Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates: വീണ ജോർജിനെതിരായ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം: അടുത്ത 4 ദിവസം മഴക്ക് സാധ്യത

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം പ്രതിപക്ഷ സംഘടനകള്‍ ഇന്നും തുടരും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്.

അതേസമയം, ന്യൂനമർദനത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ ലഭിച്ചേക്കും. പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം തന്നെ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഇല്ല.

news-updates-

Jul 07, 2025, 10:17 pm IST

സജി ചെറിയാന്‍ സ്വകാര്യ ആശുപത്രികളെ പിന്തുണയ്ക്കില്ലെന്ന് ആരോഗ്യ മന്ത്രി

മന്ത്രി സജി ചെറിയാന്‍ സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ ആശുപത്രികളെല്ലാം വന്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങുകയാണ്. സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും വീണ ജോര്‍ജ് പറഞ്ഞു. മരിക്കാന്‍ സാധ്യതയുണ്ടായിരുന്ന തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന സജി ചെറിയാന്റെ പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
Jul 07, 2025, 8:13 pm IST

പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

കോന്നിയില്‍ പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. പാറക്കൂട്ടത്തിന് അടയില്‍പ്പെട്ട മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേരില്‍ ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വലിയ പാറക്കഷ്ണങ്ങള്‍ നീക്കിയാണ് ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുത്തത്.
Jul 07, 2025, 6:25 pm IST

തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാന്‍

മരിക്കാന്‍ സാധ്യതയുണ്ടായിരുന്ന തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ പിന്തുണയ്ക്കുന്നതിനിടെയാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നത് തെറ്റല്ല. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഗവ. ആശുപത്രിയിലായിരുന്നു. മരിക്കാറായപ്പോള്‍ അമൃത ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടുത്തെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സജി ചെറിയാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്.
Jul 07, 2025, 6:13 pm IST

പാറമട ഇടിഞ്ഞു വീണ് അപകടം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയില്‍ ഹിറ്റാച്ചിക്ക് മുകളില്‍ പാറമട ഇടിഞ്ഞു വീണ് അപകടം. പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയിലാണ് അപകടമുണ്ടായത്. രണ്ട് തൊഴിലാളികള്‍ പാറക്കല്ലുകള്‍ക്കടിയില്‍ രണ്ട് മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണ്. ഒഡീഷ, ബിഹാര്‍ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്.
Jul 07, 2025, 4:45 pm IST

മഴ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Jul 07, 2025, 4:40 pm IST

സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ല്? വിശദീകരണം തേടാന്‍ വനംവകുപ്പ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി ധരിക്കുന്ന മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വിശദീകരണം തേടി നടന് നോട്ടീസ് നല്‍കാന്‍ വനംവകുപ്പ് നീക്കം. തൃശൂര്‍ ഡിഎഫ്ഒക്ക് മുമ്പാകെ ലോക്കറ്റ് ഹാജരാക്കണം. മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണോ എന്ന് സ്ഥിരീകരിക്കാനാണ് നടപടി. ലോക്കറ്റ് എവിടെനിന്ന് ലഭിച്ചു എന്നതു സംബന്ധിച്ച് നടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുമ്പാകെ വിശദീകരിക്കണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുന്‍ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് നടപടി.
Jul 07, 2025, 3:47 pm IST

വനിതാ പോലീസുകാർക്കും സോഷ്യൽ മീഡിയ നിയന്ത്രണം

വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കുലർ. പോലീസ് ചട്ടങ്ങൾ മറികടന്ന് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായാണ് ബറ്റാലിയൻ കമാൻഡ് പറയുന്നത്. പോലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന ഡിജിപി ഉത്തരവിലുണ്ടെങ്കിലും ഇത് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
Jul 07, 2025, 3:34 pm IST

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളേജിലെ സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. പലയിടത്തും ബിജെപിയും കോൺഗ്രസും നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ഉൾപ്പെടെ ബിജെപി പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലെ മഹിളാ കോൺഗ്രസ് മാർച്ചിലും കോഴിക്കോട്ടെ യൂത്ത് കോൺഗ്രസിന്റെ മാർച്ചിലും സംഘർഷ സാഹചര്യം ഉണ്ടായി.
Jul 07, 2025, 3:18 pm IST

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്റെ ഭർത്താവ് അമ്മ സീതാലക്ഷ്‌മി, മകൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. ഷോൺ ജോർജ് അടക്കമുള്ള ബിജെപി നേതാക്കളും രാജീവ് ചന്ദ്രശേഖറിനെ അനുഗമിച്ചു. ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലാണെന്നും തകർന്നു വീണത് ആരോഗ്യരംഗത്തെ കേരള മോഡൽ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Jul 07, 2025, 3:05 pm IST

നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും എന്നാണ് ബസുടമകള്‍ പറയുന്നത്.
Jul 07, 2025, 2:58 pm IST

രോഗിയുടെ നില ഗുരുതരം

നിപ വൈറസ് ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പാലക്കാട് സ്വദേശിനിയുടെ നില ​ഗുരുതരമായി തുടരുന്നു. യുവതിയ്ക്ക് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
Jul 07, 2025, 1:36 pm IST

കടുവ തൃശൂരില്‍

മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും.
Jul 07, 2025, 12:25 pm IST

പ്രതിഷേധം

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പത്തനംതിട്ടയിലെ ബി ജെ പി പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തു തള്ളുമുണ്ടായി.
Jul 07, 2025, 12:13 pm IST

പ്രളയത്തില്‍ 82 മരണം

അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോ‍‌ർട്ടുണ്ട്.
Jul 07, 2025, 11:45 am IST

അന്തരിച്ചു

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി സ:കെ കെ രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ കെ കെ യശോദ (71) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലത്ത്.
Jul 07, 2025, 11:25 am IST

ഡോ. മാർ അപ്രേം അന്തരിച്ചു

കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച പുരോഹിതനാണ് അന്തരിച്ചത്. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.
Jul 07, 2025, 11:00 am IST

രാഷ്ട്രീയ ലക്ഷ്യം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക രാഷ്ട്രീയ സമിതി രൂപീകരിച്ച് ലത്തീന്‍ സഭ. ജനപ്രതിനിധികളായി സഭയിൽ നിന്നുള്ളവരെ കൂടുതലായി എത്തിക്കലാണ് പ്രധാന ലക്ഷ്യം. അഞ്ച് മേഖലകളായി തിരിച്ചാണ് പ്രവർത്തനമെന്ന് വികാരി ജനറൽ ഫാദ‍ർ യൂജിൻ പെരേര വ്യക്തമാക്കി.
Jul 07, 2025, 10:43 am IST

ബ്രിക്സിനെതിരെ ട്രംപ്

ബ്രിക്സ് (BRICS) രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്സ് സഖ്യം അമേരിക്കന്‍ വിരുദ്ധമാണെന്ന് ആരോപിച്ച അദ്ദേഹം, ബ്രിക്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചു. ഈ തീരുവയുമായി ബന്ധപ്പെട്ട കത്തുകളും കരാറുകളും 2025 ജൂലൈ 7 മുതൽ അയച്ചുതുടങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
Jul 07, 2025, 10:08 am IST

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം മുടങ്ങി

കനത്ത മഴ കാരണം ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. മഴ കാരണം ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായില്ല. ഇതേ തുടർന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി
Jul 07, 2025, 9:28 am IST

ഹിമാചല്‍ പ്രളയം

ഹിമാചല്‍ പ്രദേശില്‍ കാലവർഷക്കെടുതി രൂക്ഷം. ഇതുവരെ മരണപ്പെട്ടത് 78 പേർ. നിരവധി പേരെ കാണാതായി. മാണ്ഡി ജില്ലയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ 17 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 31 പേരെ കാണാതായിട്ടുണ്ട്.
Jul 07, 2025, 9:02 am IST

കെപിസിസി പുനഃസംഘടന

കേരളത്തിലെ കോൺഗ്രസ് നേതൃത്വം പുനസംഘടനക്ക് തയാറെടുക്കുന്നു. കെപിസിസിയിൽ ഭാഗികമായ അഴിച്ചുപണിയും ഡിസിസികളിൽ പൂർണമായ പുനസംഘടനയും ഉടനുണ്ടായേക്കും. ഇതിനായി കെ.പി.സി.സി നേതൃത്വം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ചകൾ ആരംഭിക്കും. പുനസംഘടനയെക്കുറിച്ചുള്ള കാര്യങ്ങൾ ഹൈക്കമാൻഡിന് വിശദീകരിക്കാനായി കെ.പി.സി.സി സംഘം നാളെ ഡൽഹിയിലേക്കു പോകുന്നുമുണ്ട്.
Jul 07, 2025, 8:25 am IST

തർക്കം തുടരുന്നു

കേരള സർവ്വകലാശാലയിലെ വി സി - സിൻഡിക്കേറ്റ് തർക്കം. ജോയിന്റ് രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത. വി സി വിശദീകരണം ആവശ്യപ്പെട്ടു
Jul 07, 2025, 7:57 am IST

ചിട്ടിയില്‍ തട്ടിപ്പ്

ബെംഗളൂരുവിൽ ചിട്ടിക്കമ്പനിനടത്തി കോടികളുമായി മലയാളി ദമ്പതികള്‍ മുങ്ങി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരേയാണ് പരാതി. തട്ടിപ്പിന് ഇരയായവരില്‍ അധികവും മലയാളികളാണ്
Jul 07, 2025, 7:22 am IST

ബ്രിക്സ്

ബ്രിക്സിലെ എല്ലാ അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചെന്ന് എക്കണോമിക് റിലേഷന്‍ സെക്രട്ടറി ദമ്മു രവി. പഹൽഗാം ഭീകരാക്രമണത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച അവർ ശക്തമായ അപലപനവും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
Jul 07, 2025, 7:18 am IST

ഉപരാഷ്ട്രപതി ഗുരുവായൂരില്‍

രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മുതൽ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+