സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി വീണ്ടും മികച്ച നടന്‍, മികച്ച നടി ഷംല ഹംസ: ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം - വീണ്ടും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണയും അവാർഡ് എത്തിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടുന്നത്. ആദ്യ ചിത്രമായ ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള അവാർഡ് നേടി.
ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മഞ്ഞുമ്മൽ ബോയ്സിലൂടെ തന്നെ മികച്ച സംവിധായകനുള്ള പുരസ്കാരവും ചിദംബരം നേടി. മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം 'പ്രേമലു' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടി, ഷംല ഹംസ, സംവിധായകൻ ചിദംബരം, ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെ പേരെടുത്ത് പറഞ്ഞു കൊണ്ട് മോഹൻലാൽ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.
തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ 19 വയസുകാരിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തിട്ടില്ല. ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നൽകുന്നത്. കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സർജിക്കൽ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോൾ ഉള്ളതെന്നും വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നാളെ മുതൽ ആരംഭിക്കും. ബിഎൽഒമാർക്ക് പൂർണ സമയം എസ്ഐആർ ഡ്യൂട്ടിയായിരിക്കും. ഒരു മാസം ഇതിനായി ഡ്യൂട്ടി ഓഫ് അനുവദിക്കും. നാളെ മുതൽ ബിഎൽഒമാർ വീടുകളിൽ എത്തും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രക്തൻ ഖേൽക്കർ വിളിച്ചു ചേർത്ത തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ യോഗത്തിൽ സിപിഐഎം പ്രതിനിധികൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കുന്നത് അസമയത്താണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം ചെറുക്കുന്നതിനായി സ്വന്തം നിലയില്‍ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കി തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്ത്. 710 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രദേശവാസികളായ 16 പേരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. പ്രത്യേകം അഭിമുഖം നടത്തി തിരഞ്ഞെടുത്ത ഇവർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് നിയമനം നടത്തിയത്. സേനാംഗങ്ങൾക്ക് ആവശ്യമായ യൂണിഫോം, ടോര്‍ച്ച്, വാഹനം എന്നിവ പഞ്ചായത്ത് തന്നെ നൽകും.
തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഇടുക്കി സബ് കലക്‌ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ ക്രമക്കേടുകൾ. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെയാണ് പരിശോധന നടത്തിയത്. സാധുവായ പാസില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന നിരവധി ലോറികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി രാജ്ഭവൻ രംഗത്ത്. നിയമനത്തിൽ രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണഗതിയിൽ സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവ്വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിൽ കൂടിയാണ് ചാൻസലറുടെ നടപടി. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് റിപ്പോർട്ട് തേടി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദ്ദേശം. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഷാഫിപറമ്പിലിന്റെയും, കൊടിക്കുന്നിൽസുരേഷ് എംപിയുടെയും പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിൻ്റെ നടപടി.
കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്‌ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറഞ്ഞത്. മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ വ്യക്തമാക്കി.
ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി കെസി വേണുഗോപാല്‍ എംപി. വര്‍ക്കലയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയിലായിരുന്ന അക്രമി യുവതിയെ ചവിട്ടി ട്രാക്കിലേക്കിട്ട സംഭവം സ്ത്രീ യാത്രക്കാര്‍ നേരിടുന്ന വെല്ലുവിളി തുറന്ന് കാട്ടുന്നതാണെന്ന് അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി. 2023-24 കാലഘട്ടത്തില്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് റെയില്‍വെയ്ക്ക് ലഭിച്ച പരാതികള്‍ 4.57 ലക്ഷം ആയിരുന്നെങ്കില്‍ 2024-25 ലത് 7.5 ലക്ഷമാണെന്നും ഈ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ദേശീയ അവാർഡിനെ പരിഹസിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ പ്രകാശ് രാജ്. ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി യുവതാരങ്ങൾക്ക് കൂടി പ്രചോദനമാണ്. മമ്മൂക്ക ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിൽ. അഭിനയിക്കുകയല്ല അദ്ദേഹത്തിന്റെ ഭാവങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രകാശ് രാജ് പറഞ്ഞു. വേടൻ യുവതലമുറയുടെ ശബ്‌ദമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചുവെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ എസ്ഐടി വ്യക്തമാക്കുന്നു.
പുരസ്‌കാര നേട്ടത്തിന് പിന്നാലെ എല്ലാവർക്കും നന്ദി അറിയിച്ചു മമ്മൂട്ടി. അവാർഡ് നേടിയ എല്ലാവർക്കും അഭനന്ദനങ്ങൾ അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. എല്ലാം സംഭവിച്ചു പോകുന്നതാണെന്ന് അദേഹം പറഞ്ഞു. കഥയും കഥാപാത്രവും വ്യത്യസ്‌തമായതുകൊണ്ടാണ് ഭ്രമയുഗത്തിലേക്കെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഇതൊരു മത്സരമെന്ന് പറയാന്‍ കഴിയില്ല. ഇതും ഒരു യാത്രയാണ്, കൂടെ നടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും. അവരെയും നമ്മുടെ ഒപ്പം കൂട്ടിയെന്ന് കരുതിയാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി യുവ സംവിധായിക ശ്രുതി ശരണ്യം. സ്വതന്ത്ര സിനിമകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന വിമര്‍ശനമാണ് ശ്രുതി ശരണ്യത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. ദേശീയപുരസ്‌കാരങ്ങളില്‍ നിലവില്‍ വിശ്വാസം ഇല്ലെന്നിരിക്കെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്ര ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നുവെന്ന് അവര്‍ കുറിച്ചു.
മമ്മൂട്ടിക്കൊപ്പമുളള നോമിനേഷൻ തന്നെ വലിയ സന്തോഷമാണെന്ന് ആസിഫ് അലി. പുരസ്‌കാരം മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധൈര്യം നൽകുന്നതാണ്. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി സംസ്ഥാന അവാർഡ് കിട്ടിയതിന് പിന്നാലെ പ്രതികരിച്ചു.
മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിൽ വന്നത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണെന്നും ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്‌റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി പറഞ്ഞു.
READ MORE












Click it and Unblock the Notifications