Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്ക് എതിരെയുള്ള എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പണിമുടക്ക് അര്‍ധരാത്രി മുതല്‍

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ. കേരള സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ വലിയ സംഘര്‍ഷമുണ്ടായി. പൊലീസിനെ കാഴ്ചക്കാരാക്കി മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ സര്‍വകലാശാലാ കെട്ടിടം കയ്യേറി. വിസിയുടെ ചേംബറിന് സമീപം വരെ പ്രതിഷേധക്കാരെത്തി. പിന്നീടാണ് പൊലീസ് ഇടപെട്ടതും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതും.

ഗവര്‍ണര്‍ക്ക് എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച എസ്എഫ്‌ഐ മറ്റന്നാള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആര്‍എസ്എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും നയം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി 12 മണിക്ക് തുടങ്ങും. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുമെന്നും യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞെങ്കിലും സംഘടനകള്‍ നിഷേധിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് നടത്തിയ സൂചനാ പണിമുടക്കില്‍ ജനം വലഞ്ഞു. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തിയെങ്കിലും സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥലങ്ങളില്‍ പണിമുടക്ക് ജനത്തെ ബാധിച്ചു. പണിമുടക്ക് കാരണം കൊച്ചി മെട്രോയില്‍ ഇന്ന് സാധാരണ ദിവസങ്ങളേക്കാള്‍ തിരക്കുണ്ടായിരുന്നു.

newproject89-1

Jul 09, 2025, 12:53 am IST

സംസ്ഥാനത്ത് ഇന്നും സർവീസുകൾ നടത്താൻ കെഎസ്ആ‌ർടിസിയുടെ തീരുമാനം. സർവീസ് നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. കോഴിക്കോട് ഡിപ്പോ അധികൃതരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജീവനക്കാർ എത്തിയാൽ സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Jul 08, 2025, 11:53 pm IST

കേരള ബാങ്കിന്റെ ജപ്‌തി നോട്ടീസ്; 46കാരൻ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്‌തി ഭീഷണി വന്നതിന് പിന്നാലെ എറണാകുളം കുറുമശേരിയിൽ 46കാരൻ ജീവനൊടുക്കി. പഴൂർവീട്ടിൽ മധു മോഹനനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 37 ലക്ഷത്തിന്റെ ലോൺ കുടിശിക മധുവിനുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ ബാങ്ക് ജപ്‌തി നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
Jul 08, 2025, 11:34 pm IST

ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് ഗ്രൂപ്പിലെ അംഗ രാജ്യങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് 10 ശതമാനം തീരുവ നൽകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് ഡോളറിനെ തകർക്കാൻ അവർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.
Jul 08, 2025, 11:09 pm IST

ഇടപ്പഴഞ്ഞിയിലെ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ പിടിയിൽ

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അടിമലത്തുറയിൽ വച്ചായിരുന്നു പ്രതികളെ പിടികൂടിയത്. സ്ഥലത്തെത്തിയ പോലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. വഴുതക്കാട് കേരള കഫേ ഉടമ ജസ്‌റ്റിൻ രാജാണ് കൊല്ലപ്പെട്ടത്.
Jul 08, 2025, 10:34 pm IST

ദേശീയ പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരുടെ പണിമുടക്ക് ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Jul 08, 2025, 10:04 pm IST

ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
Jul 08, 2025, 9:32 pm IST

ഒരു അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കാൻ ഒരുങ്ങി ഒരു സർക്കാർ സ്ഥാപനം. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്‌ എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇത്തരത്തിൽ ആരംഭിക്കുന്നത്. ജൂലൈ 10ന് വൈകുന്നേരം 6 മണിക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവാണ് ഷോറൂം ഉദ്‌ഘാടനം ചെയ്‌തത്.
Jul 08, 2025, 9:09 pm IST

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തമുണ്ടായി. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎൽ ഹൈടെൻഷൻ ലൈനിലാണ് പൊട്ടിത്തെറി. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുർഗന്ധവുമുയരുകയും ചെയ്യും. റിഫൈനറിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്യുകയുണ്ടായി.
Jul 08, 2025, 8:59 pm IST

തന്റെ ക്ഷണത്തിൽ അല്ല ജ്യോതി മൽഹോത്ര വന്നതെന്ന് വി മുരളീധരൻ

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര താൻ ക്ഷണിച്ചിട്ടല്ല വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ മുതിർന്ന ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാന സർക്കാരിന് രക്ഷപ്പെടാനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിലാക്കാൻ കഴിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Jul 08, 2025, 8:48 pm IST

കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ‌ ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തകർന്നുകിടക്കുന്ന ക്യാബിന്റെ ഉള്ളിലാലായാണ് മൃതദേഹം ഉള്ളത്. ക്യാബിന് ഉള്ളിൽ നിറയെ പാറക്കൂട്ടമാണ്. മോശം കാലാവസ്ഥയും അപകടഭീഷണിയും ഒക്കെ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു.
Jul 08, 2025, 8:21 pm IST

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസം എസ്എഫ്ഐ നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റെ റെഡ് വോളന്റിയര്‍മാരെ പോലെ അക്രമത്തിന് കേരള പോലീസും കൂട്ടുനിന്നു. വിവിധ ആവശ്യങ്ങൾക്ക് സർവകലാശാലകളിൽ എത്തിയ വിദ്യാർത്ഥികളെയും ജീവനക്കാരെയും സമരത്തിന്റെ മറവിൽ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Jul 08, 2025, 8:03 pm IST

യെമനിൽ ഗോത്ര സമുദായങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്; കെ ബാബു എംഎൽഎ

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വാർത്ത ഏറെ ദുഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും നെന്മാറ എംഎൽഎയുമായ കെ ബാബു. എംബസിയുടെ പ്രവർത്തനങ്ങൾ അവിടെ കാര്യമായി നടത്താറില്ല. കാരണം ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ ബാബു എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
Jul 08, 2025, 7:10 pm IST

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി ജോസ് കെ മാണി രംഗത്ത്. ഇടത് മുന്നണിയിലെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ജോസ് കെ മാണി പറഞ്ഞു.
Jul 08, 2025, 6:21 pm IST

കെഎസ്ആർടിസി യൂണിയനുകൾ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്‌താവന തള്ളി എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടിപി രാമകൃഷ്‌ണൻ രംഗത്ത്. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും നാളെ ആരെങ്കിലും കെഎസ്ആർടിസി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നുമായിരുന്നു ടിപിയുടെ വെല്ലുവിളി.
Jul 08, 2025, 5:47 pm IST

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്. യെമൻ ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടി. ഉത്തരവ് സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. നടപടി മോചനശ്രമങ്ങൾ തുടരുന്നതിനിടെ.
Jul 08, 2025, 5:19 pm IST

പണി മുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

നാളത്തെ ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവ്. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്ന് ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് കെഎസ്ആർടിസി മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്.
Jul 08, 2025, 4:55 pm IST

കേരളത്തിലെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന ആരോപണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ സർവകലാശാലയിലും തങ്ങളുടെ ശിങ്കിടികളെ തിരുകിക്കയറ്റി സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണർക്കെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Jul 08, 2025, 4:25 pm IST

നടൻ സൗബിൻ ഷാഹിർ അറസ്‌റ്റിൽ

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രമുഖ നടൻ സൗബിൻ ഷാഹിർ അറസ്‌റ്റിൽ. സൗബിന് പുറമേ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പോലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Jul 08, 2025, 3:50 pm IST

വിമാന ദുരന്തം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്ര വ്യോമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. 250-ലധികം പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
Jul 08, 2025, 2:48 pm IST

കേരള സർവ്വകലാശാല വിസിക്കെതിരെ മന്ത്രി ആർ ബിന്ദു

സർവകാലാശാലകളിൽ പഠനാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്, അത് തകർക്കാൻ വി സിമാർ ശ്രമിക്കരുതെന്ന് മന്ത്രി ആർ ബിന്ദു. യൂണിവേഴ്സിറ്റികൾ മതനിരപേക്ഷ ഇടങ്ങളാകണം, എന്നാലെ എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനാകൂ. താത്കാലിക വിസിയായ സിസ തോമസ് അല്പം സംയമനം പാലിക്കണം. സർവകലാശാല ചട്ടങ്ങൾ വായിച്ച് പഠിക്കാതെ ഓരോന്നിരുന്ന് കൽപ്പിക്കരുത്, ഇങ്ങനെയുള്ളവർക്ക് വിവാദങ്ങളിൽ അഭിരമിക്കാനാണ് താത്പര്യമെന്നും മന്ത്രി വിമർശിച്ചു.കേരള സർവകലാശാലയുടെ മുന്നേറ്റത്തിന്റെ പാതയിൽ വിസിമാർ വിലങ്ങുതടികളാകരുതെന്നും മന്ത്രി പറഞ്ഞു.
Jul 08, 2025, 2:08 pm IST

കേരള സർവ്വകലാശാലാ ആസ്ഥാനത്ത് പ്രതിഷേധം

കേരള സര്‍വകലാശാലയിൽ വിസിയെ ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തകർ. ഇന്ന് ഉച്ചയോടെയാണ് സംഭവം. സര്‍വകലാശാല ആസ്ഥാനം വളഞ്ഞ് പ്രവര്‍ത്തകര്‍ പോലീസ് തീർത്ത പ്രതിരോധം മറികടന്ന് വിസിയുടെ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേകറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. സർവ്വകലാശാലയിലെ കാവിവത്കരണം അനുവദിക്കില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ എത്തിയത്.
Jul 08, 2025, 1:40 pm IST

നവമിക്കും അലീനയ്ക്കും സഹായം ഉറപ്പാക്കും; മന്ത്രി വിഎൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിനേയും അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപോത്ത്കുന്നേൽ ഡി ബിന്ദുവിന്റെ മകൾ നവമിയെയും സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ.അദ്ദേഹം ഇരുവരുടെയും ബന്ധുക്കളുമായും സംസാരിച്ചു. സർക്കാർ ഒപ്പം തന്നെയുണ്ടാകുമെന്നും മന്ത്രി
Jul 08, 2025, 1:11 pm IST

ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘർഷം

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കണ്ണൂരും കോഴിക്കോടുമാണ് സംഘർഷം നടന്നത്. കണ്ണൂരിൽ ബാരിക്കേഡുകൾ മറികടക്കാൻ പ്രതിഷേധകർ ശ്രമിച്ചതോടെ പോലീസ് തടയുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തൿ പിൻമാറാൻ തയ്യാറായില്ല. ഒടുവിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരന്നു.
Jul 08, 2025, 12:54 pm IST

രക്ഷാദൗത്യം താൽകാലികമായി നിർത്തി

കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തി. അപകടം നടന്ന സ്ഥലത്ത് നിരവധി തവണ പാറയിടിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രെയിൻ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായില്ല. ആലപ്പുഴയിൽ നിന്ന് മറ്റൊരു ക്രെയിനും കരുനാഗപ്പള്ളിയിൽ നിന്ന് റോപ്പും എത്തിച്ച ശേഷം രക്ഷാപ്രവർത്തനം ആരംഭിക്കും. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പാറ ഇടിഞ്ഞു ഇന്നലെ രണ്ടുപേർ അപകടത്തിൽപെട്ടിരുന്നു.
Jul 08, 2025, 12:22 pm IST

നടി വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിക്കിടെ നടി വിൻസി അലോഷ്യസിനോട് പരസ്യമായി ഖേദം പ്രകടിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ. നടിയോട് തമാശയായിട്ടാണ് പലതും പറഞ്ഞതെന്നും തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു. അതേസമയം താൻ ആരാധിച്ചിരുന്ന ആളിൽ നിന്നുണ്ടായ മോശം വാക്കുകൾ വേദനിപ്പിച്ചതിനാലാണ് പരാതി നൽകിയതെന്ന് വിൻസിയും വ്യക്തമാക്കി. സൂത്രവാക്യം സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് നടൻ അനാവശ്യം പറഞ്ഞെന്നായിരുന്നു വിൻസിയുടെ പരാതി
Jul 08, 2025, 12:18 pm IST

ബിഹാർ വ്യവസായിയുടെ കൊല; പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

ബിഹാർ വ്യവസായി ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. വികാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളിലൊരാളായ ഉമേഷ് യാദവിനൊപ്പം ഉണ്ടായിരുന്നയാളാണ് വികാസ് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജൂലൈ 4-ന് രാത്രിയിൽ അതിസുരക്ഷാ മേഖലയായ ഗാന്ധി മൈതാൻ ഏരിയയിലെ വസതിക്ക് പുറത്ത് വെച്ചാണ് ബിജെപി നേതാവും വ്യവസായിയുമായ ഖേംക വെടിയേറ്റ് മരിച്ചത്. മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി ഖേംകയുടെ കാറിനടുത്തെത്തി വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. മഗധ് ഹോസ്പിറ്റലിന്റെയും നിരവധി പെട്രോൾ പമ്പുകളുടെയും ഉടമയായിരുന്നു ഖേംക
Jul 08, 2025, 11:59 am IST

റഷ്യൻ ഗതാഗത മന്ത്രി വെടിയേറ്റ് മരിച്ച നിലയിൽ

റഷ്യയുടെ മുൻ ഗതാഗത മന്ത്രിയും പ്രമുഖ നേതാവുമായ റോമൻ സ്റ്റാരോവോയിറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. 53 കാരനായ അദ്ദേഹത്തെ മോസ്കോയിലെ ഒഡിൻസോവോയിലാണ് കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയതെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. സംഭവസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും വക്താവ് വ്യക്തമാക്കി. പ്രാഥമിക തെളിവുകൾ ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതെന്നാണ് വിവരം.
Jul 08, 2025, 11:41 am IST

ക്രിക്കറ്റർ യഷ് ദയാലിനെതിരെ ലൈംഗികാതിക്രമ കേസ്

ഐപിഎൽ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസർ യഷ് ദയാലിനെതിരെ ലൈംഗികാതിക്രമ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതിപരിഹാര പോർട്ടലിലൂടെ ജൂൺ 21 നാണ് യുവതി പരാതി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷമായി ദയാലുമായി ബന്ധത്തിലാണെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണയായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും യുവതി പരാതിയിൽ പറഞ്ഞു. ദയാൽ തന്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി, മരുമകൾ ആയി അവർ അംഗീകരിക്കുമെന്ന് പറഞ്ഞു. ഇതെല്ലാം താൻ വിശ്വസിച്ചുപോയെന്നും യുവതി പരാതിയിൽ ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഇന്ദിരാപുരം പോലീസ് ദയാലിനെതിരെ കേസെടുത്തു.
Jul 08, 2025, 11:16 am IST

പയ്യനാമൺ പാറമട അപകടം: രക്ഷാപ്രവർത്തനം വൈകുന്നു

കോന്നി പയ്യനാമൺ പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം വൈകുന്നു. വീണ്ടും പാറകൾ ഇടിയാൻ തുടങ്ങിയതാണ് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നത്. ഇതോടെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ചതിന് ശേഷമാകും രക്ഷാപ്രവർത്തനം തുടരുക.
Jul 08, 2025, 10:19 am IST

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വംശജരായ നാലംഗ കുടുബത്തിന് ദാരുണാന്ത്യം

യുഎസിലെ അലബാമയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചെല്ലോട്ടി, മക്കളായ സിദ്ധാര്‍ഥ്, മരിഡ എന്നിവരാണ് മരിച്ചത്. അലബമായിലെ ഗ്രീന്‍ കൗണ്ടിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. എതിർദിശയിൽ വന്ന ട്രെക്ക് ഇവരുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+