Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരരുടെ ഉറക്കം കെടുത്തിയ മറുപടിയെന്ന് ലോക്‌സഭയില്‍ മോദി

ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിപക്ഷ എംപിമാരുടെ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി മറുപടി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ലക്ഷ്യം വച്ചുവെന്നും മോദി ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സായുധ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.

live

ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം ഇല്ലാതാക്കിയതായി ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചതും അമിത്ഷാ പ്രസ്താവന നടത്തുന്നതിനിടെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കയ്യടിച്ചതും ലോക്‌സഭയിലെ ശ്രദ്ധേയമായ കാഴ്ചയായി.

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. വധശിക്ഷ റദ്ദാക്കിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ്. വധശിക്ഷ റദ്ദാക്കിയതായുള്ള പോസ്റ്റ് പിന്‍വലിച്ചത് വാര്‍ത്താ ഏജന്‍സിയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിക്കുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിനെ ന്യായീകരിക്കുന്ന നിലപാടില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമ്പോഴും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ബിജെപി കേരള ഘടകം എത്തിയിട്ടുണ്ട്.

Jul 29, 2025, 11:13 pm IST

മേഘാനന്ദ് ദേശായ് അന്തരിച്ചു

ഇന്ത്യന്‍ വംശജനായ എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ മേഘാനന്ദ് ദേശായ് അന്തരിച്ചു. 85 വയസായിരുന്നു. ബ്രിട്ടന്റെ ഹൗസ് ഓഫ് ലോഡ്‌സില്‍ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ-ബ്രിട്ടന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളാണ് മേഘാനന്ദ് ദേശായ് എന്ന് മോദി പറഞ്ഞു.
Jul 29, 2025, 11:00 pm IST

പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് കാപ്പാ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സിപിഒ ശ്രീജേഷിന് പരിക്ക്. പ്രതി ഈരാറ്റുപേട്ട സ്വദേശി അഫ്‌സല്‍ ഹക്കീം അറസ്റ്റില്‍. ശക്തമായ നടപടി എടുക്കുമെന്ന് പോലീസ്.
Jul 29, 2025, 10:37 pm IST

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളാകാന്‍ കേരളത്തില്‍ നിന്ന് നാലു പേര്‍. എഎസ് ശ്രീലാല്‍, ഷിബിന വികെ, ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ് എന്നിവര്‍ സെക്രട്ടറിമാരാകും.
Jul 29, 2025, 9:57 pm IST

എംപിമാരോട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചെയ്തത്...

ഒരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീകള്‍ക്കെതിരെ കടുത്ത വകുപ്പ് ചുമത്തി ജയിലില്‍ അടച്ച ശേഷം ജാമ്യത്തിന് ആരും ശ്രമിക്കുന്നില്ല എന്ന അധിക്ഷേപം ബിജെപി നേതാക്കളില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. കന്യാസ്ത്രീകളെ കാണാന്‍ പോയ കേരളത്തില്‍ നിന്നുള്ള എംപിമാരോട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചെയ്തത് എന്താണെന്ന് എല്ലാവരും കണ്ടതാണ്. കേന്ദ്ര സര്‍ക്കാരിനെ പോലെ തന്നെ സംസ്ഥാന ബിജെപി സര്‍ക്കാരുകളും ഏകാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാകുകയാണെന്നും എംഎ ബേബി പറഞ്ഞു.
Jul 29, 2025, 9:20 pm IST

ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം

തൃശൂരിലെ കൂട്ടാലയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന് അടുത്ത പറമ്പിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം തുടങ്ങി. മകന്‍ സുമേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Jul 29, 2025, 9:12 pm IST

സുരേഷ് ഗോപി എന്തേലും മിണ്ടിയോ?

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ തൃശൂര്‍ എംപി സുരേഷ് ഗോപി എന്തെങ്കിലും പ്രതികരിച്ചോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി. അടുത്താഴ്ച മാതാവിന് കൊടുക്കാന്‍ ഒരു കിരീടവുമായി അദ്ദേഹം കേരളത്തില്‍ വന്നേക്കാമെന്നും ബ്രിട്ടാസ് പരിഹസിച്ചു. ജോര്‍ജ് കുര്യന്‍ എന്താണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ചെയ്തത്. ന്യൂനപക്ഷ കമ്മീഷനിലെ അംഗമായിരുന്നില്ലേ ജോര്‍ജ് കുര്യന്‍ എന്നും ബ്രിട്ടാസ് ചോദിച്ചു.
Jul 29, 2025, 8:29 pm IST

കേരളത്തിലെ ബിജെപി നെട്ടോട്ടമോടുന്നു

കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമേ ബിജെപിക്ക് ആവശ്യമുള്ളൂ എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിന് പുറത്ത് മുസ്ലിങ്ങളോട് എന്താണോ ചെയ്യുന്നത് അതുതന്നെയാണ് മറ്റിടങ്ങളില്‍ ക്രൈസ്തവരോടും ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി കന്യാസ്ത്രീകള്‍ക്കെതിരായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പറയുമ്പോള്‍ കേരളത്തിലെ ബിജെപി നെട്ടോട്ടമോടുകയാമെന്നും മുരളീധരന്‍ പറഞ്ഞു.
Jul 29, 2025, 7:57 pm IST

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

ഒരു ഭാഗത്ത് ഇന്ത്യ അതിവേഗം സ്വയംപര്യാപ്തത നേടുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഓരോ വിഷയങ്ങളില്‍ പാകിസ്താനെ ആശ്രയിക്കുന്നു. മുംബൈ ആക്രമണം ഉണ്ടായ വേളയില്‍ ഇന്ത്യ പാകിസ്താനെതിരെ നീങ്ങിയില്ല. പാകിസ്താന് പ്രിയങ്കര രാഷ്ട്ര പദവി നല്‍കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമായത് കോണ്‍ഗ്രസ് ഭരണത്തിലാണെന്നും നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞു.
Jul 29, 2025, 7:48 pm IST

തകര്‍ത്തത് 1000 ഡ്രോണുകള്‍

പാകിസ്താന്റെ 1000 ഡ്രോണുകള്‍ ഇന്ത്യ ആകാശത്തു വച്ചു തന്നെ തകര്‍ത്തു. സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭീകരരെ പാഠംപഠിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഓപറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുന്നുണ്ട്. പാകിസ്താന്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്നും നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞു.
Jul 29, 2025, 7:28 pm IST

ലോക്സഭയില്‍ പ്രധാനമന്ത്രി - ഇന്ത്യയ്ക്ക് ലോകത്തിന്റെ മുഴുവന്‍ പിന്തുണ ലഭിച്ചു. പക്ഷേ കോണ്‍ഗ്രസ് നമ്മുടെ സൈനികരുടെ ധൈര്യത്തെ പിന്തുണയ്ക്കാത്തത് നിര്‍ഭാഗ്യകരം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം എന്നെ ലക്ഷ്യം വയ്ക്കുന്നു. പ്രതിപക്ഷത്തിന് എന്നെ ആക്രമിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ കഴിയില്ല.
Jul 29, 2025, 7:24 pm IST

ആക്രമണം അവസാനിപ്പിക്കണമെന്നും ഇനി തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നും പാകിസ്ഥാന്റെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചതായി ലോക്സഭയില്‍ മോദി. അല്ലാതെ ഒരു രാജ്യത്തിന്റെയും നേതാവ് ഇന്ത്യയോട് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടിട്ടില്ല.
Jul 29, 2025, 7:21 pm IST

കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച് പ്രധാനമന്ത്രി - 'ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുകയാണ്. പക്ഷേ കോണ്‍ഗ്രസ് ഇപ്പോഴും പാകിസ്ഥാനെ ആശ്രയിക്കുകയാണ്. കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്ഥാന്‍ പ്രചാരണത്തിന്റെ വക്താക്കളായി മാറി'
Jul 29, 2025, 6:56 pm IST

ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചൂടേറിയ ചര്‍ച്ച തുടരുന്നു. പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി മറുപടി പറയുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരരുടെ ഉറക്കം കെടുത്തിയ മറുപടിയെന്ന് മോദി
Jul 29, 2025, 5:12 pm IST

ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് വന്നതിന് എന്താണ് തെളിവെന്ന മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ. ഇവരെല്ലാം പാകിസ്ഥാനികള്‍ തന്നെയാണ് എന്നതിന് തെളിവുകളുണ്ട്. കൊല്ലപ്പെട്ടരില്‍ രണ്ടു പേര്‍ പാകിസ്ഥാനിലെ വോട്ടര്‍ പട്ടികയിലുള്ളവരാണ്. കൊല്ലപ്പെട്ട ഭീകരവാദികളുടെ പക്കല്‍ പാകിസ്ഥാനില്‍ നിര്‍മിച്ച ചോക്ളേറ്റ് കണ്ടെടുത്തിട്ടുണ്ട്. ഈ രാജ്യത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രി പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുന്നത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും അമിത് ഷാ പരിഹസിച്ചു.
Jul 29, 2025, 3:30 pm IST

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രണ്ട് കന്യാസ്ത്രീകളെയും പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിച്ചു. ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചെന്നും ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്നും സന്ദര്‍ശനത്തിന് ശേഷം എംപിമാര്‍ അറിയിച്ചു. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും ബെന്നി ബെഹനാനും എന്‍കെ പ്രേമചന്ദ്രനും ഉള്‍പെട്ട ജനപ്രതിനിധി സംഘം അറിയിച്ചു.
Jul 29, 2025, 2:51 pm IST

പരിഹാസവുമായി കനിമൊഴി

കേന്ദ്രത്തിന്റെ സൈനിക നടപടിക്ക് സര്‍വകക്ഷി യോഗത്തില്‍ പൂര്‍ണപിന്തുണ നല്‍കിയതാണ് പ്രതിപക്ഷമെന്ന് ഓര്‍മിപ്പിച്ച് കനിമൊഴി. സൈനിക നടപടികള്‍ക്ക് ശേഷം കേന്ദ്രം ഒന്നും പറയാത്തതെന്തെന്താണെന്നും കനിമൊഴി ലോക്‌സഭയില്‍ ചോദിച്ചു. സേനയ്ക്ക് അഭിവാദ്യവുമായി പ്രകടനം നടത്തിയ മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്ന് ഓര്‍മപ്പെടുത്തിയ കനിമൊഴി രാജ്യം ഒന്നിച്ച് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികരിക്കാത്തതെന്താണെന്നും നമുക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ ഒന്നു പോലും വരാത്തതെന്തെന്നും ചോദിച്ച കനിമൊഴി ഇത് സൂചിപ്പിക്കുന്നത് വിദേശനയത്തിന്റെ പാളിച്ചയല്ലേ എന്നും കൂട്ടിച്ചേര്‍ത്തു. രാജ്യസ്‌നേഹത്തെ കുറിച്ച് വാചാലരാകുന്ന കേന്ദ്രസര്‍ക്കാര്‍ കേണല്‍ സോഫിയ ഖുറേഷിയേയും വിക്രം മിസ്രിയേയും ആക്ഷേപിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കാത്തത് എന്തു കൊണ്ടാണെന്നും കനിമൊഴി ചോദിച്ചു. തിരിച്ചടിക്കാനുള്ള ശക്തിയല്ല, ഇങ്ങോട്ട് ആക്രമിക്കാന്‍ തോന്നാത്ത കരുത്താണ് ഭരണാധികാരിക്ക് വേണ്ടതെന്നും കനിമൊഴി പറഞ്ഞു. നെഹ്‌റുവിനെ ഓര്‍മിപ്പിക്കുന്നത് കോണ്‍ഗ്രസിനേക്കാളും ബിജെപിയാണെന്നും ബിജെപി ഇടക്കിടെ പഴയ ഭരണാധികാരികളെയെല്ലാം പരിഹസിക്കുന്നത് കാരണം യുവാക്കളും വിദ്യാര്‍ത്ഥികളും ചരിത്രം കൂടുതലായി തെരയാന്‍ തുടങ്ങിയെന്നും കനിമൊഴിയുടെ പരിഹാസം.
Jul 29, 2025, 2:47 pm IST

സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നു: ലോക്‌സഭയില്‍ പ്രിയങ്ക ഗാന്ധി

കാശ്മീര്‍ ശാന്തമെന്ന് പ്രചരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയില്‍ മൗനം പാലിക്കുകയാണെന്ന് ലോക്‌സഭയില്‍ പ്രിയങ്ക ഗാന്ധി. 26 പേരെ കൊന്ന ശേഷം ഭീകരര്‍ക്ക് എങ്ങനെയാണ് രക്ഷപ്പെടാനായതെന്ന ചോദ്യം ഉന്നയിച്ച പ്രിയങ്ക ഗാന്ധി പഹല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്ന് ഓര്‍മിപ്പിച്ചു. സൈനിക നടപടികളില്‍ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. ധീരതയോടെ പോരാടിയ സേനയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ക്രെഡിറ്റ് എടുക്കുന്നത് മാത്രമല്ല നേതൃഗുണം. ഉത്തരവാദിത്തം ഏറ്റെടുക്കല്‍ കൂടിയാണ്. പാകിസ്ഥാന് എതിരെയുള്ള സൈനിക നടപടി നിര്‍ത്തിയത് താന്‍ ഇടപെട്ടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു.
Jul 29, 2025, 1:44 pm IST

ചര്‍ച്ച പരാജയപ്പെട്ടു; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന്

സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. തീയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ഗതാഗത സെക്രട്ടറി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വിഷയത്തിലാണ് യോഗത്തിന് ധാരണയിലെത്താന്‍ കഴിയാതെ പോയത്. കണ്‍സെഷന്‍ 5 രൂപയാക്കണമെന്ന നിലപാടില്‍ ബസുടമകളും പറ്റില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകളും നിലപാടെടുത്തതോടെയാണ് യോഗത്തിന് ധാരണയെത്താന്‍ കഴിയാതെ പോയത്.
Jul 29, 2025, 12:59 pm IST

കാട്ടാനക്കലിയില്‍ വീണ്ടും മരണം

കാട്ടാനക്കലിയില്‍ സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കിയില്‍ ടാപ്പിങ് തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.
Jul 29, 2025, 12:23 pm IST

ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ ഇല്ലാതാക്കി. ഓപ്പറേഷന്‍ മഹാദേവില്‍ മൂന്ന് ഭീകരരെ സൈന്യം ഇല്ലാതാക്കി. പഹല്‍ഗാം ആക്രമണത്തില്‍ 26 നിരപരാധികളെ കൊലപ്പെടുത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരെയും ഇന്നലെ നടന്ന ഓപ്പറേഷനില്‍ സൈന്യം വധിച്ചു.
Jul 29, 2025, 12:15 pm IST

കന്യാസ്ത്രീകളെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുംവരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചെന്നും വേണമെങ്കില്‍ അങ്ങോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനമെന്ന ആരോപണം ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
Jul 29, 2025, 12:00 pm IST

ബിഹാറില്‍ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ ഇടപെടുമെന്ന് സുപ്രീംകോടതി. കരട് വോട്ടര്‍ പട്ടികയില്‍ പോരായ്മകളുണ്ടെങ്കില്‍ ശ്രദ്ധയില്‍പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
Jul 29, 2025, 11:40 am IST

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചെന്ന വാര്‍ത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫിസ്. വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ ഉറച്ച് നില്‍ക്കുന്നതായി കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു.
Jul 29, 2025, 11:14 am IST

ക്ലാസ് നടക്കുന്നതിനിടെ സീലിങ് തകര്‍ന്നു വീണു

കോളജില്‍ ക്ലാസ് നടക്കുന്നതിനിടെ സീലിങ് തകര്‍ന്നു വീണു. കുട്ടികള്‍ ഇരിക്കുന്നതിന് മുന്‍വശത്താണ് സീലിങ് തകര്‍ന്നു വീണത്. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. തിരുവനന്തപുരം പാറശാല സിഎസ്‌ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് സംഭവം ഉണ്ടായത്.
Jul 29, 2025, 10:40 am IST

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാര്‍ത്ത പിന്‍വലിച്ച് കാന്തപുരത്തിന്റെ ഓഫീസ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് പിന്‍വലിച്ചത്. വാര്‍ത്ത തെറ്റെന്ന് സാമുവല്‍ ജെറോമും. വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തോട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ വഴങ്ങിയിരുന്നില്ല.
Jul 29, 2025, 10:21 am IST

ജാര്‍ഖണ്ഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 തീര്‍ത്ഥാടകര്‍ മരിച്ചു

ജാര്‍ഖണ്ഡിലെ ദിയോഗര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 തീര്‍ത്ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശ്രാവണ മാസത്തോട് അനുബന്ധിച്ച് ബാബ ബൈദ്യനാഥ് ധാം ക്ഷേത്രത്തില്‍ പുണ്യജലം അര്‍പ്പിക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
Jul 29, 2025, 8:44 am IST

6.3 തീവ്രതയുള്ള ഭൂചലനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 6.3 തീവ്രതയുള്ള ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. സുനാമി മുന്നറിയിപ്പില്ല. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Jul 29, 2025, 8:24 am IST

കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എന്‍കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ തുടങ്ങിയവര്‍ ഛത്തീസ്ഗഡിലെത്തും. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധിയും ഇന്ന് റായ്പൂരില്‍ എത്തും. ബിജെപി നേതാവ് അനൂപ് ആന്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യും.
Jul 29, 2025, 8:01 am IST

ന്യൂയോര്‍ക്കില്‍ വെടിവയ്പ്പ്; പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ പൊലീസ് ഓഫീസറും മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ സെന്‍ട്രല്‍ മാന്‍ഹട്ടനിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവയ്പ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. അക്രമി ലാസ് വെഗാസില്‍ നിന്നുള്ള 27 കാരനായ ഷെയ്ന്‍ ടമൂറയാണെന്ന് തിരിച്ചറിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+