തെ ഏറ്റവും ദുഖകരമായ വാര്‍ത്ത. രാഹുല്‍, മിഥുന്‍, ദേവ് ശങ്കര്‍ എന്നിവരാണ് മരിച്ചത്.

Jul 29, 2025, 12:50 am IST

ശബരിമല നട നാളെ തുറക്കും

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും
Jul 28, 2025, 10:27 pm IST

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തുന്നതിന് മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ്‌ ഡാമിൽ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയിൽ ഹർജി.ഡോ ജോ ജേക്കബാണ്‌ അപേക്ഷ നൽകിയത്‌. എത്രയും പെട്ടെന്ന് സമിതി രൂപീകരിക്കണമെന്നാണ് ആവശ്യം.
Jul 28, 2025, 8:24 pm IST

കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായ്. മനുഷ്യകടത്താണ് നടന്നതെന്നും പെൺകുട്ടികളെ മതംമാറ്റാനുള്ള ശ്രമം നടന്നുവെന്നും വിഷ്ണു ദേവ സായ് പറഞ്ഞു.
Jul 28, 2025, 8:17 pm IST

ഓപ്പറേഷൻ സിന്ദൂർ; ട്രംപ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ജയശങ്കർ

ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ട്രംപിന്റെ ഭാഗത്തുനിന്നും ഭീഷണിയോ പാകിസ്താൻ സൈന്യത്തിന് അനുകൂലമായ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Jul 28, 2025, 7:55 pm IST

എംആർ അജിത്കുമാറിനെ പോലീസിൽ നിന്ന് മാറ്റി; ഇനി എക്സൈസ് കമ്മീഷ്ണർ;

എംആർ അജിത്കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. ശബരിമലയിലെ ട്രാക്ടർ വിവാദത്തിൽ അജിത് കുമാറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Jul 28, 2025, 7:23 pm IST

കോട്ടയത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

കോട്ടയം വൈക്കത്ത് യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു. മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തില്‍ മുപ്പതോളം പേരുണ്ടായിരുന്നു. ഒരാളെ കാണാതായി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെയാണ് കാണാതായത്. സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുന്നു.
Jul 28, 2025, 7:10 pm IST

വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വിഡി സതീശന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിനെ കേരളത്തില്‍ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുന്നില്ലെന്നും അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് 100 സീറ്റ് തികച്ചാല്‍ താന്‍ രാജിവയ്ക്കും. കിട്ടിയില്ലെങ്കില്‍ വിഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
Jul 28, 2025, 5:13 pm IST

യുദ്ധവിമാനങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ദേശീയ ബോധത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ലോക്‌സഭയില്‍ പ്രതിരോധ മന്ത്രി. ഒരു കുട്ടിക്ക് പരീക്ഷയില്‍ നല്ല സ്‌കോര്‍ ലഭിച്ചാല്‍, ആ കുട്ടി ഉപയോഗിച്ച പേന പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ആരും അന്വേഷിക്കില്ല. ആത്യന്തികമായി റിസള്‍ട്ടാണ് പ്രധാനം.
Jul 28, 2025, 5:00 pm IST

ലോക ചെസ് കിരീടം നേടി ദിവ്യ ദേശ്മുഖ്

ലോക ചെസ് കിരീടം നേടി ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹമ്പിയെ വീഴ്ത്തിയാണ് ദിവ്യ ചരിത്രമെഴുതിയത്. ഈ വിജയത്തോടെ ദിവ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും നേടി. 19കാരിയായ ദിവ്യ നാഗ്പൂര്‍ സ്വദേശിയാണ്. നേരത്തെ ഒളിമ്പ്യാഡില്‍ മൂന്ന് തവണ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള ദിവ്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ദിവ്യ സ്വന്തമാക്കി.
Jul 28, 2025, 4:06 pm IST

ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ ചര്‍ച്ച

ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ലോക്‌സഭയില്‍ പുരോഗമിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് 100 ലധികം ഭീകരരെ വധിച്ചത് എങ്ങനെയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ വിശദീകരിക്കുന്നു. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയെന്നും ഒാപ്പറേഷന്‍ അവസാനിപ്പിക്കാന്‍ ബാഹ്യ സമ്മര്‍ദമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇരു സഭകളും ഈ വിഷയത്തില്‍ 32 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച നടത്തും.
Jul 28, 2025, 3:37 pm IST

കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍

കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍. മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനും എതിരെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്.
Jul 28, 2025, 1:46 pm IST

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധത്തില്‍ പരിഹാസവുമായി ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നടക്കുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരെ എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു പ്രതികരണം
Jul 28, 2025, 11:07 am IST

കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിഷപ്പുമാര്‍ക്കെതിരേ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ മൗനം പാലിക്കുന്ന ബിഷപ്പുമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറിയിരുന്ന് പ്രാര്‍ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ? കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും തിരുമേനിമാര്‍ പ്രതിഷേധിക്കാത്തതെന്ത്? പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ല. തിരുമേനിമാര്‍ക്ക് സ്വന്തം സ്ഥാനം ഉറപ്പിച്ച് മുന്നോട്ടു പോകുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Jul 28, 2025, 9:52 am IST

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് നോട്ടീസ്

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹന്നാനും. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
Jul 28, 2025, 8:53 am IST

ഹരിദ്വാറിലെ ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ മരണം എട്ടായി

ഹരിദ്വാറിലെ മാന്‍സ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം എട്ടായി. മുപ്പത്തഞ്ചില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.
Jul 28, 2025, 8:41 am IST

ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടല്‍; പൊലീസ് ഇന്ന് ജയില്‍ ജീവനക്കാരുടെ മൊഴിയെടുക്കും

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടതില്‍ ജയില്‍ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പൊലീസ്. മൊഴി ഇന്ന് രേഖപ്പെടുത്തും. ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. സംഭവത്തില്‍ ജയില്‍ ഡിഐജി വി ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് സമര്‍പ്പിക്കും.
Jul 28, 2025, 8:06 am IST

ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് നാല് മരണം

ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടമുണ്ടായത്. പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നൂറിലേറെ യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ഒരു വശത്തേക്കു മറിഞ്ഞു കിടക്കുന്ന നിലയിലാണ് ബോഗികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+