Get Updates
Get notified of breaking news, exclusive insights, and must-see stories!

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി: ദേശീയ പണിമുടക്ക് കേരളത്തിൽ ജനജീവിതത്തെ ബാധിച്ചു

തിരുവനന്തപുരം: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് തുടരുന്നു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് രാജ്യ വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചത്.

കേരത്തില്‍ ബന്ദിന് സമാനമായ സാഹചര്യമാണുള്ളത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ആര്‍ടിസി ചില സര്‍വീസുകള്‍ നടത്താന്‍ ശ്രമമുണ്ടായെങ്കിലും തൊഴിലാളി യൂണിയനുകള്‍ തടഞ്ഞു. അതേസമയം മുംബൈ പോലെയുള്ള നഗരങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്.

live

അതേസമയം, കോന്നി പാറമട അപകടത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം. മരിച്ച തൊഴിലാളികള്‍ക്ക് പാറമട മുതലാളികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. സംസ്ഥാനത്ത് കാസര്‍കോട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

Jul 09, 2025, 10:54 pm IST

നിപ: കേന്ദ്രസംഘം മലപ്പുറത്ത്

നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി. സംഘം നിപ സാഹച്യങ്ങള്‍ പഠിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കുകയും ചെയ്യും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്റ് ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തിയിരിക്കുന്നത്.
Jul 09, 2025, 9:19 pm IST

മുങ്ങി മരിച്ചു

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കില്‍പ്പെട്ട ശിവാനി എന്ന 14 കാരി മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പെട്ട 18 കാരി ഐറിനും മരിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ കയത്തില്‍ വീണ് ഫൈസലെന്ന യുവാവും മുങ്ങി മരിച്ചു
Jul 09, 2025, 8:18 pm IST

നരേന്ദ്ര മോദിക്ക് നമീബിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി മോസ്റ്റ് ഏന്‍ഷ്യന്റ് വെല്‍വിച്ചിയ മിറാബിലിസ് സ്വീകരിച്ചു. നമീബിയന്‍ പ്രസിഡന്റ് ഡോ. നെതുംബോ നന്ദി-ന്‍ഡൈത്വയില്‍ നിന്നാണ് മോദി ആദരം ഏറ്റുവാങ്ങിയത്.
Jul 09, 2025, 7:22 pm IST

ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ട് മണിക്കൂറില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്. കിഴക്കോട്ട് നീങ്ങുന്ന മേഘക്കൂട്ടങ്ങള്‍ മിക്ക സ്ഥലങ്ങളിലും മിതമായ മഴയ്ക്ക് കാരണമാകും. അടുത്ത 2 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. ഡല്‍ഹിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇതിനകം നേരിയതോ മിതമായതോ ആയ മഴ പെയ്യുന്നുണ്ട്, കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Jul 09, 2025, 7:11 pm IST

കീമില്‍ അപ്പീല്‍

കീ ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ വേണം എന്നാവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
Jul 09, 2025, 6:27 pm IST

ചമ്പക്കുളം മൂലം വള്ളംകളി

ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചെറുതന വള്ളം ജേതാക്കള്‍. പിബിസിയാണ് ചെറുതന വള്ളം തുഴഞ്ഞത്
Jul 09, 2025, 5:54 pm IST

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പത്തനംതിട്ട ഓമല്ലൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വീട്ടില്‍ കയറിയാണ് സിപിഎമ്മുകാരെ വെട്ടിയത്. രണ്ട് ബിജെപി പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രിയിലാണ്. പരസ്പരം ആരോപണവുമായി ബിജെപിയും സിപിഎമ്മും.
Jul 09, 2025, 5:46 pm IST

നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

മലപ്പുറം കോട്ടയ്ക്കലില്‍ നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. ഇതിനു പിന്നാലെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്നാണ് നിര്‍ദേശം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Jul 09, 2025, 4:36 pm IST

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജസ്ഥാനില്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. രത്തന്‍ഗഡിലെ ഭാനുദ ഗ്രാമത്തില്‍ വയലിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്ന് ഗ്രാമീണര്‍ പറയുന്നു. പതിവ് പരിശീലന പറക്കലായിരുന്നു യുദ്ധവിമാനം.
Jul 09, 2025, 3:24 pm IST

വി ജാനകി എന്നു പേരു മാറ്റാമെന്ന് കോടതിയില്‍ സമ്മതിച്ച് നിര്‍മാതാക്കള്‍

ജാനകി വിവാദത്തില്‍ സിനിമയുടെ പേരു മാറ്റാന്‍ ഹൈക്കോടതിയില്‍ സമ്മതിച്ച് നിര്‍മാതാക്കള്‍. ജെഎസ്‌കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നു മാറ്റാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. എഡിറ്റ് ചെയ്ത് വീണ്ടും സമര്‍പ്പിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
Jul 09, 2025, 2:19 pm IST

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമം

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി ഒരാഴ്ച്ച സമയം മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും യമന്‍ കുടുംബം സ്വീകരിക്കുന്ന നിലപാടിലാണ് കേരളം ഉറ്റുനോക്കുന്നത്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.
Jul 09, 2025, 1:06 pm IST

പണിമുടക്കില്‍ കാറുപേക്ഷിച്ച് സിപിഎം ഓഫിസിലേക്കു നടന്ന് മന്ത്രി ശിവന്‍കുട്ടി

പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ നിന്ന് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്നെത്തി. സമരത്തിന് അനുകൂല നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നതും ആറു മാസം മുന്‍പ് പ്രഖ്യാപിച്ച സമരമാണിതെന്നും ശിവന്‍കുട്ടി പറഞ്ഞു.
Jul 09, 2025, 12:54 pm IST

ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; അടിയന്തര ലാന്‍ഡിങ്

175 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉടനെ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പട്‌നയിലെ ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഇന്ന് രാവിലെ 8.42 നായിരുന്നു സംഭവം. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. പരിശോധനയില്‍ റണ്‍വേയില്‍ ചത്ത നിലയില്‍ പക്ഷിയെ കണ്ടെത്തി. യാത്രക്കാര്‍ സുരക്ഷിതരാണ്.
Jul 09, 2025, 12:14 pm IST

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി

വെയ്‌റ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കീം പരീക്ഷാഫലം റദ്ദാക്കി. കീമിന്റെ പ്രോസ്‌പെക്ടസില്‍ അടക്കം മാറ്റം വരുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. സര്‍ക്കാരിന് വലിയ തിരിച്ചടിയായി ഹൈക്കോടതി നടപടി. ഈ മാസം ഒന്നിനാണ് കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്. പരീക്ഷ നടത്തിയതിന് ശേഷമായിരുന്നു വെയ്‌റ്റേജില്‍ മാറ്റം വരുത്തിയത്. മാറ്റം പ്രോസ്‌പെക്ടസില്‍ ഉള്‍പെടുത്തണമായിരുന്നു എന്നും പരീക്ഷ നടത്തിയതിന് ശേഷം മാറ്റം പാടില്ലായിരുന്നു എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് ഡികെ സിങ്ങിന്റെ ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
Jul 09, 2025, 12:02 pm IST

ജാനകി, വി ജാനകി ആക്കിയാല്‍ പ്രദര്‍ശനാനുമതി നല്‍കും; ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ്

കഥാപാത്രത്തിന്റെ പേരിലൂടെ വിവാദമായ ജെഎസ്‌കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താമെങ്കില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കാമെന്ന് ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ്. കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേര്‍ത്ത് സിനിമയുടെ പേര് വി ജാനകി എന്നോ ജാനകി വി എന്നോ ആക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. നേരത്തെ 96 മാറ്റങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാന്‍ ജസ്റ്റിസ് നഗരേഷ് സിനിമയുടെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചു.
Jul 09, 2025, 10:51 am IST

ഗുജറാത്തില്‍ പാലം നദിയിലേക്കു തകര്‍ന്ന് രണ്ടു മരണം

ഗുജറാത്തിലെ വഡോദരയില്‍ നദിയിലേക്കു പാലം തകര്‍ന്ന് രണ്ടു മരണം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകര്‍ന്നു വീണത്. മഹിസാഗര്‍ നദിയിലേക്കാണ് പാലം തകര്‍ന്നു വീണത്. പാലത്തിലുണ്ടായിരുന്ന രണ്ട് ട്രക്കുകള്‍ ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ നദിയിലേക്കു വീണു. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. 30 വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണ് തകര്‍ന്നത്.
Jul 09, 2025, 9:56 am IST

മെട്രോ നഗരങ്ങള്‍ സാധാരണ നിലയില്‍; ബംഗാളില്‍ സര്‍ക്കാര്‍ സര്‍വീസുകളെ ബാധിച്ചു

ദില്ലി, മുംബൈ ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ കാര്യമായി ബാധിക്കാതെ പൊതു പണിമുടക്ക്. ജനജീവിതം ഇവിടെ സാധാരണ നിലയിലാണ്. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചു. ബിഹാറില്‍ വന്ദേഭാരത് ട്രെയിന്‍ തടഞ്ഞ് സമരക്കാര്‍. ജഹനാബാദില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. ദേശീയപാതയും സമരക്കാര്‍ ഉപരോധിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ മുടങ്ങി.
Jul 09, 2025, 9:50 am IST

സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു; ബസുകള്‍ വ്യാപകമായി തടഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചു. പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്തും തൃശൂരും മലപ്പുറത്തും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ആലപ്പുഴയില്‍ ജലഗതാഗത ബോട്ടുകളും തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുമെന്ന ഗതാഗത മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും എത്തിയവര്‍ നിരാശരായി. ഇടുക്കിയിലും കെഎസ്ആര്‍ടിസി സര്‍വീസ് ഭാഗികമാണ്.
Jul 09, 2025, 9:36 am IST

77 ലക്ഷം രൂപയുടെ തട്ടിപ്പ്; ആലിയ ഭട്ടിന്റെ സഹായി അറസ്റ്റില്‍

നടി ആലിയ ഭട്ടിന്റെ പരാതിയില്‍ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടിയെ വഞ്ചനാക്കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും അവരുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 77 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്.
Jul 09, 2025, 8:55 am IST

പത്തനാപുരത്തും കെഎസ്ആര്‍ടിസി തടഞ്ഞു

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നാടായ പത്തനാപുരത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല. കെഎസ്ആര്‍ടിസി പണിമുടക്കില്ലെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം നടപ്പായില്ല. ജോലിക്കെത്തിയവരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കം. പത്തനാപുരത്ത് ബസ് തടഞ്ഞു.
Jul 09, 2025, 8:09 am IST

ടെക്‌സാസില്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 110 ആയി ഉയര്‍ന്നു

അമേരിക്കയിലെ ടെക്‌സാസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ മരണസംഖ്യ 110. ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടാണ് ഔദ്യോഗികമായി മരണസംഖ്യ അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ കാണാതായ 160 ലധികം പേര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച്ച ടെക്‌സാസ് സന്ദര്‍ശിക്കും.
Jul 09, 2025, 7:33 am IST

മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയാണ് ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദി സതേണ്‍ ക്രോസ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള വേദികളില്‍ ഇന്ത്യ-ബ്രസീല്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും മോദി നല്‍കിയ സംഭാവനകളെ മാനിച്ചാണ് ബഹുമതി.
Jul 09, 2025, 7:25 am IST

കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു

കൊച്ചി, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ജീവനക്കാര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടു. യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡുകളില്‍ കാത്തുനില്‍ക്കുന്നു
Jul 09, 2025, 7:14 am IST

'ജാനകി' വിവാദം; ഹര്‍ജി ഇന്ന് പരിഗണിക്കും

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിധി പറയാന്‍ വേണ്ടി കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് കഴിഞ്ഞ ദിവസം സിനിമ കണ്ടിരുന്നു.
Jul 09, 2025, 6:55 am IST

യുക്രൈന്‍ പ്രസിഡന്റ് ഇന്ന് ഇറ്റലിയില്‍

യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഇന്ന് ഇറ്റലി സന്ദര്‍ശിക്കും. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി റോമില്‍ കൂടിക്കാഴ്ച്ച നടത്തും. യുക്രൈന്റെ വീണ്ടെടുക്കലിനും പ്രതിരോധ ശ്രമങ്ങള്‍ക്കും ആവശ്യമായ പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+